തിരുവനന്തപുരം: കണ്ണൂർ ഇരിട്ടിയിൽ സ്റ്റീൽ ബോംബ് പൊട്ടി അസം സ്വദേശികൾ കൊല്ലപ്പെട്ടതിനെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്‌പോര്. അന്വേഷണം നടക്കുന്നു എന്ന് പറയുകയല്ലാതെ ആര് ആർക്ക് വേണ്ടിയാണ് ബോംബ് നിർമ്മിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ സണ്ണി ജോസഫ് പറഞ്ഞു.

ബോംബ് നിർമ്മാണങ്ങൾ സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടാണെന്ന് സിപിഎം കേന്ദ്രങ്ങളിലുണ്ടായ സ്‌ഫോടനങ്ങളെ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വർഗീയ ശക്തികളെക്കുറിച്ച് ഒരു സംശയവും പ്രതിപക്ഷത്തിന് ഇല്ലെന്നും അവരെ കുറിച്ച് നോട്ടീസിൽ പറയാത്തത് എന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.

കണക്കുകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം സംസാരിച്ചത്. മുഖ്യമന്ത്രിക്ക് ഇതൊന്നും ഒരു വിഷയമേ അല്ലെന്നും ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവർ പാർട്ടി രക്തസാക്ഷികളാണെന്ന് പറഞ്ഞ പാർട്ടി സെക്രട്ടറിയാണ് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും സതീശൻ പറഞ്ഞു. അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. എന്നാൽ കണ്ണൂരിൽ ബോംബ് സ്‌ഫോടനത്തിൽ രണ്ടുപേർ മരിച്ചത് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ:

ഇരിട്ടി ചാവശ്ശേരി മേഖല എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് തുടങ്ങിയ വർഗീയ സംഘടനകൾക്ക് ചില പോക്കറ്റുകളുള്ള പ്രദേശങ്ങളാണ്. അവർ പരസ്പരം കൊലപാതകങ്ങൾ നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി ആയുധശേഖരണം നടത്തുകയും ചെയ്യാറുണ്ടെന്ന് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കർശന നടപടികളിലൂടെ അത്തരം വസ്തുക്കൾ കണ്ടെത്തി നിർവീര്യമാക്കാനും സമാധാനം സ്ഥാപിക്കാനും തുടർച്ചയായ ശ്രമങ്ങളാണ് സർക്കാർ അവിടെ നടത്തുന്നത്. അതിന് കഴിഞ്ഞിട്ടുമുണ്ട്.

ആക്രിസാധനങ്ങൾ ശേഖരിക്കുന്നവർ കണ്ടെത്തിയ ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ ശേഖരിച്ച് സൂക്ഷിച്ചപ്പോൾ സ്ഫോടനമുണ്ടാവുകയും രണ്ടു പേർ മരണമടയുകയും ചെയ്തത് തികച്ചും ദൗർഭാഗ്യകരമായ സംഭവമാണ്. ഇത്തരം ശക്തികൾ പരസ്പരം പകപോക്കലിനായി സംഭരിച്ചതും ഉപേക്ഷിച്ചതുമായ ആയുധങ്ങളും മറ്റും എവിടെനിന്ന് ലഭ്യമായി, എന്താണ് അതിന്റെ ഉറവിടം എന്നിങ്ങനെയുള്ള വിശദാംശങ്ങൾ കണ്ടെത്താൻ ജാഗ്രതയോടെയുള്ള അന്വേഷണം പൊലീസ് നടത്തുകയും കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുകയും ചെയ്യും.

വിഷയദാരിദ്ര്യമാണ് ഈ പ്രമേയ നോട്ടീസിന് കാരണമെന്ന് വ്യക്തമായിക്കഴിഞ്ഞു. ഒരു ദൗർഭാഗ്യകരമായ സംഭവമുണ്ടായി. അതിൽ കൃത്യമായ അന്വേഷണം നടക്കും. അതിന്റെ മറ പിടിച്ച് രാഷ്ട്രീയ നിലപാട് ഈ സഭയിൽ ഉന്നയിക്കാനാണ് അവതാരകൻ ശ്രമിച്ചുകാണുന്നത്. ഈ നോട്ടീസിൽ 'സിപിഎം കേന്ദ്രത്തിൽനിന്ന്' എന്ന് ഒരിടത്തു പറയുന്നു. മറ്റൊരിടത്തും ഒരു രാഷ്ട്രീയ പാർട്ടിയെക്കുറിച്ചും പരാമർശിച്ചില്ല. എന്തേ അതൊക്കെ അരാഷ്ട്രീയ ബോംബാണോ? അവിടെയാണ് കോൺഗ്രസിന്റെ ആർഎസ്എസ് ബന്ധവും വർഗീയ ശക്തികളോടുള്ള അമിതമായ താൽപര്യവും തെളിയുന്നത്. കണ്ണൂർ ജില്ലയിൽ സമാധാനത്തിന് ഭംഗമുണ്ടാക്കാൻ ശ്രമിക്കുന്നത് സിപിഎമ്മല്ല. ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടത്തുന്നത് ആർഎസ്എസ്, എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് എന്നിവരാണ്. ഇവരെക്കുറിച്ച് എന്തേ നോട്ടീസിൽ ഒരക്ഷരം പരാമർശിച്ചില്ല?

