- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജ്യോതിഷ ഭീകരതയ്ക്കെതിരെ: സി രവിചന്ദ്രന്റെ പകിട 13 എന്ന പുസ്തകത്തെക്കുറിച്ച് ഷാജി ജേക്കബ് എഴുതുന്നു
മലയാളിയുടെ ജീവിതത്തെ കീഴടക്കിക്കൊണ്ടേയിരിക്കുന്ന നിരവധി കപട ശാസ്ത്രങ്ങളിലൊന്നാണ് ജ്യോതിഷം. മതവിശ്വാസവുമായി നേരിട്ടു ബന്ധമുള്ളവയും അല്ലാത്തവയുമായ ഗൂഢ, ആഭിചാരങ്ങളുടെ വലിയൊരു ലോകം നമ്മുടെ സാമൂഹ്യമണ്ഡലത്തിൽ സജീവമാണ്. ജ്യോതിഷവും അതിന്റെ അനുബന്ധക്രിയകളും ഇതിലൊന്നാണ്. ആയിരത്താണ്ടുകളുടെ പഴക്കവും പാരമ്പര്യവും കല്പിച്ച യുക്തിയ
മലയാളിയുടെ ജീവിതത്തെ കീഴടക്കിക്കൊണ്ടേയിരിക്കുന്ന നിരവധി കപട ശാസ്ത്രങ്ങളിലൊന്നാണ് ജ്യോതിഷം. മതവിശ്വാസവുമായി നേരിട്ടു ബന്ധമുള്ളവയും അല്ലാത്തവയുമായ ഗൂഢ, ആഭിചാരങ്ങളുടെ വലിയൊരു ലോകം നമ്മുടെ സാമൂഹ്യമണ്ഡലത്തിൽ സജീവമാണ്. ജ്യോതിഷവും അതിന്റെ അനുബന്ധക്രിയകളും ഇതിലൊന്നാണ്. ആയിരത്താണ്ടുകളുടെ പഴക്കവും പാരമ്പര്യവും കല്പിച്ച യുക്തിയും ആത്മബോധവും ഭൗതിക ചിന്തയുമില്ലാത്ത മനുഷ്യരെ കുരങ്ങു കളിപ്പിക്കുന്ന വ്യാജവിജ്ഞാനമെന്ന നിലയിൽ ജ്യോതിഷം പ്രാചീനകാലം മുതൽ വിമർശിക്കപ്പെട്ടിരുന്നു. നവോത്ഥാന ആധുനികതയുടെ മുഖമുദ്രകളിലൊന്നുതന്നെ ഇത്തരം അയുക്തികളുടെ മറികടക്കലായിരുന്നു. എങ്കിലും ഭൂരിപക്ഷം മലയാളികളും മതവിശ്വാസികളും ജ്യോതിഷ - വാസ്തു - മന്ത്ര - തന്ത്രാദികളുടെ ഇരകളുമായതിനാൽ കേരളം ഒന്നിനൊന്ന് തലകീഴായി വളർന്നുകൊണ്ടേയിരിക്കുന്നു എന്നതാണ് വസ്തുത. ഇടക്കാലത്തെങ്കിലും, ശാസ്ത്രബോധവും യുക്തിചിന്തയും മാനസികവീക്ഷണവുമുള്ള ചില സാമൂഹ്യപ്രവർത്തകർ ഇത്തരം വിശ്വാസങ്ങൾക്കെതിരെ രംഗത്തുവരാറുണ്ട്.
