- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുഴൽക്കിണറിൽ അകപ്പെടുന്ന കുട്ടികളെ 'തലയ്ക്കു പിടിച്ച്' രക്ഷപ്പെടുത്താം; ഇൻഫ്രാറെഡ് ക്യാമറാ നിരീക്ഷണം രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കും; കുട്ടിയെ ആശ്വാസിപ്പിക്കാൻ റോബർട്ടും; ഓക്സിജൻ എത്തിക്കാനും സംവിധാനം; ചെലവ് വെറും 28,000രൂപയം; 'മാളൂട്ടിമാർ' ഇനിയുണ്ടാകില്ല; ബോർവെൽ റോബർട്ടുമായി എഴുകോൺ ടി കെ എമ്മിലെ വിദ്യാർത്ഥികൾ
തിരുവനന്തപുരം: രണ്ടാഴ്ച മുൻപ് ഛത്തീസ്‌ഗഡിലെ പിഹ്രിദ് ഗ്രാമ വാസികളെല്ലാം പ്രാർത്ഥനയിലായിരുന്നു.കുഴൽക്കിണറിൽ വീണ 10 വയസ്സുകാരനെ തിരിച്ചു തരണെ എന്നുള്ള പ്രാർത്ഥന. വീട്ട് മുറ്റത്തെ 50 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് കുട്ടി വീണത്. കഴിഞ്ഞ ദീപാവലി ദിനത്തിലാണെങ്കിൽ തമിഴ്‌നാട് ഒന്നാകെ പ്രാർത്ഥനയിലായിരുന്നു . രണ്ടര വയസ്സുകാരന്റെ ജീവനായി. തിരുച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ വീണ രണ്ടര വയസുകാരൻ സുജിത്തിന് വേണ്ടി നടത്തിയ രക്ഷ ദൗത്യം സമാനതകൾ ഇല്ലാത്തതായിരുന്നു.
രാജ്യത്തിന്റെ പല ഭാഗത്തു നിന്നും പല കാലങ്ങളായി കുട്ടികൾ കുഴൽ കിണറുകളിലും കിണറുകളിലും വീഴുന്നുവെന്ന വാർത്തകൾ ഉണ്ടാകാറുണ്ട്. ഈ വാർത്തകൾ കേൾക്കുമ്പോൾ മലയാളികൾ ആദ്യം ഓർക്കുന്നത് പക്ഷേ ഒരു സിനിമയാണ്. 1990-ൽ ജോൺപോൾ രചിച്ച് ഭരതന്റെ സംവിധാനത്തിൽ എത്തിയ ചിത്രം 'മാളൂട്ടി'. സിനിമ കണ്ട ആർക്കും ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ അതിലെ രംഗങ്ങൾ മനസ്സിലേക്ക് വരാതിരിക്കില്ല.
സിനിമയിൽ കുട്ടി അവസാനം രക്ഷപെടുന്നത് കാണുമ്പോൾ പ്രേക്ഷകനും ആശ്വസിക്കുന്നുണ്ട്. ഒരു കുഞ്ഞിനും ഈ അനുഭവം ഉണ്ടാകരുതെന്ന് പ്രാർത്ഥിക്കുന്നുണ്ട് . 2017-ൽ പുറത്തിറങ്ങിയ നയൻതാര പ്രധാന വേഷത്തിലെത്തിയ 'അറം' എന്ന ചിത്രവും സമാനമായ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. പക്ഷേ 'മാളൂട്ടി' പുറത്തിറങ്ങി 30 വർഷത്തോളം ആകുമ്പോഴും സ്ഥിതിഗതികൾക്ക് മാറ്റമില്ല. മൂടാത്ത കിണറുകളും കുഴികളും കുഴൽകിണറുകളും ഇന്നും നിലനിൽക്കുന്നു.
ഈ സാഹചര്യത്തിലാണ് കൊല്ലം ഏഴുകോൺ ടി കെ എം എഞ്ചിനിയറിങ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനിയറിങ് വിദ്യാർത്ഥികൾ നിർമ്മിച്ച ബോർവെൽ റോബർട്ട് ശ്രദ്ധേയമാകുന്നത്. ഇടുങ്ങിയ കുഴൽക്കിണറിൽ അകപ്പെടുന്ന കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താൻ ഇനി യന്ത്രക്കൈകൾ നീളും. കുട്ടികളെ 'തലയ്ക്കു പിടിച്ച്' രക്ഷപ്പെടുത്തുന്ന ബോർവെൽ റെസ്‌ക്യൂ റോബട്ട് എഴുകോൺ കാരുവേലിൽ ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ നാലംഗ വിദ്യാർത്ഥി സംഘമാണ് വികസിപ്പിച്ചെടുത്തത്. നിലവിൽ കുഴൽ കിണറിൽ വീണ കുട്ടികളെ സമാന്തര കുഴി ഉണ്ടാക്കി രക്ഷിക്കാനാണ് ശ്രമിക്കണ്ടത് ഇത് പലപ്പോഴും പരാജയമാകാറുണ്ട്.
