കറാച്ചി: രാഷ്ട്രീയ അസ്ഥിരതകൾക്കിടെ പാക്കിസ്ഥാൻ കൂടുതൽ അശാന്തമാകുന്നു. പാക്കിസ്ഥാനിലെ ബലൂച്ചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലെ തിരക്കേറിയ മാർക്കറ്റിന് സമീപം ഇന്നലെയുണ്ടായ ശക്തമായ ബോംബ് സ്‌ഫോടനത്തിൽ 15 പേർ മരിച്ചു. എട്ട് പട്ടാളക്കാർ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്.

40 പേർക്ക് പരുക്കേറ്റു. ഇതിൽ പത്തു പേർ പട്ടാളക്കാരാണ്. പരുക്കേറ്റവരിൽ ഏഴു പേരുടെ നില ഗുരുതരമാണ്. റോഡിലൂടെ കടന്നു പോകുകയായിരുന്ന പട്ടാള ട്രക്ക് പൂർണമായും തകർന്നു. വൻ സുരക്ഷാവലയം തീർത്തിട്ടുള്ള പ്രദേശമാണ് ക്വറ്റ. ഇവിടെ നിരീക്ഷണം നടത്തുകയായിരുന്നു പട്ടാള ട്രക്ക്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

നാളെ നടക്കാനിരിക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങുകൾ തടസ്സപ്പെടുത്താൻ 'ഭീരുക്കൾ' നടത്തിയ ശ്രമമാണിതെന്നു പാക്ക് സേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ പറഞ്ഞു. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ നിന്നു പട്ടാളത്തെ പിന്തിരിപ്പിക്കാൻ ഈ ആക്രമണം കൊണ്ടു സാധിക്കില്ലെന്നും ജനറൽ പറഞ്ഞു.