കേരളത്തിന്റെ ക്രമസമാധാന നിലയെ കുറിച്ച് ഉത്കണ്ഠ നല്ലതു തന്നെ. ഇടതുപക്ഷത്തിന്റെ എത്രയോ പ്രവർത്തകർ ഇവിടെ കൊല ചെയ്യപ്പെട്ടു? എത്ര ഓഫീസുകൾ ആക്രമിക്കപ്പെട്ടു? പ്രതിഷേധ പരിപാടികളെന്ന് പറഞ്ഞു സിപിഎമ്മിന്റെ കൊടി പൊതുജനമധ്യത്തിൽ കത്തിച്ചില്ലേ? സാമൂഹ്യ മാധ്യങ്ങളിൽ അത് പ്രചരിപ്പിച്ചില്ലേ? ഒരിക്കലെങ്കിലും അതിനെയൊക്കെ അപലപിച്ചോ? തെറ്റാണെന്ന് പറഞ്ഞോ? 2020 മുതൽ ഇന്നേ വരെ 9 സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടു. എത്ര കൊലപാതകങ്ങളെ നിങ്ങൾ അപലപിച്ചു? ഇതിൽ 5 കൊലപാതകങ്ങൾ യുഡിഎഫ് തന്നെയാണ് ചെയ്തത്. കൊലപാതകികളെ സംരക്ഷിക്കാനല്ലേ തയാറായത്? കോളജ് വിദ്യാർത്ഥിയായ ധീരജിനെ കൊലപ്പെടുത്തിയപ്പോൾ 'ഇരന്നു വാങ്ങിയ രക്തസാക്ഷിത്വം' എന്ന് പറഞ്ഞതും പോരാ, ധീരജിന്റെ അനുഭവം ഉണ്ടാകും' എന്ന് ഭീഷണിപ്പെടുത്തിയത് ആരാണ്? ആ നേതാക്കൾ ഇപ്പോഴും നിങ്ങളെ നയിക്കുകയല്ലേ? നാല് കൊലപാതകങ്ങൾ ആർഎസ്എസ് നടത്തിയപ്പോൾ നിങ്ങളൊന്നു മിണ്ടിയോ? നാടിന്റെ ഓർമ്മകൾ അങ്ങനെയൊന്നും നശിച്ചു പോകുന്നതല്ല.

ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഡിസിസി ഓഫീസിൽ മൂന്നു തരം ബോംബ് നിർമ്മിക്കുന്നുവെന്ന് മാധ്യമങ്ങളെ അറിയിക്കുക മാത്രമല്ല, അത് പ്രദർശിപ്പിക്കുകയും അതിന്റെ ശക്തിയെക്കുറിച്ച് പറഞ്ഞവരുമല്ലേ നിങ്ങൾ? കണ്ണൂർ ഡിസിസി ഓഫീസിൽ ബോംബ് പ്രദർശിപ്പിച്ചത് ആരെന്നത് സണ്ണി ജോസഫിനോട് ഞാൻ പറയേണ്ടതില്ലല്ലോ? ബോംബിന്റെ പൈതൃകം നിങ്ങളുടെ തലയിൽ തന്നെയാണ്. ആ കോൺഗ്രസ് ഇന്ന് അവിശുദ്ധ കൂട്ടുകെട്ടുകളെക്കുറിച്ചുള്ള കഥകളിൽ നിന്നും സ്വയം രക്ഷപ്പെടാൻ അടിസ്ഥാനരഹിതമായ കഥകൾ ചമയ്ക്കുന്നത് എത്രമാത്രം അപഹാസ്യമാണെന്ന് നിങ്ങൾ തന്നെ ആലോചിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.