- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞുങ്ങളെത്തേടി മാതാപിതാക്കളുടെ അലമുറ; കൊല്ലപ്പെട്ടവർ ആരൊക്കെയെന്നുപോലും അറിയാതെ നിലവിളി; ചിതറിത്തെറിച്ച് ശരീരഭാഗങ്ങൾ പെറുക്കിക്കൂട്ടി പൊലീസ്
അതുവരെ പാട്ടും ആട്ടവുമായി ഉല്ലാസഭരിതമായിരുന്ന മാഞ്ചസ്റ്റർ അരീന ഒരുനിമിഷംകൊണ്ടാണ് ശവപ്പറമ്പായി മാറിയത്. അമേരിക്കൻ പോപ്പ് ഗായിക അരിയാന ഗ്രൻഡെ തന്റെ പരിപാടി അവസാനിപ്പിച്ച് നിമിഷങ്ങൾക്കുള്ളിൽ മാഞ്ചസ്റ്റർ അരീനയെ നടുക്കി സ്‌ഫോടനമുണ്ടായി. പരിപാടി കാണാനെത്തിയവർ, സുരക്ഷിത സ്ഥാനം തേടിയുള്ള പരക്കം പാച്ചിലിലായിരുന്നു പിന്നീട്. മാഞ്ചസ്റ്റർ അരീനയിൽ 19 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിനുശേഷം ഉയർന്നത് നിലയ്ക്കാത്ത അലമുറകൾ. ഒപ്പമുണ്ടായിരുന്ന കുഞ്ഞുങ്ങളെത്തേടി മാതാപിതാക്കൾ. തിക്കിലും തിരക്കിലും പെട്ട് വീണുപോയവരുടെ മുകളിലൂടെ പുറത്തേയ്ക്ക് ഓടിരക്ഷപ്പെടുന്നവർ. പലരുടെയും ശരീരം രക്തത്തിൽ കുളിച്ചിരുന്നു. സ്‌ഫോടനത്തിൽ ചിതറിത്തെറിച്ച ശരീരഭാഗങ്ങളുടെ കാഴ്ച പലരുടെയും ബോധംകെടുത്തി. സംഗീതപരിപാടിക്കെത്തിയ കുട്ടികളെ കൊണ്ടുപോകാൻ സ്‌റ്റേഡിയത്തിന് പുറത്തുകാത്തുനിന്നിരുന്ന രക്ഷിതാക്കളും പൊടുന്നനെ പരിഭ്രാന്തിയിലായി. കുട്ടികളെ കണ്ടെത്താനാവാതെ പലരും പരക്കം പായുന്നുണ്ടായിരുന്നു. മരിച്ചവർ ആരൊക്കെയെന്ന് വ്യക്തമാകാത്തതിനാൽ, ഇനി
അതുവരെ പാട്ടും ആട്ടവുമായി ഉല്ലാസഭരിതമായിരുന്ന മാഞ്ചസ്റ്റർ അരീന ഒരുനിമിഷംകൊണ്ടാണ് ശവപ്പറമ്പായി മാറിയത്. അമേരിക്കൻ പോപ്പ് ഗായിക അരിയാന ഗ്രൻഡെ തന്റെ പരിപാടി അവസാനിപ്പിച്ച് നിമിഷങ്ങൾക്കുള്ളിൽ മാഞ്ചസ്റ്റർ അരീനയെ നടുക്കി സ്‌ഫോടനമുണ്ടായി. പരിപാടി കാണാനെത്തിയവർ, സുരക്ഷിത സ്ഥാനം തേടിയുള്ള പരക്കം പാച്ചിലിലായിരുന്നു പിന്നീട്.
മാഞ്ചസ്റ്റർ അരീനയിൽ 19 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിനുശേഷം ഉയർന്നത് നിലയ്ക്കാത്ത അലമുറകൾ. ഒപ്പമുണ്ടായിരുന്ന കുഞ്ഞുങ്ങളെത്തേടി മാതാപിതാക്കൾ. തിക്കിലും തിരക്കിലും പെട്ട് വീണുപോയവരുടെ മുകളിലൂടെ പുറത്തേയ്ക്ക് ഓടിരക്ഷപ്പെടുന്നവർ. പലരുടെയും ശരീരം രക്തത്തിൽ കുളിച്ചിരുന്നു. സ്‌ഫോടനത്തിൽ ചിതറിത്തെറിച്ച ശരീരഭാഗങ്ങളുടെ കാഴ്ച പലരുടെയും ബോധംകെടുത്തി.
സംഗീതപരിപാടിക്കെത്തിയ കുട്ടികളെ കൊണ്ടുപോകാൻ സ്‌റ്റേഡിയത്തിന് പുറത്തുകാത്തുനിന്നിരുന്ന രക്ഷിതാക്കളും പൊടുന്നനെ പരിഭ്രാന്തിയിലായി. കുട്ടികളെ കണ്ടെത്താനാവാതെ പലരും പരക്കം പായുന്നുണ്ടായിരുന്നു. മരിച്ചവർ ആരൊക്കെയെന്ന് വ്യക്തമാകാത്തതിനാൽ, ഇനിയും ആശയക്കുഴപ്പം അവസാനിച്ചിട്ടില്ല. സ്‌ഫോടനമുണ്ടായി ചുരുങ്ങിയ സമയത്തിനുള്ളിൽ സായുധ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചില്ലായിരുന്നുവെങ്കിൽ മരണസംഖ്യ ഇനിയുമേറുമായിരുന്നു.
21,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയമാണ് മാഞ്ചസ്റ്റർ അരീന. പുറത്തേയ്ക്ക് പോകാൻ സുരക്ഷിത മാർഗങ്ങളേറെയുണ്ടെങ്കിലും സ്‌ഫോടനമുണ്ടാക്കിയ പരിഭ്രാന്തിയും തിക്കും തിരക്കും പലരുടെയും വഴിമുടക്കി. 15 മിനിറ്റോളമെടുത്താണ് പലരും പുറത്തെത്തിയത്. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റവരും പരിക്ഷീണിതരായവരുമായിരുന്നു എല്ലാവരും.
തുടർച്ചയായി സ്‌ഫോടനങ്ങളുണ്ടാകുമെന്ന ആശങ്കയിലായിരുന്നു എല്ലാവരും. അതുകൊണ്ട് എത്രയും വേഗം പുറത്തേക്കോടി രക്ഷപ്പെടാനായിരുന്നു അവരുടെ ശ്രമം. തൊട്ടടുത്തുള്ള വിക്ടോറിയ സ്‌റ്റേഷനിൽനിന്ന് ആളുകളെ ഒഴിപ്പിച്ച പൊലീസ്, കൂടുതൽ അനിഷ്ടസംഭവങ്ങളുണ്ടാകാതെ ജാഗ്രത കാട്ടി. ഇതുവഴിയുള്ള ട്രെയിൻ ഗതാതവും നിർത്തിവെച്ചു.