- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പ്രണയത്തിന്റെ മനുഷ്യാവകാശരേഖ'
മതമൂല്യങ്ങളും ദൈവകല്പനകളും കൊണ്ട് സഭ കൂച്ചുവിലങ്ങിട്ടു നിർത്തിയിരിക്കുന്ന സത്യക്രിസ്ത്യാനി കുടുംബങ്ങൾക്കുളളിൽ സാറാജോസഫ് നിക്ഷേപിച്ച കുഴിബോംബാണ് 'ആളോഹരി ആനന്ദം'. സ്‌നേഹമെന്ന മനുഷ്യാവകാശത്തിനുമേൽ ഭരണകൂടവും പൗരോഹിത്യവും ചേർന്നു നടത്തുന്ന കയ്യേറ്റങ്ങൾക്കുനേരെ മുന്നോട്ടുവയ്ക്കപ്പെടുന്ന കുറ്റവിചാരണ. സ്വവർഗലൈംഗികതയെക്കുറിച
മതമൂല്യങ്ങളും ദൈവകല്പനകളും കൊണ്ട് സഭ കൂച്ചുവിലങ്ങിട്ടു നിർത്തിയിരിക്കുന്ന സത്യക്രിസ്ത്യാനി കുടുംബങ്ങൾക്കുളളിൽ സാറാജോസഫ് നിക്ഷേപിച്ച കുഴിബോംബാണ് 'ആളോഹരി ആനന്ദം'. സ്‌നേഹമെന്ന മനുഷ്യാവകാശത്തിനുമേൽ ഭരണകൂടവും പൗരോഹിത്യവും ചേർന്നു നടത്തുന്ന കയ്യേറ്റങ്ങൾക്കുനേരെ മുന്നോട്ടുവയ്ക്കപ്പെടുന്ന കുറ്റവിചാരണ. സ്വവർഗലൈംഗികതയെക്കുറിച്ച് പോപ്പ് ഫ്രാൻസിസ് ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗം മുതൽ കഴിഞ്ഞവർഷങ്ങളിൽ ഈ വിഷയത്തിൽ ഇന്ത്യയിൽ സജീവമായ ചർച്ചകളുടെയും ദൽഹി ഹൈക്കോടതിയുടെ വിധിയുടെയും വരെ പശ്ചാത്തലത്തിലെഴുതപ്പെട്ടതാണ് ഈ നോവൽ. ഈ കൃതിയുടെ പ്രസിദ്ധീകരണത്തിനുശേഷമാണ് സുപ്രീംകോടതി സ്വവർഗരതിയെ കുറ്റകൃത്യമായി പ്രഖ്യാപിച്ചത്. അതോടെ 'ആളോഹരി ആനന്ദം' ഉന്നയിച്ച ലൈംഗിക രാഷ്ട്രീയത്തിന് പുതിയ ഒരു പോരാട്ടമൂല്യം കൈവരികയും ചെയ്തിരിക്കുന്നു.
സാറാജോസഫിന്റെ സാഹിത്യജീവിതത്തിന്റെ തുടർച്ചകളുടെയും ഇടർച്ചകളുടെയും ഒരു ഓർമ്മപ്പുസ്തകം കൂടിയാണ് ഈ നോവൽ. സൂക്ഷ്മമായ സ്ത്രീ, ദലിത്, പരിസ്ഥിതിവിഷയങ്ങളിലും നിശിതമായ മതവിമർശനത്തിലും ഈ കൃതി ഒരു തുടർച്ചയാണെങ്കിൽ 377-ാം വകുപ്പു മുൻനിർത്തി സ്വവർഗരതിയെ വിമോചനരാഷ്ട്രീയമായി കാണുന്നതിൽ ഇതൊരു ഇടർച്ചയാണ്. എന്തെന്നാൽ സാറാജോസഫിന്റെ നോവലുകളിലോ കഥകളിലോ ലേഖനങ്ങളിൽ പോലുമോ സ്വവർഗരതിക്കനുകൂലമായ രാഷ്ട്രീയനിലപാടുകൾ ആളോഹരിക്കു മുൻപ് ഉണ്ടായിരുന്നില്ല. ബാർബറാ സ്മിത്തിനെപ്പോലുളളവർ ചൂണ്ടിക്കാണിച്ച, ചരിത്രത്തിലെ പുരുഷാധിപത്യവും വംശത്തിന്റെയും വർണത്തിന്റെയും സ്ത്രീവിരുദ്ധതയുമൊക്കെ നിരന്തരം സംവാദവിഷയങ്ങളാക്കിയപ്പോഴും സ്വവർഗലൈംഗികതയെ വിമോചനരാഷ്ട്രീയമായി സാറാജോസഫ് കണ്ടിരുന്നില്ല. 'ആളോഹരി ആനന്ദം' ഈയർഥത്തിൽ സാറാജോസഫിന്റെ രാഷ്ട്രീയ, ഭാവനാമണ്ഡലങ്ങളിൽ ഒരു വെളളിടിയായി മാറുന്നു.
