- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാപ്പ സമ്പ്രദായം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു തൊഴിലാളികൾ നടത്തിയ സമരം കലാശിച്ചത് വെടിവെപ്പിൽ; രക്തസാക്ഷികളായത് മൂന്നുപേർ; മാധ്യമ പ്രവർത്തകൻ അബ്ദുല്ല മട്ടാഞ്ചേരി എഴുതിയ 'അടയാളത്തിൽ' പുറംലോകം അറിയാതെ മൂടപ്പെട്ട ചരിത്ര സത്യങ്ങൾ; രാജീവ് രവിയുടെ 'തുറമുഖം' സിനിമക്ക് ആധാരമായ മട്ടാഞ്ചേരി വെടിവെപ്പിന്റെ കഥ പുസ്തകമായി
കൊച്ചി: 1953ൽ സമരം ചെയ്ത തൊഴിലാളികളെ മട്ടാഞ്ചേരിയിൽ വെടിവെച്ചു കൊന്ന ചരിത്രം സംബന്ധിച്ച് മാധ്യമപ്രവർത്തകൻ അബ്ദുല്ല മട്ടാഞ്ചേരി എഴുതിയ 'അടയാളം' എന്ന പുസ്തകത്തിന്റെ പ്രകാശനം മുതിർന്ന കമ്യൂണിസ്റ്റു നേതാവ് എം എം ലോറൻസ് പ്രകാശനം ചെയ്തു. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ കെ.ജെ മാക്സി എംഎൽഎ ഏറ്റുവാങ്ങി. ജോൺ ഫെർണാണ്ടസ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെആർ പ്രേമകുമാർ, പ്രസ്‌ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു, പ്രണത ബുക്സ് എംഡി ഷാജി ജോർജ്, അബ്ദുല്ല മട്ടാഞ്ചേരി എന്നിവർ സംസാരിച്ചു. ഡോ.ഫാ. റാഫി പര്യാത്തുശേരി സ്വാഗതവും എ. എ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു
തുറമുഖത്തെ ചാപ്പ സമ്പ്രദായം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു തൊഴിലാളികൾ നടത്തിയ സമരം 75ാംദിവസം പൊലീസ് വെടിവെച്ചു അവസാനിപ്പിക്കയായിരുന്നു. 1953 സെപ്റ്റംബർ 15നാണ് വെടിവെപ്പ് നടന്നത്. ആ സമരത്തിൽ സൈത്, സൈതാലി, ആന്റണി എന്നിവർ രക്തസാക്ഷികളാവുകയും നൂറ് കണക്കിനുപേർ ജീവിക്കുന്ന രക്തസാക്ഷികളാവുകയും ചെയ്തു.ചരിത്രപരമായ ആ മട്ടാഞ്ചേരി വിപ്ലവത്തെ അടയാളപ്പെടുത്തുന്ന ചരിത്രന്വേഷണമാണ് 'അടയാളം 'എന്ന പുസ്തകം. പ്രണത ബുക്സ് ആണ് പ്രസാധകർ. ഇതുവരെ പുറംലോകം അറിയാതെ മൂടപ്പെട്ട ചരിത്ര സത്യങ്ങൾ 'അടയാള' ത്തിലൂടെ അനാവരണം ചെയ്യാൻ ഗ്രന്ഥകർത്താവ് ശ്രമിച്ചിട്ടുണ്ട്.
കയ്യൂർ, കരിവെള്ളൂർ, കാവുമ്പായി, പുന്നപ്ര വയലാർ സമരങ്ങളിൽ പങ്കെടുത്ത്
മട്ടാഞ്ചേരിയിൽ ഒളിവിൽ കഴിഞ്ഞവരും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, മുസ്ലിം ലീഗ് എന്നീ പ്രസ്ഥാനങ്ങളുടെ പ്രവർത്തകരും കൈകൾ കോർത്തുനിന്ന് നടത്തിയ സമരമായിരുന്നു മട്ടാഞ്ചേരിയിലേത്.ടി.എം അബു, ജോർജ് ചടയംമുറി, പി. ഗംഗാധരൻ, എം.എൻ താചൊ, കെ. എച്. സുലൈമാൻ മാസ്റ്റർ, എംകെ. രാഘവൻ, എ.എ കൊച്ചുണ്ണി, ടി.പി പീതാംബരൻ മാസ്റ്റർ, ജി. എസ് ധാരാസിങ് എന്നിവർ നേതൃത്വം കൊടുത്ത സമരമായിരുന്നു ഇത്.അതുകൊണ്ട് കൂടിയാണ് ചരിത്രത്തിലെ സമാനതകളില്ലാത്ത വർഗസമരമായി മട്ടാഞ്ചേരി അടയാളപ്പെട്ടത്.
ഈ ചരിത്രം കൂടിയാണ് 'അടയാളം' പറയുന്നത്.
