കൊല്ലം: മദ്യപിച്ചെത്തിയ ആൾ റെയിൽവേ ഗേറ്റിനുള്ളിൽ കടന്ന് റെയിൽവേ പാളത്തിൽ അഴിഞ്ഞാടി. കരുനാഗപ്പള്ളി ചിറ്റുമൂല ലവൽ ക്രോസിലായിരുന്നു മദ്യപാനിയുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ ദിവസമായിരുന്നു നാടകീയ സംഭവങ്ങൾ.

ട്രെയിൻ കടന്നു പോകാനായി ഗേറ്റ് അടച്ചപ്പോഴാണ് മദ്യപാനി പാളത്തിൽ കയറി നിന്നത്. ഏറെ നേരം പാളത്തിൽ നിന്നതോടെ ഗേറ്റ് കീപ്പർ മാറി നിൽക്കാൻ പറഞ്ഞു. ഇതോടെ മദ്യപാനി ഗേറ്റ് കീപ്പറുമായി വാക്കേറ്റമായി.

വാക്കേറ്റം മുത്ത് കയ്യാങ്കളിയായതോടെ നാട്ടുകാർ തടിച്ചു കൂടി. ഇതോടെ ഗേറ്റ് കീപ്പർ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ സംഭവം വിളിച്ചറിയിച്ചു. ഇതിനെ തുടർന്ന് തിരുവനന്തപുരം - മംഗലാപുരം മലബാർ എക്‌സ്‌പ്രെസ് സ്റ്റേഷനിൽ പിടിച്ചിടുകയും കരുനാഗപ്പള്ളി പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.

ഈ സമയം മദ്യപാനി മേൽപ്പാലം വരണമെന്നാവശ്യപ്പെട്ട് പാളത്തിൽ കിടന്ന് പ്രതിഷേധിച്ചു. ഇതോടെ അക്രമിയെ നാട്ടുകാർ ബലപ്രയോഗത്തിലൂടെ പാളത്തിൽ നിന്നു പിടിച്ചു മാറ്റി. കരുനാഗപ്പള്ളി പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

ഏറെ ഗതാഗത തിരക്കുള്ള റോഡാണ് പുതിയകാവ് - ചക്കുവള്ളി റോഡ്. ദിവസം നൂറിലധികം ട്രെയിൻ കടന്നു പോകുന്നതിനാൽ ഈ റോഡിലെ ലെവൽ ക്രോസായ ചിറ്റു മൂലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

റെയിൽവേ മേൽപ്പാലത്തിനായി കേന്ദ്ര ഗവൺമെന്റ് ഫണ്ട് അനുവദിക്കുകയും മണ്ണ് പരിശോധന നടത്തുകയും ചെയ്തിരുന്നു. അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കുവാനുള്ള താമസമാണ് മേൽപ്പാലത്തിന്റെ നിർമ്മാണം വൈകുന്നതിന്റെ കാരണം. മദ്യപിച്ചെത്തിയ ആളുടെ പ്രതിഷേധം കണക്കിലെടുത്തെങ്കിലും നാട്ടുകാർ മുന്നിട്ടിറങ്ങി മേൽപ്പാലം നിർമ്മാണത്തിന് മുൻകൈ എടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.