മണ്ണിൽ തറവാടിന്റെ താവഴികളുടെയും അവിടങ്ങളിലെ സ്ത്രീപുരുഷന്മാരുടെയും അസംതൃപ്തജീവിതങ്ങളുടെ കഥയാണ് ഈ നോവൽ. മാമ്മോദീസ, വിവാഹം, കുരിശ്, പറുദീസ എന്നിങ്ങനെ നാലുഭാഗങ്ങൾ. കുടുംബം, ദാമ്പത്യം, മതം, ലൈംഗികത എന്നിവയുടെ ആണ്ടുകുമ്പസാരം. തീപിടിച്ച വീടുകൾക്കുളളിൽ ജീവിക്കുന്ന സ്ത്രീകൾ, വീടിനെ വെറുക്കുന്ന കുട്ടികൾ, ഭയവും കീഴടങ്ങലുമാണ് സ്ത്രീജീവിതമെന്നു വിശ്വസിക്കുന്ന പുരുഷന്മാർ. ടോൾസ്റ്റോയിയുടെ അന്നാകരിനീന പലവട്ടം ഓർമ്മയിലെത്തിക്കും 'ആളോഹരി ആനന്ദം'. 'സന്തുഷ്ടമായ എല്ലാ കുടുംബങ്ങളും ഒരുപോലെയാണ്: അസന്തുഷ്ടമായ ഓരോ കുടുംബവും ഓരോതരത്തിലും' എന്ന 'അന്ന'യുടെ വിഖ്യാതമായ ആരംഭനിരീക്ഷണം ഈ നോവലിലെ കുടുംബങ്ങൾക്കും ബാധകമാകുന്നു. അന്നയെ ഉദ്ദേശിച്ച് ഒരിക്കൽ കിറ്റി കരേനിനോടു പറയുന്നുണ്ട്, 'ക്രിസ്തുവിനെപ്രതി, നമ്മെ വെറുക്കുന്നവരെ നാം സ്‌നേഹിക്കണം' എന്ന്. കരേനിൻ തിരിച്ചടിച്ചു. 'എന്നെ വെറുക്കുന്നവരെ ഞാൻ സ്‌നേഹിക്കാം. പക്ഷെ ഞാൻ വെറുക്കുന്നവരെയോ?' വെറുക്കുന്നവരെ സ്‌നേഹിക്കാൻ കഴിയാത്ത മനുഷ്യരുടെ സങ്കടങ്ങളാണ് 'ആളോഹരി ആനന്ദം'.
സാറാജോസഫിന്റെ നോവലിലെ ഇഷാന എന്ന കഥാപാത്രം പറയുന്നു:''കല്യാണം പടുകുഴിയാണ്; കുടുംബം നരകവും'. ചിലത് കാരാഗൃഹം, ചിലത് ശവമഞ്ചം, ചിലത് പറുദീസ. ആളോഹരിയിലെ കുടുംബങ്ങൾ മിക്കതും പറുദീസയല്ല. അവ കാരാഗൃഹങ്ങളോ ശവമഞ്ചങ്ങളോ ആണ്.
വിവാഹം കഴിച്ചവരുടെയും കഴിക്കില്ല എന്നു തീരുമാനിച്ചവരുടെയും ജീവിതമാണ് ആളോഹരി. കിടപ്പറയിലെ ബലാത്സംഗം മുതൽ സംഗരഹിതമായ കിടപ്പറകൾവരെ അവരെ ചൂഴ്ന്നുനിൽക്കുന്നു. സ്ത്രീപുരുഷബന്ധം മാത്രമല്ല പ്രണയത്തിന്റെയും ആനന്ദത്തിന്റെയും മാർഗമെന്നു കണ്ടെത്തുന്ന സ്ത്രീകളുടെ അവകാശരേഖയുമാണ് ഈ നോവൽ. രാഷ്ട്രവും മതവും ഒരേസ്വരത്തിൽ സ്ത്രീക്കുമേൽ നടത്തുന്ന കയ്യേറ്റങ്ങൾ നോവലിലുടനീളമുണ്ട്. ഉഭയ, സ്വവർഗരതിതാൽപര്യങ്ങൾക്ക് ഒരേ മൂല്യവും സാധ്യതയുമാണുളളതെന്നു പ്രഖ്യാപിച്ചുകൊണ്ട് സ്ത്രീക്കും അവളുടെ ലൈംഗികതക്കും മേലുളള മത-ഭരണകൂടാധിനിവേശങ്ങൾക്കെതിരെ ഒളിപ്പോരുനടത്തുന്ന 'ആളോഹരി ആനന്ദം' ലിംഗാതീതമായ പ്രണയത്തിന്റെ മനുഷ്യാവകാശരേഖയാണ്.
