ഡബ്ലിൻ: ബോർഡ് ഗ്യാസ് എനർജി ഉപയോക്താക്കൾക്ക് ഇനി ബില്ലിൽ കുറവ് അനുഭവിക്കാം. ഗാർഹിക ഉപയോഗത്തിനുള്ള ഗ്യാസ് വില 3.5 ശതമാനവും ഇലക്ട്രിസിറ്റി ബില്ലിൽ 2.5 ശതമാനവും കുറവാണ് ബോർഡ് ഗ്യാസ് വരുത്തുന്നത്. മാർച്ച് 16 മുതൽ പ്രാബല്യത്തിലാകുന്ന ഈ വിലക്കുറവ് മൂലം നിലവിലുള്ള ഉപയോക്താക്കൾക്ക് വൻ ലാഭമാണ് വരുത്തുന്നത്.

ഗ്യാസ് ബില്ലിൽ ശരാശരി 29.47 യൂറോയും ഇലക്ട്രിസിറ്റിൽ ബില്ലിൽ 24.91 യൂറോയുമാണ് ഇതുവഴി ഉപയോക്താക്കൾക്ക് ലാഭമുണ്ടാകുന്നത്. വീട്ടാവശ്യങ്ങൾക്കുള്ള യൂട്ടിലിറ്റി ബില്ലിൽ കുറവു വരുത്താൻ എനർജി കമ്പനികളോട് എനർജി മിനിസ്റ്റർ അലക്‌സ് വൈറ്റ് ആഹ്വാനം നടത്തിയതിന്റെ പ്രതിഫലനാണ് ബോർഡ് ഗ്യാസ് വിലക്കുറവ് പ്രഖ്യാപിക്കാൻ കാരണം. കമോദിറ്റി വിലയിൽ കുറവ് വന്ന സാഹചര്യത്തിൽ അതിന്റെ ഗുണം എനർജി കമ്പനികൾ ഉപയോക്താക്കൾക്ക് നൽകുന്നില്ല എന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ബില്ലുകൾ വെട്ടിച്ചുരുക്കാൻ മന്ത്രി  ആഹ്വാനം നൽകിയത്.

ബോർഡ് ഗ്യാസിന്റെ യുകെയിലുള്ള സഹോദരസ്ഥാപനമായ  ബ്രിട്ടീഷ് ഗ്യാസ് അതിന്റെ യുകെ ഉപയോക്താക്കൾക്ക് അഞ്ചു ശതമാനം വിലക്കുറവ് ഈ ആഴ്ചയിൽ പ്രഖ്യാപിച്ചിരുന്നു. തുടർ നടപടിയെന്നോണം ബോർഡ് ഗ്യാസ് അയർലണ്ടിൽ വിലക്കുറവ് പ്രഖ്യാപിക്കുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വിലക്കുറവിന് ആനുപാതികമായാണ് ഇവിടേയും വില കുറയ്ക്കുന്നതെന്ന് ബോർഡ് ഗ്യാസ് എനർജി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡേവ് കിർവാൻ പ്രസ്താവനയിൽ അറിയിച്ചു. അന്താരാഷ്ട്ര വിപണിയിൽ ഇന്ധനത്തിന് ഇനിയും വിലക്കുറവ് നേരിട്ടാൽ അത് വീണ്ടും ഉപയോക്താക്കൾക്ക് അനുഭവിക്കാൻ തക്ക സാഹചര്യം ബോർഡ് ഗ്യാസ് ഒരുക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയിൽ കഴിഞ്ഞ വർഷം മൊത്ത ഗ്യാസ് വിലയിൽ 24 ശതമാനം കുറവ് അനുഭവപ്പെട്ടിരുന്നു. രാജ്യത്തെ പകുതിയിലേറെയും വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നത് ഗ്യാസ് ഉപയോഗിച്ചാണ്. ഗാർഹിക വിതരണത്തിലും ഗ്യാസ് തന്നെയാണ് പ്രധാനമായിട്ടുള്ളത്.