ലണ്ടൻ: തിങ്കളാഴ്ച മാഞ്ചസ്റ്റർ അരീനയിലുണ്ടായ കൂട്ടക്കുരുതിയെ തുടർന്ന് രാജ്യമെങ്ങും കനത്ത അനിശ്ചിതത്വവും ആശങ്കയുമാണ് നിലനിൽക്കുന്നതെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാഞ്ചസ്റ്ററിൽ ആത്മഹത്യാബോംബായി പൊട്ടിത്തെറിച്ച് 22 പേരെ വധിക്കുകയും നിരവധി പേർക്ക് പരുക്കേൽപ്പിക്കുകയും ചെയ്ത സൽമാൻ അബേദിയുടെ വീട്ടിൽ പൊലീസ് നടത്തിയ തെരച്ചിലിൽ കൂറ്റൻ സ്‌ഫോടക ശേഖരമാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാൾ വേറെയും ബോംബുകൾ ഉണ്ടാക്കി കൈമാറിയിട്ടുള്ളതായ പൊലീസ് ആശങ്കപ്പെടുന്നു. ഇതിനെ തുടർന്ന് രാജ്യമെങ്ങും റെയ്ഡുകൾ തുടരുന്നുമുണ്ട്. മറ്റൊരു ആക്രമണ ഉടൻ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് സുരക്ഷാവൃത്തങ്ങൾ ഉയർത്തുന്നത്.

രാജ്യമെങ്ങുമുള്ള ജിഹാദി നെറ്റ് വർക്കുകളെ കണ്ടെത്താനായി പൊലീസ് രാജ്യവ്യാപകമായി സൂക്ഷ്മപരിശോധനകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ അബേദി നിർമ്മിച്ച് നൽകിയ ബോംബുകൾ ഉപയോഗിച്ച് ജിഹാദികൾ രാജ്യത്തെവിടെയും രണ്ടാമതൊരു ആക്രമണം ഏത് നിമിഷവും നടത്താമെന്ന മുന്നറിയിപ്പ് സുരക്ഷാ ഏജൻസികൾക്കും പൊലീസിനും കടുത്ത തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. അബേദിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്നും സ്‌ഫോടനമുണ്ടാക്കുന്ന രാസവസ്തുക്കളുടെ വൻ ശേഖരവും ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവ ഉപയോഗിച്ച് അബേദി മറ്റ് ബ്രിട്ടീഷ് ജിഹാദികൾക്കും സ്‌ഫോടകവസ്തുക്കൾ നിർമ്മിച്ച് നൽകിയിരിക്കാമെന്നാണ് പൊലീസ് അനുമാനിക്കുന്നത്.

ഇത്തരം ബോംബുകൾ നിർമ്മിക്കുന്നതിന് പുറകിൽ പ്രവർത്തിച്ചത് മറ്റൊരാളാകാമെന്നും അയാൾ വിദേശത്തേക്ക് കടന്നിരിക്കാമെന്നുമുള്ളതിന്റെ സാധ്യതകളും സെക്യൂരിറ്റി ഒഫീഷ്യലുകൾ തേടുന്നുണ്ട്. എന്നാൽ അബേദി മാഞ്ചസ്റ്ററിൽ സ്വയം ചിന്നിച്ചിതറാൻ ഉപയോഗിച്ച് ബോംബ് അയാൾ തന്നെ നിർമ്മിച്ചതാവാമെന്നാണ് പൊലീസ് കണക്ക് കൂട്ടുന്നത്. അബേദി മാഞ്ചസ്റ്ററിൽ ചുരുങ്ങിയത് ഒരു കൂട്ടാളിയോടൊപ്പമായിരിക്കാം വന്നതെന്നും അബേദിയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് അയാൾ അല്ലെങ്കിൽ അവർ നിലകൊണ്ടിരിക്കാമെന്നും പൊലീസ് ഊഹിക്കുന്നു.

മാഞ്ചസ്റ്ററിലെ അവശിഷ്ടങ്ങളിൽ നിന്നുള്ള നിർണായകമായ ഫോട്ടോഗ്രാഫുകൾ യുഎസ് മാധ്യമത്തിലൂടെ ചോർന്നിരുന്നു. ഇതനുസരിച്ച് ഇവിടെ നിന്നും സ്‌ഫോടകവസ്തുക്കളടങ്ങിയ ഒരു റിമോട്ട് മൊബൈൽ ഫോൺ ഡിറ്റനേറ്റർ കണ്ടെത്തിയിരുന്നു. മറ്റൊരാൾക്ക് നിയന്ത്രിക്കാൻ സാധിക്കുന്നതാണിത്. അബേദി അവസാന നിമിഷം ആക്രമണത്തിൽ നിന്നും പിന്മാറിയാൽ മറ്റേയാൾക്ക് റിമോട്ടിനാൽ അകലെ നിന്നും ഇത് പൊട്ടിക്കാൻ സാധിക്കുമായിരുന്നുവെന്നും ഈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. ഇയാൾ അബേദിയുടെ ഓരോ ചലനങ്ങളും നിരീക്ഷിച്ച് കൊണ്ട് സുരക്ഷിതമായ സ്ഥലത്താണ് നിലകൊണ്ടിരുന്നതെന്നും ഊഹാപോഹങ്ങളുണ്ട്.

മാഞ്ചസ്റ്ററിലെ ബോംബിൽ ഉപയോഗിച്ചിരിക്കുന്ന സ്‌ഫോടവസ്തു പാരീസിലും ബ്രസൽസിലും ഉപയോഗിച്ച അതേ സ്‌ഫോടകവസ്തുവാണെന്നാണ് ഒരു യുഎസ് ലോ മെയ്‌ക്കർ പറയുന്നത്. അതിനാൽ ഒരേ തീവ്രവാദ ശൃംഖലയായിരിക്കാം ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം പറയുന്നു. മാഞ്ചസ്റ്റർ കൂട്ടക്കൊലയ്ക്ക് ശേഷം ഇതുവരെയായി എട്ട് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിഗാനിലെ ഒരു വീട്ടിൽ സംശയകരമായ സാഹചര്യത്തിൽ ചില സാധനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ വൈകുന്നേരം ഒരു ബോംബ് ഡിസ്‌പോസൽ ടീമിനെ വിളിച്ച് വരുത്തിയിരുന്നു. ഇതിന് പുറമെ രാജ്യമെങ്ങും കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏത് സാഹചര്യത്തെയും നേരിടാൻ ഏർപ്പെടുത്തിയിരിക്കുന്നത്.