ഉറൂബിന്റെ ഉമ്മാച്ചുവിനും മായനുംശേഷം ഇത്രമേൽ തീവ്രമായി പരസ്പരം പ്രണയിക്കുന്ന വിവാഹിതരുടെ സാന്നിധ്യം ഈ നോവലിലാണുളളത്. പോളും അനുവും പ്രതിനിധാനം ചെയ്യുന്ന വിവാഹിതരുടെ പ്രണയാനുഭവം കുടുംബങ്ങളിലെയും ദാമ്പത്യങ്ങളിലെയും കാപട്യങ്ങളുടെ മറനീക്കുമ്പോൾ, തെരേസയും രേഷ്മയും പ്രതിനിധാനം ചെയ്യുന്ന സ്ത്രീകളുടെ സ്വവർഗാനുരാഗം മതങ്ങൾ മുതൽ ഭരണകൂടം വരെയുളളവ അനുശാസിക്കുന്ന ലൈംഗിക നിയമങ്ങളുടെ മനുഷ്യവിരുദ്ധത തുറന്നുകാണിക്കുന്നു. മറ്റൊരു മലയാളനോവലും വിവാഹിതരുടെ പ്രണയവും സ്വവർഗരതിയുടെ രാഷ്ട്രീയവും ഇത്രമേൽ തീഷ്ണമായി ഇന്നോളമാവിഷ്‌ക്കരിച്ചിട്ടില്ല. വലിയൊരു വലിച്ചുതുറക്കലാണ് 'ആളോഹരി ആനന്ദം'. നമ്മുടെ കുടുംബ-ദാമ്പത്യ-ലൈംഗിക കാപട്യങ്ങളുടെ വലിയൊരു കല്ലറതുറക്കൽ. പ്രണയത്തിന്റെ വിചിത്ര സഞ്ചാരങ്ങൾക്കും ജീവിതത്തിന്റെ ആനന്ദമാർഗങ്ങൾക്കും ശരീരത്തിന്റെ കാമനാവേഗങ്ങൾക്കും ലൈംഗികതയുടെ വിമോചനരാഷ്ട്രീയങ്ങൾക്കും അനുകൂലമായി വിധിയെഴുതുന്ന ഒരു ദൈവത്തിന്റെ അദൃശ്യസാന്നിധ്യം ഈ നോവലിലെ മനുഷ്യർക്കുമേൽ സാറാജോസഫ് സൃഷ്ടിച്ചുനൽകുന്നു. 'ആളോഹരി ആനന്ദം' അങ്ങനെ മലയാളത്തിലെഴുതപ്പെട്ട ഏറ്റവും ശ്രദ്ധേയമായ ഒരു മതവിമർശനപാഠവും സ്ത്രീസ്വാതന്ത്ര്യരേഖയുമായിത്തീരുന്നു.
ആളോഹരി ആനന്ദം (നോവൽ)
സാറാജോസഫ്
കറന്റ്ബുക്‌സ്, തൃശൂർ
2013, വില: 350 രൂപ
നോവലിൽനിന്ന് ഒരു ഭാഗം
അനു ഒരു മുഖംമൂടി അണിഞ്ഞിട്ടില്ലെന്ന് പോൾ വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കാൻതക്ക അടുപ്പമോ അറിവോ അവളെപ്പറ്റി അയാൾക്കില്ല. എത്രകാലം ദുഃഖത്തിൽ കഴിഞ്ഞാലായിരിക്കും ഒരു സ്ത്രീയുടെ കൺതടങ്ങൾ ഇത്രയും ഇരുണ്ടുപോവുക?
എമ്മ അവളെ ചേർത്തുപിടിക്കുന്നതു കണ്ടു. അവൾ എമ്മയുടെ തോളിലേക്ക് ചായുന്നതും. ചിത്രത്തിലെഴുതിയതുപോലെയാണ് പോളിന് ആ സ്ത്രീകളുടെ ഇരിപ്പ് അനുഭവപ്പെട്ടത്. എമ്മ അനുവിന്റെ പുറത്ത് തലോടിക്കൊണ്ടിരുന്നു.
