ലാഹോർ: മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ലാഹോറിലെ വസതിക്കു സമീപമുണ്ടായ ചാവേറാക്രമണത്തിൽ പത്തുപേർ കൊല്ലപ്പെട്ടു. കൗമാരക്കാരനായ ചാവേർ നടത്തിയ ആക്രമണത്തിൽ ആറു പൊലീസുദ്യോഗസ്ഥരും ഉൾപ്പെടുന്നു.

ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. സംഭവത്തിൽ 25ലധികം പേർക്കു പരുക്കേറ്റു. പാക്കിസ്ഥാൻ സൂപ്പർ ലീഗ് ടൂർണമെന്റിന്റെ സെമി ഫൈനൽ മൽസരങ്ങൾക്കു ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണു സ്‌ഫോടനം. എന്നാൽ ടൂർണമെന്റിനായി കർശന സുരക്ഷ ഏർപ്പെടുത്തുമെന്ന് ഉന്നതോദ്യോഗസ്ഥർ വ്യക്തമാക്കി.

2017ൽ ലാഹോറിൽ നടന്ന ഭീകരാക്രമണങ്ങളിൽ 60 പേർ കൊല്ലപ്പെട്ടിരുന്നു.