ബാഷോ ബുക്‌സ് പ്രസിദ്ധീകരിച്ച തൻസീം കുറ്റ്യാടിയുടെ കവിതാ സമാഹാരം 'കടലോളം കനമുള്ള കപ്പലുകൾ' ദോഹയിൽ പ്രകാശനം ചെയ്തു. എഫ്.സി.സിയും ദോഹയിലെ സാഹിത്യ പ്രവർത്തകരും ചേർന്ന് എഫ്സി സി ഹാളിൽ വെച്ച് നടത്തിയ പരിപാടിയിൽ പ്രശസ്ത എഴുത്തുകാരനും നിരൂപകനുമായ ഡോ. ടി. ടി. ശ്രീകുമാർ, സാംസ്‌കാരിക പ്രവർത്തകനും ചിന്തകനുമായ ടി.പി. മുഹമ്മദ് ഷമീമിന് പുസ്തകം നൽകിക്കൊണ്ടാണ് പ്രകാശനം കർമ്മം നിർവഹിച്ചത്.

തന്റെ കാലത്തിന്റെ രാഷ്ട്രീയത്തെയും പുതിയ ജീവിതത്തിന്റെ സങ്കീർണതകളെയും സർഗ്ഗാത്മകമായും പ്രത്യാശയോടെയും കൈകാര്യം ചെയ്യുന്ന കവിതകളാണ് തൻസീമിന്റെതെന്ന് ഡോ. ടി.ടി. ശ്രീകുമാർ അഭിപ്രായപ്പെട്ടു. ശക്തമായ പ്രമേയങ്ങൾ അവതരിപ്പിക്കുമ്പോഴും ലളിതമായ ബിംബങ്ങളും കാവ്യരസമുള്ള ഭാഷയുമാണ് ഈ കവിതകളിലെന്നതിനാൽ വായനക്കാരെ വീണ്ടും വായിപ്പിക്കുന്ന വരികളാണ് ഈ സമാഹാരത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഫ്സി സി സി ഡയരക്ടർ ഹബീബുറഹ്മാൻ കിഴിശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ മീഡിയാ ഫോറം പ്രസിഡന്റ് അഷ്റഫ് തൂണേരി പുസ്തകം പരിചയം നിർവഹിച്ചു. തുടർന്ന് നടന്ന പുസ്തക ചർച്ചയിൽ രാഷ്ട്രീയ- സാംസ്‌കാരിക പ്രവർത്തകൻ സാം ബഷീർ, എം ടി. നിലമ്പൂർ, ഷീല ടോമി, സുനില ജബ്ബാർ, മുജീബുറഹ്മാൻ കരിയാടൻ, നജീബ് സുധീർ, മുഹമ്മദ് പാറക്കടവ്, കെ.സി. കുഞ്ഞമ്മദ് മാസ്റ്റർ, മജീദ്, കോയ കൊണ്ടോട്ടി, തൻസീം കുറ്റ്യാടി തുടങ്ങി നാട്ടിലെയും ദോഹയിലെ പ്രമുഖ കലാ-സാംസ്‌കാരിക പ്രവർത്തകർ പങ്കെടുത്തു.

സുനിൽ പെരുമ്പാവൂർ സ്വാഗതവും മുനീർ ഒ.കെ നന്ദിയും പറഞ്ഞു. പുസ്തകം എഫ്.സി.സി. ഓഫീസിലും ദോഹയിൽ നടക്കുന്ന പുസ്തകമേളയിലും ലഭ്യമാവും. ചടങ്ങിൽ യാസിർ കുറ്റ്യാടിയുടെ 'അമൃത സോപാനം' സംഗീതാവിഷ്‌കാരവും ഉൾപ്പെടുത്തിയിരുന്നു.

പുസ്തകത്തിന്റെ നാട്ടിലെ പ്രകാശനം ഒക്ടോബർ ആദ്യവാരം പ്രമുഖ ചിന്തകനും പ്രഭാഷകനുമായ കെ.ഇ. എന്നും ഗായകൻ വി.ടി. മുരളിയും ചേർന്ന് നിർവഹിച്ചിരുന്നു.