കെ.പാപ്പൂട്ടി എഴുതി, കേരളശാസ്ത്രസാഹിത്യപരിഷത്ത് 2002 -ൽ പ്രസിദ്ധീകരിച്ച 'ജ്യോതിഷവും ജ്യോതിശാസ്ത്രവും' എന്ന ഗ്രന്ഥമാണ് മലയാളത്തിൽ ഈ വിഷയത്തിലുണ്ടായ ഏറ്റവും മികച്ച ശ്രമം. ഒരു വർഷത്തിനുള്ളിൽ തന്നെ നാലു പതിപ്പിറങ്ങിയ മികച്ച ഒരു പഠനഗ്രന്ഥമായിരുന്നു, ഇത്. സി.രവിചന്ദ്രൻ എഴുതിയ 'പകിട 13: ജ്യോതിഷ ഭീകരതയുടെ മറുപുറം' എന്ന ഗ്രന്ഥം ഈ വിഷയത്തിന്റെ ആഗോളപശ്ചാത്തലവും ചരിത്രസ്വരൂപവും വകഭേദങ്ങളും മുൻനിർത്തി മലയാളിയുടെ വർത്തമാനകാലജീവിതത്തിലെ ഒരു തമോഗർത്തത്തെ അതിന്റെ ആഴത്തിലും പരപ്പിലും വിഭാവനം ചെയ്യുന്നു. അഞ്ഞൂറിലധികം പുറങ്ങൾ, ഇരുപത്തേഴധ്യായങ്ങൾ 'ഭയം വിശ്വാസത്തിന്റെ പെറ്റമ്മയാകുന്നു; അജ്ഞത പോറ്റമ്മയും' എന്ന പകിട 13 ലെ വാക്യം (പുറം 230) രവിചന്ദ്രന്റെ ജ്യോതിഷവിമർശനത്തിന്റെ അടിത്തറയാകുന്നു.
ജ്യോതിശാസ്ത്രമെന്ന ഭൗതിക - പ്രപഞ്ചവിജ്ഞാനത്തിന്റെ അപഭ്രംശവും വികലീകരണവുമാണ് ജ്യോതിഷമെന്ന കപട വിജ്ഞാനം. ബാബിലോണിയയിലും ഗ്രീസിലും ചൈനയിലും നിന്ന് ഇന്ത്യയിലെത്തിയ ഫലഭാഗജ്യോതിഷം, ജ്യോതിശാസ്ത്രത്തിൽ നിന്ന് ശാസ്ത്രീയത റദ്ദു ചെയ്തുണ്ടാക്കിയ വ്യാജശാസ്ത്രമാണ്. ഈ രണ്ടു വിഷയങ്ങളെ തമ്മിൽ യോജിപ്പിച്ച് ജ്യോതിഷത്തിന്റെ അന്തസ്സാരശൂന്യത വെളിപ്പെടുത്തുകയാണ് പാപ്പൂട്ടിയുടെ ഗ്രന്ഥമെങ്കിൽ, ജ്യോതിഷത്തിന്റെ കഥയില്ലായ്മകളും അനന്തമായ വൈവിധ്യങ്ങളും തുറന്നുകാട്ടി അവ സൃഷ്ടിക്കുന്ന അസംബന്ധങ്ങളുടെ മറനീക്കലാണ് രവിചന്ദ്രന്റെ പുസ്തകം.
ലഗാധമുനി, വരാഹമിഹിരൻ, ബ്രഹ്മഗുപ്തൻ തുടങ്ങിയവരാണ് ജ്യോതിഷത്തിന്റെ ആധാരഗ്രന്ഥങ്ങൾ രചിച്ചത്. ജൈനഭിക്ഷുക്കൾ ജ്യോതിഷപദ്ധതിയോട് ആഭിമുഖ്യം പ്രകടിപ്പിച്ചപ്പോൾ ആദ്യകാല ബുദ്ധമതം ഈ വ്യാജത്തെ എതിർത്തു. നൂറ്റാണ്ടുകളിലൂടെ ഹിന്ദുത്വവൽക്കരിച്ചെടുത്ത പടിഞ്ഞാറൻ ഫലഭാഗജ്യോതിഷമാണ് ഇന്ന് ഇന്ത്യയിൽ നിലവിലുള്ള നിരവധിയായ ജ്യോതിഷങ്ങൾ. വർണവ്യവസ്ഥയും ബ്രാഹ്മണ്യവും ഊട്ടിയുറപ്പിക്കാൻ ഈ വ്യവഹാരവും വലിയ പങ്കാണു വഹിച്ചത്. ഭാവിപ്രവചനം, ഗുണദോഷ വിചിന്തനം, ജാതകരചന, മുഹൂർത്തഗണന, പക്ഷി - ഗൗളി - താംബൂല പ്രശ്‌നപരിഹാരങ്ങൾ, ഹസ്തരേഖ.... എന്നിങ്ങനെ എത്രയെങ്കിലും