ഷാർജ: തന്റെ തെറ്റ് മറ്റൊരാൾക്ക് ശാപമായി തീരരുത് എന്ന വ്രതമുള്ളവൻ ആയിരിക്കണം ഒരു എഴുത്തുകാരനെന്നു കവി പ്രൊഫ.വി.മധുസൂദനൻ നായർ അഭിപ്രായപ്പെട്ടു. ഒരു എഴുത്തുകാരന് തെറ്റിയാൽ തലമുറയ്ക്ക് ആകെ തെറ്റും, ഇന്ന് മലയാള ഭാഷയിൽ നടക്കുന്നത് ഇതാണ്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ മാദ്ധ്യമ പ്രവർത്തകൻ ഷാബു കിളിത്തട്ടിലിന്റെ (വാർത്ത വിഭാഗം മേധാവി ഹിറ്റ് 96.7എഫ്.എം ദുബായ്) മൂന്നാമത് പുസ്തകം 'സ്‌പെഷ്യൽ ന്യൂസ്' പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരുത്തുള്ള ഭാഷയാണ് മലയാളം എന്നതിൽ ഒരു സംശയവും വേണ്ട. ലോകത്ത് ഏറ്റവും കരുത്തോടെ സംസാരിക്കുവാൻ ആസ്തിയും അടിയുറപ്പും വേർബലവും താളവും ഉള്ള ഭാഷയാണ് മലയാളം. ഇന്ന് പലരും മലയാളം നന്നായി ഉപയോഗിക്കുന്നുണ്ട്.  പക്ഷെ ചിലർ തെറ്റിദ്ധരിപ്പിച്ച് എഴുതുന്നു, അത്തരത്തിലുള്ള എഴുത്തുകാർ പെരുകുമ്പോൾ നമുക്കുണ്ടാകുന്നത് ദിശാഭ്രമമാണ്. ആ ഭ്രമം നമ്മുടെ കുട്ടികളെ വലയ്ക്കും. മലയാളിക്ക് തെറ്റുന്നതാണ് അഭിമാനം, ഇംഗ്ലീഷ് പറയുമ്പോൾ തെറ്റരുത്, മലയാളം പറയുമ്പോൾ തെറ്റണം എങ്കിൽ മാത്രമേ സെലിബ്രിറ്റി ആകൂ എന്നും അദ്ദേഹം പറഞ്ഞു.

ഷാർജ അന്താരാഷ്ട്ര പുസ്തകമേള  External Affairs Executive മോഹൻ കുമാറിന് ആദ്യ പ്രതി നൽകിയാണ് മധുസൂദനൻ നായർ പ്രകാശന കർമം നിർവഹിച്ചത്. കൈരളി ബുക്‌സ് മാനേജിങ്  ഡയറക്ടർ ഒ.അശോക് കുമാർ, റോജിൻ പൈനുംമൂട് എന്നിവർ പ്രസംഗിച്ചു. തന്റെ പ്രശസ്ത കവിത 'നാറാണത്തു ഭ്രാന്തൻ' ചടങ്ങിൽ മധുസൂദനൻനായർ ചൊല്ലിയത് വേറിട്ട അനുഭവമായി.