65 ാം ദേശീയ പുരസ്‌കാര പ്രഖ്യാപനത്തിൽ നൊമ്പരമായത് നടി ശ്രീദേവി ആയിരുന്നു. രവി ഉദ്യാവർ സംവിധാനം ചെയ്ത മോം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം ശ്രീദേവിയെ തേടിയെത്തിയപ്പോൾ അത് കേൾക്കാൻ ശ്രീദേവിയില്ലെന്ന കാര്യം ആരാധകരും സിനിമാലോകവും ഏറെ വേദനയോടെയാണ് ഓർത്തത്. ഇപ്പോഴിതാ അവാർഡു നേട്ടത്തിൽ പ്രതികരണവുമായി ഭർത്താവ് ബോണി കപൂർ രംഗത്തു വന്നിരിക്കുകയാണ്.

ശ്രീദേവിയുടെ ആദ്യത്തെ ദേശീയ പുരസ്‌കാരമാണിത് ഈ അവസരത്തിൽ അവർ തങ്ങളോടൊപ്പമുണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു പോയെന്ന് ബോണി കപൂർ പറഞ്ഞു.അവർ മികച്ച ഭാര്യ നടി മാത്രമല്ല. ഭാര്യയും അമ്മയും കൂടിയാണ്. ശ്രീദേവിയെ അവാർഡിന് പരിഗണിച്ച ജൂറിയോടും ഭാരതസർക്കാരിനോടും നന്ദി അറിയിക്കുന്നതായും ബോണി കൂട്ടിച്ചേർത്തു.

'മോം എന്ന ചിത്രത്തിലെ ശ്രീദേവിയുടെ അഭിനയത്തിന് അവർക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ജൂറി നൽകി എന്നറിഞ്ഞതിൽ ഞങ്ങൾ ഒരുപാടു സന്തോഷിക്കുന്നു. ഇത് ഞങ്ങൾക്ക് വളരെ പ്രത്യേകതയുള്ള നിമിഷങ്ങളാണ്. ശ്രീദേവി എന്നും ഒരു പെർഫെക്ഷനിസ്റ്റ് ആയിരുന്നു. അതവർ ചെയ്ത മുന്നൂറിലധികം ചിത്രങ്ങളിൽ വ്യക്തവുമായിരുന്നു. അവർ വെറുമൊരു മികച്ച നടി മാത്രമല്ല, മികച്ച ഒരു ഭാര്യയും അമ്മയും കൂടിയാണ്. അവരുടെ ജീവിതവും അതിന്റെ നേട്ടങ്ങളും ആഘോഷിക്കാനുള്ള സമയമാണിത്. അവരിപ്പോൾ ഞങ്ങളുടെ കൂടെയില്ല. പക്ഷെ അവരുടെ പൈതൃകം അതെന്നും നിലനിൽക്കും.

ഭാരത സർക്കാരിനോടും ജൂറി അംഗങ്ങളോടും ഈ ആദരവിന് നന്ദി ഞങ്ങൾ നന്ദി അറിയിക്കുന്നു. ആശംസകളറിയിച്ച ഞങ്ങളുടെ എല്ലാ സുഹൃത്തുക്കളോടും ശ്രീദേവിയുടെ ആരാധകരോടും ഞങ്ങൾ ഈയവസരത്തിൽ നന്ദിയറിയിക്കുന്നു. ഞാൻ വളരെ വികാരാധീനാണ്. ശ്രീദേവി ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു, ഇതവരുടെ ആദ്യത്തെ ദേശീയ പുരസ്‌കാരമാണ്. ഒരുപാട് കാര്യങ്ങൾ മനസിലേക്ക് കടന്നു വരുന്നു എന്നായിരുന്നു പുരസ്‌കാര വിവരമറിഞ്ഞ ശേഷം ബോണികപൂറിന്റെ ആദ്യ പ്രതികരണം.