ഉപവിഭാഗങ്ങളിലേക്കു പടർന്നുപന്തലിച്ചു കഴിഞ്ഞു, ജ്യോതിഷം. ഗ്രഹങ്ങളും നക്ഷത്രങ്ങളും മനുഷ്യജീവിതത്തെയും സ്വഭാവത്തെയും കർമങ്ങളെയും അനുഭവങ്ങളെയും ബന്ധങ്ങളെയും മറ്റും നേരിട്ട് സ്വാധീനിക്കുമെന്ന അടിസ്ഥാനപ്രമാണത്തിലോണ് ജ്യോതിഷം കെട്ടിപ്പൊക്കിയിരിക്കുന്നത്. ഗൗതമബുദ്ധൻ ജ്യോതിഷത്തെ അസംബന്ധമെന്നു മുദ്രകുത്തി നിരാകരിച്ചു. സ്വാമി വിവേകാനന്ദൻ പറഞ്ഞു: 'ജ്യോത്സ്യവും അതുപോലുള്ള അത്ഭുതവിദ്യകളും പൊതുവെ ദുർബ്ബലമനസ്സിന്റെ ലക്ഷണമാണ്. അവ നിങ്ങളുടെ മനസ്സിൽ പ്രബലമാണെന്നുകണ്ടാൽ ഉടനെ ഒരു ഡോക്ടറെ കാണുകയും നല്ല ഭക്ഷണം കഴിച്ച് നന്നായി വിശ്രമിക്കുകയും ചെയ്യണം'.[BLURB#1-VR]
ഇന്ത്യൻ ചിന്തയിലെ ഭൗതികവാദപാരമ്പര്യം എക്കാലത്തും എതിർത്തുപോന്നിട്ടുള്ള ജ്യോതിഷത്തെ സമഗ്രമായവലോകനം ചെയ്തു പുറന്തള്ളുകയാണ് രവിചന്ദ്രൻ. 'നാസ്തികനായ ദൈവം' എന്ന ഗ്രന്ഥത്തിലൂടെ യുക്തിചിന്തയുടെയും നിരീശ്വരവാദത്തിന്റെയും ശാസ്ത്രബോധത്തിന്റെയും മണ്ഡലത്തിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തുകയും തുടർന്ന് കേരളത്തിലുടനീളം പ്രഭാഷണങ്ങളിലും സംവാദങ്ങളിലും കൂടി യുക്തിചിന്തയുടെ അന്തരീക്ഷം സജീവമാക്കി നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുകയും ചെയ്യുന്നയാളാണ് രവിചന്ദ്രൻ.
ഭാരതീയ ജ്യോതിഷപദ്ധതിയുടെ വിശദീകരണത്തിനൊപ്പം പാശ്ചാത്യജ്യോതിഷത്തിന്റെ വിപുലമായ ചർച്ച, നിരവധിയായ അനുഭവവിവരണങ്ങളുടെ പശ്ചാത്തലത്തിൽ ജ്യോതിഷത്തിന്റെ വ്യാജങ്ങൾ മറനീക്കുന്ന വിശകലനം, മാദ്ധ്യമങ്ങളിലും പൊതുസമൂഹത്തിലും വിവിധ രൂപങ്ങളിൽ നിലനിൽക്കുന്ന ജ്യോതിഷവ്യാപാരത്തിന്റെ അവലോകനം, ഗ്രഹ, നക്ഷത്രസങ്കല്പങ്ങളും അവയുടെ ശാസ്ത്ര-ജ്യോതിഷ വ്യാഖ്യാനങ്ങളും തമ്മിലുള്ള വൈരുധ്യങ്ങളുടെ ചൂണ്ടിക്കാട്ടൽ, വിവിധതരം പ്രവചനങ്ങളുടെയും ജ്യോതിഷത്തിന്റെ മറവിൽ നടക്കുന്ന തട്ടിപ്പുകളുടെയും മറനീക്കലുകൾ, ദൈനംദിന ജീവിതത്തിലുടനീളം സ്വാധീനം ചെലുത്തുന്ന വിവിധതരം വിശ്വാസങ്ങളും അയുക്തികതകളും അസംബന്ധങ്ങളും വിശദീകരിക്കൽ.... എന്നിങ്ങനെ ജ്യോതിഷസംബന്ധിയായ നിരവധി മേഖലകളുടെ അനാവരണമാണ് 'പകിട 13'. ചിതറിയ ഘടനയും