'തുറമുഖം' സിനിമ പറയുന്നതും ഇതേ പ്രമേയം
രാജീവ് രവിയുടെ തുറമുഖം എന്ന ചിത്രം പ്രഖ്യാപിച്ചതു മുതൽ എല്ലാവരും ആകാംക്ഷയിലായിരുന്നു. കെ എം ചിദംബരൻ രചിച്ച 'തുറമുഖം' നാടകത്തെ ആസ്പദമാക്കിയാണ് സിനിമ എന്നായിരുന്നു വിവരം. അദ്ദേഹത്തിന്റെ മകനായ ഗോപൻ ചിദംബരമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. കൊച്ചി തുറമുഖത്ത് അൻപതുകളുടെ തുടക്കത്തിൽ നടന്ന തൊഴിലാളി സമരങ്ങളും വെടിവയ്‌പ്പുമെല്ലാം ആധാരമാക്കിയുള്ളതായിരുന്നു കെ എം ചിദംബരത്തിന്റെ നാടകം.നിവിൻ പോളി, ബിജു മേനോൻ, നിമിഷ സജയൻ, ഇന്ദ്രജിത്ത് സുകുമാരൻ, അർജ്ജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത്ത്. മണികണ്ഠൻ ആർ ആചാരി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമൽ നീരദ് സംവിധാനം ചെയ്ത ഇയോബിന്റെ പുസ്തകത്തിന് തിരക്കഥ ഒരുക്കിയത് ഗോപൻ ആയിരുന്നു. എന്നാൽ തുറമുഖത്തിന്റെ തിരക്കഥ കോപ്പിയടിച്ചതെന്നാണ് ഇപ്പോൾ ഉയരുന്ന വിവാദം. ഇത് സാധൂകരിക്കുന്ന പോസ്റ്റുമായി മട്ടാഞ്ചേരിയിലെ സാംസ്‌കാരിക പ്രവർത്തകനും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ ഷെരീഫ് അലിസർ രംഗത്തെത്തിയിട്ടുണ്ട്.
'ഏതാനും ആഴ്ചകൾക്ക് മുമ്പ് കുറച്ച് സിനിമ പ്രവർത്തകർ എന്റെ അടുത്തു വന്നു. മട്ടാഞ്ചേരി വെടിവെപ്പുമായി ബന്ധപ്പെട്ട് സിനിമ എടുക്കുന്ന കാര്യമാണ് സംസാരിച്ചത്. വെടിവെപ്പുമായി ബന്ധപ്പെട്ട് ചരിത്രപുസ്തകം ഇല്ല. പത്രപ്രവർത്തകനായ അബ്ദുല്ല മട്ടാഞ്ചേരിയാണ് ആദ്യമായി ഇതു സംബന്ധിച്ച് ഒരു ചരിത്രം മാധ്യമം പത്രത്തിൽ എഴുതിയത്. 1989 ഓഗസ്റ്റ് 15നായിരുന്നു അത്. അന്ന് ആ ചരിത്രം തേടിയുള്ള യാത്രയിൽ ഞാനും പി.എച്ച്. ബാബുവും ബദറും വിവരശേഖരണത്തിന് അബ്ദുല്ലയെ സഹായിച്ചിട്ടുണ്ട്. എന്നാൽ കെ എം ചിദംബരൻ രചിച്ച 'തുറമുഖം' എന്ന നാടകത്തിൽ വെടിവയ്‌പ്പോ ഇവിടുത്തെ രക്തസാക്ഷികളെപ്പറ്റിയോ പരാമർശിച്ചിട്ടില്ല. ഞാൻ ഉൾപ്പെടെ ആ നാടകം കണ്ട നിരവധിപേർ ഇന്നും മട്ടാഞ്ചേരിയിലുണ്ട്. ആ നാടകത്തിൽ മട്ടാഞ്ചേരി വെടിവയ്‌പ്പും അതിലേക്ക് നയിച്ച രാഷ്ട്രീയ സാഹചര്യങ്ങളും ഇല്ലായിരുന്നു. രക്തസാക്ഷികളെപ്പറ്റി ആ നാടകം ഒന്നും തന്നെ പറയുന്നില്ല. അത് സിനിമ ആക്കാൻ പറ്റുന്ന പ്രമേയവുമല്ല. ചിദംബരന്റെ മകൻ ഗോപൻ ഈ നാടകത്തിലേക്ക് അബ്ദുല്ലയുടെ സ്റ്റോറി പകർത്തിയെഴുതി ചേർത്തു. അപ്പോൾ അത് സിനിമക്ക് പറ്റിയ പ്രമേയമായി'-അലിസർ വ്യക്തമാക്കുന്നു.
മട്ടാഞ്ചേരി വെടിവെപ്പിന്റെ കഥ വിശദമായി അബുദുല്ല മട്ടാഞ്ചേരി പുതിയ നോവലിൽ ചേർത്തിട്ടുണ്ട്.എന്നാൽ ഇവർ പറയുന്നപ്പോലെ കഥ പകർത്തിയിട്ടില്ലെന്നും ആ സാഹചര്യങ്ങളുടെ ഒരു പ്ലോട്ട് മാത്രം ഉൾക്കൊണ്ട് വേറൊരു തരത്തിലാണ് തിരക്കഥയൊരുക്കുന്നതെന്നുമാണ് അണിയറക്കാരുടെ വിശദീകരണം.