മുംബൈ: രാജ്യത്തെ വസ്‌ത്രോല്പന മേഖലയിൽ ഉണർവ്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം വസ്‌ത്രോല്പന മേഖലയിൽ നേരിട്ടുളള വിദേശനിക്ഷേപത്തിൽ 91 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.

2013-14 സാമ്പത്തിക വർഷത്തിൽ ഏകദേശം 20 കോടി ഡോളറിന്റെ നേരിട്ടുളള വിദേശനിക്ഷേപമാണ് വസ്‌ത്രോല്പന മേഖലയിലേക്ക് ഒഴുകിയെത്തിയത്. മുൻ സാമ്പത്തികവർഷം ഇത് 10.38 കോടി ഡോളറായിരുന്നു. 16.41 കോടി ഡോളറായിരുന്നു 2011-12 സാമ്പത്തിക വർഷത്തിലെ നേരിട്ടുളള വിദേശനിക്ഷേപം.

നടപ്പുസാമ്പത്തികവർഷത്തിന്റെ ആദ്യരണ്ടുമാസങ്ങളിൽ വസ്‌ത്രോല്പന മേഖലയിലെ നേരിട്ടുളളവിദേശനിക്ഷപം 1.17 കോടി ഡോളറാണെന്ന് ടെക്‌സ്‌റ്റെൽ മന്ത്രാലയം വ്യക്തമാക്കുന്നു. യു.എ.ഇ, സ്വീറ്റ്‌സർലന്റ്, സിംഗപ്പൂർ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് മുഖ്യമായി നേരിട്ടുളളവിദേശനിക്ഷേപം ലഭിക്കുന്നത്. വിദേശനിക്ഷേപത്തിലുണ്ടായ ഗണ്യമായ വർധനയെ അനുകൂല മാറ്റമായിട്ടാണ് മേഖലയിലുളളവർ കാണുന്നത്.

വസ്‌ത്രോല്പന മേഖലയുടെ വളർച്ചയ്ക്കായി കേന്ദ്രസർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. നേരിട്ടുളള വിദേശനിക്ഷേപത്തെ ആകർഷിക്കാൻ ലക്ഷ്യമിട്ട് മേഖലയെ സാങ്കേതികമായി നവീകരിക്കുക എന്നതാണ് ഇതിൽ പ്രധാനം. ഇതിന് പ്രത്യേക ഫണ്ടിനും കേന്ദ്രസർക്കാർ രൂപം നൽകിയിട്ടുണ്ട്. സംയോജിത ടെക്‌സ്‌റ്റെൽ പാർക്കുകൾ, വൈദഗധ്യവികസനം എന്നിവയാണ് മറ്റു പദ്ധതികളെന്ന് ടെക്‌സ്‌റ്റെൽ മന്ത്രാലയം അറിയിച്ചു.