ഭാഷാപരമായ വികലതകളും പരത്തിപ്പറയലും വിഷയങ്ങളുടെ ക്രമമില്ലായ്മയും ഈ ഗ്രന്ഥത്തിന്റെ അക്കാദമിക് സ്വഭാവത്തിന് തടസ്സമാകുന്നുണ്ടെങ്കിലും നാടകീയമായ ആഖ്യാനവും ജനപ്രിയമായ അവതരണരീതിയും പരന്ന വിശദീകരണങ്ങളും കൊണ്ട് ഏറെക്കുറെ സമഗ്രമായ ഒരു ജ്യോതിഷ'വധ'മായി മാറാൻ രവിചന്ദ്രന്റെ ഗ്രന്ഥത്തിനു കഴിയുന്നു. മത, ദൈവ വിശ്വാസങ്ങൾ തന്നെയും അന്ധവിശ്വാസമാണെന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ ഈ ഗ്രന്ഥം ജ്യോതിഷത്തിന്റെ കപടശാസ്ത്രീയത ഒന്നൊന്നായി പൊളിച്ചടുക്കുന്നു. ശാസ്ത്രത്തിന്റെ ആധുനികതായുക്തിയിൽ ഉറച്ചുനിന്ന് മനുഷ്യജീവിതത്തെയും പ്രപഞ്ച യാഥാർഥ്യങ്ങളെയും വ്യാഖ്യാനിക്കാനും ഭരണഘടനാപരമായ ഉത്തരവാദിത്തം തന്നെയായി അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള പോരാട്ടത്തെ ഏറ്റെടുക്കാനും രവിചന്ദ്രൻ കാണിക്കുന്ന സ്ഥൈര്യം അഭിനന്ദനീയമാണ്.
ജാതകം മുതൽ അക്ഷയതൃതീയ വരെയും ചൊവ്വാദോഷം മുതൽ ദൃഷ്ടിദോഷം വരെയും തെരഞ്ഞെടുപ്പുഫലപ്രവചനം മുതൽ ലോകാവസാനത്തിന്റെ പ്രവചനം വരെയും മരിച്ചവരുടെ ആത്മാക്കളുമായി നടത്തുന്ന സംഭാഷണം മുതൽ കുറ്റാന്വേഷണവും വൈദ്യശാസ്ത്രവും റോക്കറ്റ് വിദ്യയും പോലും നിഷ്പ്രഭമാക്കുന്ന 'ശാസ്ത്രജ്ഞരുടെ' ജ്യോതിഷവിശ്വാസം വരെയും-നമ്മുടെ ജീവിതം ഈ വ്യാജവിജ്ഞാനത്തിന്റെ മഹാന്ധകാരത്തിലാണ് മിക്കവാറും ആണ്ടുകിടക്കുന്നത്. പൊതുസമൂഹം ഏതാണ്ട് ഏകപക്ഷീയമായിത്തന്നെ നടത്തുന്ന ഇത്തരമൊരു അപഥസഞ്ചാരത്തിന്റെ കുയുക്തികളിലേക്കു വെളിച്ചംവീശുകയാണ് രവിചന്ദ്രൻ. മതങ്ങളും ആൾദൈവങ്ങളും മാത്രമല്ല, സർവകലാശാലകളും പാഠ്യപദ്ധതികളും ഭരണകർത്താക്കളും നീതിന്യായപീഠങ്ങളും മാദ്ധ്യമങ്ങളും ശാസ്ത്രജ്ഞരും വരെ ഏറ്റെടുക്കുന്ന ഏറ്റവും വലിയ ജനപ്രിയ വ്യവസായങ്ങളിലൊന്നായി മാറിയിരിക്കുന്നു, ജ്യോതിഷം. ഇതിനെതിരെ ഉയർത്തുന്ന നിശിതമായ വിമർശനങ്ങളും വിട്ടുവീഴ്ചയില്ലാത്ത നിരീക്ഷണങ്ങളുമാണ് രവിചന്ദ്രന്റെ ഗ്രന്ഥത്തിന്റെ സ്വരൂപം. പ്രസാധകർ അവകാശപ്പെടുന്നത് അതിശയോക്തിയല്ല: 'തെളിവുരഹിത വിശ്വാസങ്ങളിൽ ആഴത്തിൽ അഭിരമിക്കുന്നുവെങ്കിൽ ഈ പുസ്തകം നിങ്ങളെ നിർദ്ദയം വിചാരണചെയ്യും'.
