മാഞ്ചസ്റ്റർ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടവരോടും പരുക്കേറ്റവരോടും അനുഭാവം പ്രകടിപ്പിച്ച് കൊണ്ടുള്ള സംഗീത പരിപാടി ജൂൺ നാലിന് എമിറേറ്റ്സ് ഓൾഡ് ട്രാഫോർഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും. ഇരകൾക്ക് ധനസഹായം ലഭ്യമാക്കാനും ലക്ഷ്യമിട്ട് കൊണ്ടുള്ള ഈ കാൻസർട്ടിൽ സുപ്രസിദ്ധ അമേരിക്കൻ ഗായികയും നടിയുമായ അരിയാന ഗ്രാന്റെ പങ്കെടുക്കുന്നതാണ്. ഇതിന് പുറമെ മറ്റൊരു അമേരിക്കൻ ഗായികമാരും അഭിനേത്രിമാരുമായ മിലി സൈറസ്, കാറ്റി പെറി എന്നിവരടക്കമുള്ള നിരവധി പേരും പങ്കെടുക്കുന്നതാണ്. ലോകമാകമാനം നിരവധി ആരാധകരുള്ള 23 കാരി അരിയാന മാഞ്ചസ്റ്ററിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടിയെത്തുന്നത് ഇപ്പോൾ തന്നെ മാധ്യമങ്ങൾ സംഭവമാക്കിയിരിക്കുകയാണ്. ഈ സംഗീതപരിപാടിയിൽ നിന്നും ലഭിക്കുന്ന തുകയിൽ നിന്നും ഒറ്റപൗണ്ടും വാങ്ങാതെ താരങ്ങൾ ഇത് മുഴുവൻ ദുരിതബാധിതർക്ക് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.

മാഞ്ചസ്റ്റർ അരീനയിൽ മെയ് 22ന് അരിയാന ഗ്രാന്റെ തന്റെ പെർഫോമൻസ് പൂർത്തിയാക്കി അൽപം കഴിഞ്ഞയുടനായിരുന്നു സൽമാൻ അബേദിയെന്ന ഭീകരർ ചാവേർ ബോംബായി പൊട്ടിത്തെറിച്ച് ദുരന്തം വിതച്ചത്. ഇതിൽ 22 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഈ ആക്രമണം ബാധിച്ചവരെ കാണാൻ താൻ വീണ്ടും മാഞ്ചസ്റ്ററിലേക്ക് വരുന്ന കാര്യം അരിയാന സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മൂന്ന് താരങ്ങൾക്ക് പുറമെ ഈ സംഗീത പരിപാടിയിൽ ജസ്റ്റിൻ ബീബർ, ഫാരെൽ വില്യംസം, ഉഷെർ, മുൻ വൺ ഡയറക്ഷൻ താരമായ നിയാൽ ഹോരൻ തുടങ്ങിയ താരങ്ങളും പ്രമുഖ ബ്രിട്ടീഷ് ബാന്റായ കോൾഡ് പ്ലേയിലെ താരങ്ങളും അണിനിരക്കുന്നതാണ്.

മാഞ്ചസ്റ്റർ ആക്രമണത്തിന് ശേഷം യുകെയ്ക്ക് നേരെയുള്ള ഭീകരാക്രമണ ഭീഷണി പെരുകിയതിനെ തുടർന്ന് കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾക്ക് കീഴിലായിരിക്കും ജൂൺ നാലിലെ പരിപാടി അരങ്ങേറുന്നത്. ഇവിടേക്ക് പ്രവേശിക്കാനെത്തുന്നവർ സുരക്ഷാ പരിശോധനക്ക് വിധേയരാകാനായി ദീർഘനേരം കാത്ത് നിൽക്കേണ്ടി വരുമെന്നും സൂചനയുണ്ട്. ഇതിനായി അത്യന്താധുനിക മാർഗങ്ങളെല്ലാം പ്രയോജനപ്പെടുത്തുന്നതാണ്. മാഞ്ചസ്റ്റർ ആക്രമണത്തിന് ശേഷം ഏതാണ്ട് രണ്ടാഴ്ചക്ക് ശേഷം ഇവിടേക്ക് തിരിച്ചെത്തുന്ന അരിയാനെ ഇരകൾക്ക് നല്ലൊരു തുക ഈ പരിപാടിയിലൂടെ പിരിച്ചെടുക്കാൻ സഹായിക്കുമെന്ന പ്രതീക്ഷ ശക്തമാണ്.

ഈ ഷോയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം വി ലൗ മാഞ്ചസ്റ്റർ എമർജൻസി ഫണ്ട് വഴിയായിരിക്കും നിർവഹിക്കപ്പെടുന്നത്. ദുരന്തം നടന്ന ശേഷം ഇരകളെ സഹായിക്കുന്നതിനായി മാഞ്ചസ്റ്റർ സിറ്റി കൗൺസിലും ബ്രിട്ടീഷ് റെഡ് ക്രോസും ചേർന്നാണിതിന് രൂപം കൊടുത്തിരിക്കുന്നത്. ജൂൺ നാലിന്റെ പരിപാടി സ്ഥിരീകരിച്ച് അരിയാനെ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ പോസ്റ്ററുകൾ ഷെയർ ചെയ്തിട്ടുണ്ട്. ഇത്തരം ഭീകരാക്രമണങ്ങൾക്കെതിരെ ഒന്നിച്ച് നിൽക്കണമെന്ന് ജനങ്ങളോട് അരിയാനെ ആഹ്വാനം ചെയ്തിരുന്നു. ആക്രമത്തിലെ ഇരകളോട് അനുഭാവം പ്രകടിപ്പിച്ച് അരിയാനെ തന്റെ ഇൻസ്റ്റാഗ്രാമിൽ വൈകാരികമായ ഒരു മെസേജ് പോസ്റ്റ് ചെയ്തിരുന്നു.ആക്രമണത്തിന് ശേഷം ഹൃദയം പൊട്ടുന്ന വേദനയോടയാണ് ഈ ഗായിക ബ്രിട്ടനിൽ നിന്നും യുഎസിലേക്ക് പറന്നതെന്നും റിപ്പോർട്ടുണ്ടായിരുന്നു.