തിരുവനന്തപുരം: ടി.എച്ച്.പി.ചെന്താരശ്ശേരി രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വർണ്ണ ബാഹ്യ നവോത്ഥാന ശിൽപികൾ എന്ന പുസ്തകം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി.ശശി മുൻ കൗൺസിലർ എം.വിനോദ് കുമാറിന് നൽകി പ്രകാശനം ചെയ്തു. മരപ്പാലം മുട്ടട റോഡിലെ സെവാഗിരി ഹാളിൽ നടന്ന പ്രകാശനത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസറും പുസ്തകത്തിന്റെ എഡിറ്ററുമായ സി.അശോകൻ പുസ്തകപരിചയം നടത്തി. പി.പി.ഗോപി ഐ.എ.എസ്, സി.കെ.കുട്ടപ്പൻ കളീക്കൽ, ഡോ.എം വിതോമസ്, തോന്നയ്ക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പാൾ എച്ച്.ജയശ്രീ എന്നിവർ സംസാരിച്ചു. അംബേദ്കർ സ്റ്റഡി സർക്കിൾ പ്രസിഡന്റ് സി.ഗോവിന്ദൻ സ്വാഗതവും ഗ്രന്ഥകാരൻ ടി.എച്ച്.പി. ചെന്താരശ്ശേരി നന്ദിയും പറഞ്ഞു. 80 രൂപയുള്ള പുസ്തകം ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലകളിൽ ലഭ്യമാണ്.