പുസ്തകത്തിൽനിന്ന്:
'കബളിപ്പിക്കാൻ എളുപ്പമാണ്, ബോധ്യപ്പെടുത്താൻ പ്രയാസവും (It is easy to fool and difficult to convince ) - അന്ധവിശ്വാസങ്ങളെ സംബന്ധിച്ച സുവർണ്ണനിയമമാണത്. മതം ഉൾപ്പെടെയുള്ള ജനകീയ അന്ധവിശ്വാസങ്ങളിൽ ആഴത്തിൽ അഭിരമിക്കുന്നവരുമായി യുക്തിസഹവും സഹിഷ്ണുതാപരവുമായ ഒരു ആശയവിനിമയം എളുപ്പമല്ല. എല്ലാത്തരം അന്ധവിശ്വാസങ്ങളും വൈകാരികമായാണ് പ്രതിരോധിക്കപ്പെടുക. വിശ്വസിക്കുന്നത് ശരിയാകണേ എന്ന അഗാധമായ ആഗ്രഹമാണ് അന്ധവിശ്വാസം; ശരിയിൽ വിശ്വസിക്കണമെന്ന ആഗ്രഹം സ്വതന്ത്രചിന്തയും.
ശാസ്ത്രം ഇത്രയേറെ മുന്നേറിയിട്ടും ഇന്നും എന്തുകൊണ്ട് ജനങ്ങൾ അന്ധവിശ്വാസങ്ങൾക്ക് പിന്നാലെ പായുന്നു? ഉത്തരം ലളിതമാണ്: ശാസ്ത്രമാണ് വളർന്നത് ജനങ്ങളുടെ ശാസ്ത്രബോധമല്ല. നമ്മുടെ മസ്തിഷ്‌ക്കം ഇന്നും അടിസ്ഥാനപരമായി ഗുഹാമനുഷ്യന്റെ മസ്തിഷ്‌ക്കമാണ്. പരിണാമപരവും ഘടനാപരവുമായ ഗണ്യമായ മാറ്റങ്ങൾ കഴിഞ്ഞ ഇരുപതിനായിരം വർഷങ്ങളിൽ സംഭവിച്ചിട്ടില്ല. അതേസമയം ശാസ്ത്രം കണ്ണുചിമ്മുന്ന വേഗതയിൽ മുന്നോട്ട് പോയി - വിശേഷിച്ചും കഴിഞ്ഞ 150 വർഷങ്ങളിൽ. വളരെ ചെറിയ ഒരു ന്യൂനപക്ഷം (a microscopic minority)മാത്രമായിരുന്നു ഈ നേട്ടങ്ങൾക്കെല്ലാം പിന്നിൽ. ബാക്കിവരുന്ന മഹാഭൂരിപക്ഷം ഇന്നും പ്രാചീനലോകവീക്ഷണവുമായി മുന്നോട്ടുപോകുന്നു. ശാസ്ത്രം ഒരിക്കലും ഒരു ജനകീയവിഷയമല്ല. പണ്ടും ഇന്നും എന്നും അതങ്ങനെതന്നെ. മതവാഗ്ദാനങ്ങളുടെ ആകർഷണീയത ക്വാണ്ടം ഫിസിക്‌സിലോ ജനറ്റിക്‌സിലോ കണ്ടെത്താനാവില്ല. അന്ധവിശ്വാസങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും തുണയ്ക്കുന്ന പല മസ്തിഷ്‌ക്ക സവിശേഷതകളും നാമിന്നും കൈവശം സൂക്ഷിക്കുന്നുണ്ടെന്നറിയണം. അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള പോരാട്ടം സ്വന്തം മസ്തിഷ്‌ക്കത്തിനെതിരെ, അതിന്റെ സഹജമായ ചില സാങ്കേതികതകൾക്കെതിരെ നടത്തുന്ന സമരമായിക്കൂടി മാറുന്നതിന്റെ കാരണമതാണ്. When we fight against superstitions, we fight against some of our brain's very default settings!"