ബോർവെൽ റോബർട്ടിലേയ്ക്ക് കുട്ടികൾ എത്തിയ കഥ
പഠനത്തിന്റെ ഭാഗമായുള്ള ഏഴ്, എട്ട് സെമസ്റ്ററുകൾ പ്രോജക്ടുകൾ ചെയ്യുക എന്നതാണ്. ഒരു സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രോജക്ട് ആകണം എന്ന നിലയിലാണ് ഈ ആശയവുമായി വകുപ്പ് മേധാവി ഡോ. സാബുവിനെ കുട്ടികൾ കാണുന്നത്. തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ നിന്നും വിരമിച്ച ശേഷം ടി കെ എം ൽ എത്തിയ ഡോ. സാബു ഭൂഗർഭ ജല അഥോറിറ്റിയിൽ ആദ്യകാലത്ത് ജോലി ചെയ്തിരുന്നതു കൊണ്ട് തന്നെ കുട്ടികളുടെ ഈ നീക്കത്തിന് എല്ലാ പിന്തുണയും നല്കി. അങ്ങനെയാണ് ബോർവെൽ റോബർട്ട് പിറക്കുന്നത്.
ഇടുങ്ങിയ കുഴൽക്കിണറിൽ അകപ്പെടുന്ന കുട്ടികളെ 'തലയ്ക്കു പിടിച്ച്' രക്ഷപ്പെടുത്തുന്ന ബോർവെൽ റെസ്‌ക്യൂ റോബട്ട്് നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് കുട്ടികൾ ഇത് അവതരിപ്പിച്ചത്. കുഴൽക്കിണറിലേക്ക് ഇറങ്ങുന്ന യന്ത്രക്കൈ ആണ് കുഴൽ കിണറിൽ വീണ കുട്ടിയെ പിടിച്ചുയർത്തുന്നത്. പോളി യൂറിത്തീൻ സാമഗ്രി കൊണ്ടാണു യന്ത്രക്കൈ അഥവ ജോ (ഷമം) നിർമ്മിച്ചിട്ടുള്ളത്. ഇത് തികച്ചു സോഫ്ടും സ്ട്രംങ്ത്തും ആയ ഒരു മെറ്റീരിയൽ ആണ്. ഇരുമ്പോ ഉരുക്കോ പോലെ വേദനിപ്പിക്കുന്ന ഒരു ലോഹമല്ല പോളി യൂറിത്തീൻ.
യന്ത്രക്കൈ ഇരു ചെവികളോടും ചേർത്തു പിടിച്ചാണു കുട്ടിയെ ഉയർത്തുക. കംപ്രസ്ഡ് എയർ സിസ്ററം അഥവാ ന്യൂമാറ്റിക് സിസ്റ്റമാണ് ഈ സംവിധാനം വിജയിപ്പിക്കാൻ ഉപയോഗിച്ചത്. കുഴൽ കിണറിൽ നിന്നും കുട്ടിയെ രക്ഷിക്കുന്ന മുഴുവൻ കാര്യങ്ങളും ഇൻഫ്രാ റെഡ് ക്യാമറ വഴി നിരീക്ഷിക്കാം. റോബർട്ടിനെ നിയന്ത്രിക്കുന്ന ആളിന് തന്നെ ക്യാമറ കണ്ട് കാര്യങ്ങൾ മുന്നോട്ടു നീക്കാം. കൂടാതെ ആശയവിനിമയം പൂർണ തോതിൽ നടക്കില്ലങ്കിലും കുഴൽ കിണറിൽ കുടുങ്ങിയ കുട്ടിക്ക് ആശ്വാസ വാക്കുകൾ റോബർട്ട് വഴി കേൾപ്പിക്കാനും കഴിയും. കൂടാതെ ഈ റോബർട്ടിന് തന്നെ കുട്ടിയിക്ക് ഓക്സിജൻ എത്തിക്കാനും കഴിവുണ്ട്.
കുട്ടിയുടെ ശരീര ഭാഗത്തിനു അനുയോജ്യമായി വിധത്തിൽ റോബട്ടിന് രൂപമാറ്റം വരുത്താനാകും. അതിനാൽ കുട്ടിയെ എടുക്കുമ്പോൾ ആഘാതം ഉണ്ടാകില്ല. ഉപകരണം 360 ഡിഗ്രിയിൽ തിരിയും. കുട്ടിയുടെ കിടപ്പ് അനുസരിച്ച് ഇതു പ്രവർത്തിക്കും. കുട്ടിയെ പുറത്ത് എത്തിക്കാൻ ഉപയോഗിക്കുന്ന പ്രഷർ ഉൾപ്പെടയുള്ള കാര്യങ്ങളടക്കം ഓപ്പറേറ്റർക്ക് മനസിലാക്കാനാവും. 12കിലോ ഭാരം ഉയർത്താനുള്ള ശേഷി റോബട്ടിന് ഉണ്ട്. പ്രോജക്ട് വിജയം കണ്ടതോടെ ഇതിന്റെ വ്യവസായ സാധ്യത പരിശോധിക്കുകയാണ് ടി കെ എം എഞ്ചിനിയറിങ് കോളേജ്. കൂടാതെ പേറ്റന്റിനുള്ള നടപടികൾ നീക്കി കഴിഞ്ഞു.
28,000 രൂപയാണ് ഉപകരണത്തിനു ചെലവായത്. അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥികളായ ഉവൈസ് സിദ്ദിഖ്, ബിപിൻ ബാബു, മോഹിത് മോഹൻ, അബ്ദുല്ല യൂസുഫ് അലി എന്നിവരാണ് ഉപകരണം വികസിപ്പിച്ചത്. വകുപ്പ് മേധാവി ഡോ.സാബു, ഫാബ്രിക്കേഷൻ ഗൈഡ് പി.കെ.വിജയമോഹൻ, ഇൻസ്ട്രക്ടർമാരായ അലിയാർകുഞ്ഞ്, അബ്ദുൽ ഖാദർ എന്നിവരുടെ പിന്തുണ ഉണ്ടായിരുന്നു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്