മുംബൈ: വസ്ത്രസ്വാതന്ത്ര്യം സ്ത്രീസ്വാതന്ത്ര്യവും നിഷേധിച്ച് ബോംബെ ഹൈക്കോടതിയുടെ വിവാദ നടപടി. ജീൻസും ടീഷർട്ടും ധരിച്ചെത്തിയ വനിതാ മാധ്യമപ്രവർത്തകയെ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ കോടതിക്കു പുറത്താക്കി. ജീൻസും ടീഷർട്ടും മാന്യമായ വേഷമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസിന്റെ നടപടി.

റിപ്പോർട്ടിങ്ങിന് എത്തിയ വനിതാ മാധ്യപ്രവർത്തകയുടെ വേഷവിധാനം കോടതിക്കു ചേരുന്നതല്ലെന്നാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ നിരീക്ഷിച്ചത്. അതുകൊണ്ട് ജീൻസും ടീഷർട്ടും ധരിച്ചവർ പുറത്തുപോകണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഇതാണോ മുംബൈയുടെ സംസ്‌കാരമെന്നും ചീഫ്  ജസ്റ്റിസ് ചോദിക്കുകയുണ്ടായി. ഇതിൽ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ കോടതിയിൽനിന്ന് ഇറങ്ങിപ്പോയി.

കോടതിയിൽ മാധ്യമപ്രവർത്തകരുടെ വസ്ത്രധാരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന സംഭവം ഇന്ത്യയിൽ ഇതാദ്യമാണെന്നു ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകർക്ക് കോടതിയിൽ ഡ്രസ് കോഡ് നിർബന്ധമാണ്. 2015 ൽ മധ്യപ്രദേശ് ഹൈക്കോടതി, ഇവിടുത്തെ ജീവനക്കാർ ജീൻസും ടീഷർട്ടും ധരിക്കുന്നതു നിരോധിച്ചിരുന്നു.

കർണാടക ബല്ലാരി സ്വദേനിയായ ജസ്റ്റിസ് മഞ്ജുള ചെല്ലൂർ മുമ്പ് കേരളാ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായിരുന്നു. അവിടെ നിന്ന് കൽക്കത്ത ഹൈക്കോടതിയിലേക്കും തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മുംബൈ ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസ് ആകുകയായിരുന്നു.

മഞ്ജുള ചെല്ലൂരിനെതിരെ ബാർ അസോസിയേഷൻ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നു മഞ്ജുള ചെല്ലൂരിനെ മാറ്റണമെന്നാവശ്യപ്പെട്ട് അസോസിയേഷന്റെ മുംബൈ ഘടകം പ്രമേയം പാസാക്കി. അടുത്തിടെയുണ്ടായ ഹൈക്കോടതി വിധികൾ ചൂണ്ടിക്കാട്ടിയാണു പ്രമേയം.

മഞ്ജുള ചെല്ലൂരിനു നിയമത്തിൽ വേണ്ടത്ര പരിജ്ഞാനമില്ലെന്നാണ് അസോസിയേഷന്റെ ആരോപണം. തൽസ്ഥാനത്തുനിന്നു മാറ്റിനിർത്തണമെന്ന ആവശ്യവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും രാഷ്ട്രപതിയെയും സമീപിക്കാനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.

നേരത്തേ ജീൻസ് മാന്യമായ വേഷമല്ലെന്നു ഗായകൻ യേശുദാസ് അഭിപ്രായപ്പെട്ടിരുന്നു. സോഷ്യൽ മീഡിയിൽ യേശുദാസിനെ ട്രോളിക്കൊണ്ട് വൻ പൊങ്കാലയാണ് അന്ന് ഉണ്ടായത്.