'അവിശ്വസനീയമെന്നു തോന്നുന്ന പല കാര്യങ്ങളും സത്യമാണ്. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർക്ക് അത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. അദ്ദേഹം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗവും എന്തിനെയും സംശയബുദ്ധിയോടെ നിരീക്ഷിക്കുന്ന ആളുമാണ്. ജസ്റ്റിസ് കൃഷ്ണയ്യരുടെ അതീന്ദ്രിയ അനുഭവങ്ങൾ കേവലം അനുഭവപ്രമാദം (Anecdotal fallacy)മാത്രമാണ്. അദ്ദേഹം പ്രേതത്തിൽ വിശ്വസിക്കുന്നു, സായി ബാബയിൽ വിശ്വസിക്കുന്നു എന്നൊക്കെ വാദിക്കുന്ന പലരും സ്വജീവിതത്തിൽ ഇവ രണ്ടിനെയും തള്ളിപ്പറയുന്നവരാണ് എന്നതാണ് ഏറെ രസകരം. കൃഷ്ണയ്യർ ഒരു ന്യായാധിപനും ഭരണാധികാരിയുമായിരുന്നു. മലയാളികൾ ഏറെ ആദരിക്കുന്ന വ്യക്തിത്വവുമാണ്. എന്നാൽ വസ്തുനിഷ്ഠ യാഥാർത്ഥ്യങ്ങളും തെളിവുകളും വിലയിരുത്തി വിധി പറയുന്ന ന്യായാധിപർ പകൽക്കിനാവും മനോവിഹ്വലതയും പരസ്യം ചെയ്യുന്നതിൽ അഭംഗിയുണ്ട്. ഒരാൾക്കോ ഒമ്പതുപേർക്കോ ഉണ്ടാകുന്ന വ്യക്തിഗത അനുഭവങ്ങളല്ല ശാസ്ത്രീയനിഗമനങ്ങൾക്ക് ആധാരം. അനുഭവം വ്യക്തിഗതമായ മസ്തിഷ്‌ക്കപ്രവർത്തനമാണ്. അത് എപ്പോഴും വസ്തുനിഷ്ഠ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടണമെന്നില്ല. ശാസ്ത്രീയമായി അംഗീകരിക്കണമെങ്കിൽ അസത്യവൽക്കരണക്ഷമത, ആവർത്തനക്ഷമത, പ്രയോജനക്ഷമത, പ്രാപഞ്ചികത, വസ്തുനിഷ്ഠമായ സത്യാപനക്ഷമത തുടങ്ങിയ അഞ്ച് അടിസ്ഥാനഗുണങ്ങൾ ആ അനുഭവത്തിന് ഉണ്ടായിരിക്കണം - ഇക്കാര്യം പലതവണ പരാമർശിച്ചിട്ടുള്ളതാണ്.
ഒരാൾ മരിച്ച മാതാവിനെ സ്വപ്നംകണ്ടാൽ അത് മാതാവ് നിലനിൽക്കുന്നുവെന്നതിന്റെ തെളിവാകില്ല. അതയാളുടെ മനോവിഹ്വലത മാത്രം. സ്വന്തം മാതാവ് അയാളെ സംബന്ധിച്ചിടത്തോളം സക്രിയമായ ഡേറ്റയാണ്. അയാൾ മറ്റാരുടെയും മാതാവിനെയല്ല സ്വപ്നത്തിൽ കാണുന്നത്. തീതുപ്പുന്ന വ്യാളിയെയും മാലാഖയെയും അനുഭവിക്കുന്നവരുണ്ട്. അതൊക്കെ മനുഷ്യമസ്തിഷ്‌ക്കത്തിന് എളുപ്പമുള്ള കാര്യങ്ങളാണ്. anecdotal fallacy, appeal to false authority ന്യായവൈകല്യങ്ങൾ കൃഷ്ണയ്യർ ഉദാഹരണത്തിലുണ്ട്. കൃഷ്ണയ്യർ ആദ്യത്തെ ഇ.എം.എസ്. മന്ത്രിസഭയിൽ അംഗമായിരുന്നുവെങ്കിലും അദ്ദേഹം ശരിയായ കമ്മ്യൂണിസ്റ്റോ ഭൗതികവാദിയോ ആണെന്നതിന് തെളിവില്ല. അന്നുമിന്നും അന്ധവിശ്വാസിയായ ഒരു ബ്രാഹ്മണനാണദ്ദേഹം. മറിച്ചൊരു സമീപനം അദ്ദേഹത്തിന്റെ നിലപാടുകളിൽ കാണാനില്ല'.
പകിട 13
സി. രവിചന്ദ്രൻ
ഡി.സി. ബുക്‌സ്
295 രൂപ