ഷാർജ: 37-ാമത് ഷാർജ രാജ്യാന്തര പുസ്തകമേള (എസ് ഐ ബി എഫ്) ഒക്ടോബർ 31ന് ആരംഭിക്കും. അൽ താവൂനിലെ എക്സ്പോ സെന്ററിലാണ് മേള. പതിനൊന്ന് ദിവസം നീണ്ടുനിൽക്കും.

ഇന്ത്യയിൽ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് പുസ്തകങ്ങളെത്തും. നൂറിലേറെ എഴുത്തുകാരും കലാകാരന്മാരും പ്രാസംഗികരും ചിന്തകരും സാംസ്‌കാരിക നായകരും പാചകവിദഗ്ധരും പങ്കെടുക്കും. കുറഞ്ഞ വിലയിൽ പുസ്തകങ്ങൾ വാങ്ങിക്കാനുള്ള അവസരമാണ് ലഭിക്കുക. കൂടാതെ, പുസ്തക പ്രകാശനം, ചർച്ചകൾ, സെമിനാറുകൾ, ശിൽപശാലകൾ, സംവാദങ്ങൾ, കവിയരങ്ങ്, കുട്ടികൾക്ക് വേണ്ടിയുള്ള പരിപാടികൾ, പാചക മേള, വിദ്യാഭ്യാസ പരിപാടികൾ തുടങ്ങിയവയും അരങ്ങേറും. പ്രിയപ്പെട്ട എഴുത്തുകാരിൽ നിന്ന് വായനക്കാർക്ക് കൈയൊപ്പോടു കൂടി പുസ്തകം സ്വന്തമാക്കാനുള്ള അപൂർവാവസരവും മേളയിൽ ലഭ്യമാകുക.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരത്തിലേറെ പ്രസാധകർ ഇപ്രാവശ്യ മെത്തുമെന്നാണ് ചെയർമാൻ അഹ്മദ് അൽ ആമിരി അറിയിച്ചു. ഷാർജ ബുക്ക് അഥോറിറ്റി (എസ്ബിഎ) പ്രതീക്ഷ. മലയാളമടക്കമുള്ള ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള പുസ്തകങ്ങളും ഇംഗ്ലീഷ്, അറബിക് സാഹിത്യ, ശാസ്ത്ര പുസ്തകങ്ങളും ബാലസാഹിത്യവും പ്രദർശിപ്പിക്കും. ലോകത്തെ ഏറ്റവും വലിയ സാമൂഹിക സാംസ്‌കാരിക സ്മാരകമായിരിക്കും ഷാർജയിലേതെന്ന് അഹ്മദ് അൽ ആമിരി പറഞ്ഞു.

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 1982ൽ വിഭാവനം ചെയ്തതാണ് രാജ്യാന്തര പുസ്തകമേള. അറിവിന്റെയും വിജ്ഞാനത്തിന്റെയും ശാദ്വലഭൂമിയാണ് ഷാർജ രാജ്യാന്തര പുസ്തകമേളയെന്ന് ശൈഖ് ഡോ. സുൽത്താൻ വിശേഷിപ്പിച്ചിട്ടുണ്ട്. ഈ സന്ദേശം എല്ലാവരിലുമെത്തിക്കേണ്ടത് നമ്മുടെ കടമയാണെന്നും ആമിരി പറഞ്ഞു. ഗൾഫിലെ ഏറ്റവും പ്രമുഖവും ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തേതുമായ പുസ്തകമേളയാണിത്.