ദോഹ : മുതിർന്ന മാധ്യമ പ്രവർത്തകനും സാമൂഹ്യ സാംസ്‌കാരിക വ്യക്തിത്വവുമായ അഹമ്മദ് കുട്ടി ഉണ്ണികുളത്തിന്റെ 'ചിന്തയുടെ ഇസ്ലാം' ആറാം പതിപ്പ് ദോഹയിൽ പ്രകാശനം ചെയ്തു.

സ്‌കിൽസ് ഡെവലപ്മെന്റ് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഖത്തറിലെ മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരക്ക് ആദ്യ പ്രതി നൽകി പാറക്കൽ അബ്ദുല്ല എംഎ‍ൽഎ പ്രകാശനം നിർവ്വഹിച്ചു.

ഇസ്ലാം വാക്കുകളിൽ നിന്നും കർമ്മങ്ങളിലേക്കുള്ള മനുഷ്യന്റെ മുന്നേറ്റമാണ് ആഗ്രഹിക്കുന്നതെന്നും സമാധാനത്തിന്റെയും ശാന്തിയുടെയും മന്ത്രമായ ഇസ്ലാമിനെ ശരിയാംവിധം പ്രതിനിധീകരിക്കുവാൻ മുസ്ലിം സമൂഹത്തിനാകണമെന്നും അദ്ദേഹം പറഞ്ഞു.

ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് എസ്.എ.എം ബഷീർ പുസ്തകം പരിചയപ്പെടുത്തി. ഇസ്ലാമോഫോബിയയുടെ കാലത്ത് ഇസ്ലാമിനെ തനതായ രീതിയിൽ ലളിതമായി പരിചയപ്പെടുത്തുന്നു എന്നതാണ് അഹമ്മദ് കുട്ടി ഉണ്ണികുളത്തിന്റെ 'ചിന്തയുടെ ഇസ്ലാം' എന്ന കൃതിയെ ഏറെ സവിശേഷമാക്കുന്നത് എന്നദ്ദേഹം പറഞ്ഞു.

ചിന്തയും വായനയും ക്രിയാത്മകമായ ഒരു സമൂഹത്തിന്റെ ലക്ഷണമാണെന്നും നിരന്തരമായ വായനയും അന്വേഷണവുമാണ് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നത് എന്നും പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ച് കൊണ്ട് ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. കേവലം ആചാരനുഷ്ടാനങ്ങൾക്കപ്പുറം സവിശേഷമായ ഇസ്ലാമികാദർശത്തെ അടുത്തറിയുവാൻ ചിന്തയുടെ ഇസ്ലാം സഹായകമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുന്നാസർ നാച്ചി, ഡോ. എംപി ഷാഫി ഹാജി, തായമ്പത്ത് കുഞ്ഞാലി, ജാഫർ തയ്യിൽ, കെ.കെ അഷ്റഫ്, ഡോ. മുഹമ്മദ് ബഷീർ, ഡോ. ഹസ്സൻകുട്ടി തുടങ്ങിയവർ സംബന്ധിച്ചു.പാസ് ഖത്തർ പ്രസിഡന്റ് ഷബീർ ഷംറാസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കലാം ആവേലം സ്വാഗതവും അഹമ്മദ് കുട്ടി ഉണ്ണിക്കുളം നന്ദിയും പറഞ്ഞു.