പ്രഭാത് ബുക്ക്സ് തിരുവനന്തപുരം ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ തൊടുപുഴ കൃഷ്ണസ്വാമി ശങ്കറിന്റെ ''കൈകളെ നന്ദി'' എന്ന പുസ്തകം ഒക്ടോബർ 31 മുതൽ നവംബർ 10 വരെ പ്രദർശിപ്പിക്കുന്നു.

അനുഗ്രഹീത കവിയും എഴുത്തുകാരനുമായ തൊടുപുഴ കെ ശങ്കർ പതിമൂന്നോളം കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശങ്കറിന്റെ കൈകളെ നന്ദി എന്ന പുസ്തകത്തിനു അവതാരിക എഴുതിയിരിക്കുന്നത് പ്രശസ്ത കവിയും, വാഗ്മിയും, എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണനാണ്. ശങ്കറിന്റെ ഏഴു കവിതാ സമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയത് പ്രഭാത് ബുക്ക്സ്, തിരുവനന്തപുരമാണ്.

മനുഷ്യ മനസ്സുകളിൽ സ്നേഹത്തിന്റെയും, മതേതരത്വത്തിന്റെയും ചിന്തകൾ ഉണർത്തി അവരിൽ ആത്മീയ ഐക്യം ഉണ്ടാക്കാനുള്ള കവിയുടെ ശ്രമമാണ് അദ്ദേഹത്തിന്റെ കവിതകൾ. വളരെ ലളിതവും അതേസമയം മഹത്തായ ആശയങ്ങൾ ഉൾക്കൊള്ളുന്നതുമായ കവിതകളുടെ സമാഹാരമാണ് 'കൈകളെ നന്ദി'. പേരുപോലെ കർമ്മനിരതരാകാൻ മനുഷ്യരെ സഹായിക്കുന്ന കൈകൾക്ക് നന്ദി നേരുന്നു ഈ കവി. സർവ്വ ചരാചരങ്ങളിലും ഈശ്വര ദർശനം സാധ്യമാക്കുകയാണ് തന്റെ രചനകളിലൂടെ ഈ കവി.