പെട്ടെന്ന്, അവളല്പം പരിഭ്രമത്തോടെ ചുറ്റും നോക്കി. സാരിത്തലപ്പുയർത്തി മുഖം തുടച്ചു. അവളെത്തന്നെ ഉറ്റുനോക്കിക്കൊണ്ട് അല്പമകലെ നില്ക്കുന്ന അയാളെ അപ്പോഴാണവൾ ശ്രദ്ധിച്ചത്. അയാൾക്ക് തോന്നിയതാവണം, അല്ലെങ്കിലയാൾ ആഗ്രഹിച്ചതാവണം, ഉദിച്ചുമായുന്നൊരു മിന്നൽപോലെ ഒരു നിമിഷത്തേയ്ക്കവളുടെ മുഖം പ്രകാശിച്ചു! പെട്ടെന്നയാൾ നോട്ടം പിൻവലിച്ചു. എന്തിനെന്നറിഞ്ഞുകൂടാ. അവളെത്തന്നെ നോക്കിക്കൊണ്ട് നില്ക്കുകയായിരുന്നു താനെന്ന് അവളറിയരുത് എന്ന് തോന്നിയിട്ടാവാം. എന്നാൽ അടുത്തനിമിഷംതന്നെ അവളിലേക്ക് പാഞ്ഞ കണ്ണുകളെ അയാൾ നിയന്ത്രിച്ചുമില്ല. അനു പരിചയഭാവത്തിൽ ചിരിച്ചു. അവൾ വീണ്ടും എമ്മയിലേക്ക് തിരിഞ്ഞപ്പോൾ അതവിടെ തീർന്നുവെന്നയാൾ കരുതി. ഒരേസമയം നിരാശയോടേയും ആശ്വാസത്തോടേയും. എന്നാൽ എമ്മയോട് സംസാരിച്ചുകൊണ്ടിരിയ്‌ക്കെത്തന്നെ അവളുടെ കണ്ണുകൾ അയാളെ തേടുന്നുണ്ടായിരുന്നു. തനിക്ക് തോന്നുന്നതാണ്. അയാൾ സംശയിച്ചു. അല്ല, തോന്നലല്ല. അയാൾ അദ്ഭുതപ്പെട്ടു. അയാളെങ്ങോട്ടു തിരിഞ്ഞാലും വളഞ്ഞൊഴുകുന്നൊരു പ്രകാശനദിപോലെ അവളുടെ നോട്ടം അയാളെത്തേടിയെത്തിക്കൊണ്ടിരിക്കുന്നു. അതിൽ മുങ്ങിമരിക്കുകയല്ലാതെ അയാൾക്ക് ഗത്യന്തരമില്ലെന്നായി.
ചെറിയ നിമിഷങ്ങൾ!
അതിനു പക്ഷേ യുഗങ്ങളുടെ ആഴം!
അടിവയറ്റിൽനിന്ന് കാളലുകൾ ഉയർത്തിക്കൊണ്ട് അതയാളെ ആകാശത്തേയ്‌ക്കെടുത്തെറിഞ്ഞു. ആഴിയിൽ മുക്കിത്താഴ്‌ത്തി. പരിസരബോധത്തിലേയ്ക്കുണരുകയും ഞെട്ടിപ്പി•ാറുകയും ചെയ്യുന്നതിന്റെ ഇടവേളകൾ ചുരുങ്ങിക്കൊണ്ടിരുന്നു. ചിലപ്പോഴൊരു നക്ഷത്രം കൈയിൽ വന്നുവീഴുംപോലെ അവളുടെ നോട്ടം അയാൾക്കു കിട്ടി. ചിലപ്പോഴൊരു കാറ്റ് വന്ന് എടുത്തുയർത്തിക്കൊണ്ടു പോകുംപോലെ അതയാളുടെ നിലതെറ്റിച്ചു. ഓർക്കാപ്പുറത്തെ വേനൽമഴയായിപ്പെയ്ത് അതയാളെ നൃത്തം ചെയ്യിച്ചു. ചിലപ്പോൾ കനലായി വീണ് അയാളുടെ നെഞ്ചെരിയിച്ചു.
ഒന്നും പറയേണ്ടിവന്നില്ല.
ഒരുറപ്പും കൊടുക്കേണ്ടി വന്നില്ല.