ഫാങ്ക്ഫുർട്ട്: ടെന്നിസിലെ ഇതിഹാസ താരമാണ് ബോറിസ് ബെക്കർ. വിംബിഡൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടുന്ന ആദ്യത്തെ സീഡുചെയ്യപ്പെടാത്ത കളിക്കാരൻ, ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ, ആദ്യ ജർമ്മനിക്കാരൻ എന്ന മൂന്നു ബഹുമതികൾ ബോറിസ് ബെക്കർ തനിക്ക് 17 വയസും 7 മാസവുമുള്ളപ്പോൾ സ്വന്തമാക്കി. ബെക്കറുടെ മകളുടെ പ്രായം 14. തന്റെ മേഖലയിൽ അച്ഛന്റെ നേട്ടങ്ങൾക്ക് സമാനമായത് മകളും സ്വന്തമാക്കുന്നു.

ഇത്തവണത്തെ ബെർലിൻ ഫാഷൻ വീക്കിന്റെ താരമായത് അന്ന എർമക്കോവയാണ്. അന്ന എർമക്കോവ - ബോറിസ് ബെക്കറുടെ ജാര സന്തതിയാണ്. കുട്ടിത്തം വിട്ട്, മോഡലിങ്ങിന്റെ തീക്ഷ്ണ യൗവനത്തിലേക്കു ചുവടുവയ്ക്കുന്ന പ്രശസ്തയായ പെൺകുട്ടി. അനുസരണയില്ലാതെ പാറിപ്പറക്കുന്ന തലമുടി, മുഖത്ത് അപാരമായ ആത്മവിശ്വാസം. മിന്നിത്തിളങ്ങുന്ന കറുപ്പു കുട്ടിയുടുപ്പിൽ 'പൂച്ചനടത്തവുമായി ബെർലിൻ ഫാഷൻ വീക്കിൽ അന്ന താരമായി. ഇതോടെ പുതിയ മോഡലിങ്ങ് ഹീറോയായി എർമക്കോവ മാറുകയാണ്.

ബെക്കറും റഷ്യൻ മോഡൽ എയ്ഞ്ചല എർമക്കോവയും തമ്മിലുണ്ടായ അവിഹിത ശാരീരിക ബന്ധത്തിന്റെ സന്തതിയാണ് അന്ന. ബോറീസ് ബെക്കറുടെ രൂപസാദൃശ്യമുള്ള അന്നയുടെ അച്ഛൻ ആരെന്ന് ഒറ്റ നോട്ടത്തിൽ തന്നെ ആരും തരിച്ചറിയും. പക്ഷേ . കരിയറിന്റെ കാര്യത്തിൽ അന്ന അമ്മയുടെ പുത്രിയാണ്. മോഡലായി അറിയപ്പെടുകയെന്നതാണ് അവളുടെ ഏറ്റവും വലിയ സ്വപ്നം. നാൽപത്തേഴുകാരിയായ അമ്മയ്‌ക്കൊപ്പം ലണ്ടനിലാണ് ഇപ്പോൾ അന്നയുടെ താമസം. മകൾ ആദ്യമായി റാംപിലെത്തുന്നതു കാണാൻ എയ്ഞ്ചലയും ബെർലിനിലെത്തിയിരുന്നു. അന്നയുടെ മോഡലിങ് അരങ്ങേറ്റം ആഘോഷിച്ച് നാൽപത്തെട്ടുകാരനായ ബെക്കറിന്റെ ട്വീറ്റുകളും തരംഗമായി.

ആദ്യഭാര്യ ബാർബറ ഫെൽറ്റസ് രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുമ്പോഴാണു റഷ്യൻ സുന്ദരി എയ്ഞ്ചലയിലുമായി ബെക്കർഅടുക്കുന്നത്. 1999ലെ വേനലിലായിരുന്നു അത് എട്ടുമാസം കഴിഞ്ഞപ്പോൾ ബെക്കറിനെത്തേടി എയ്ഞ്ചലയുടെ ഫാക്‌സ് സന്ദേശമെത്തി - താൻ ഗർഭിണിയാണ്. ജീവിതത്തിൽ ഇത്രയേറെ ഞെട്ടിത്തരിച്ചുപോയ നിമിഷം വേറെയില്ലെന്നാണ് ആത്മകഥയിൽ അദ്ദേഹം പിന്നീടു വെളിപ്പെടുത്തിയത്. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ബാർബറ വിവാഹമോചനം തേടി. രണ്ടു മക്കളുടെ സംരക്ഷണാവകാശവും സ്വന്തമാക്കിയ അവർ 1.44 കോടി പൗണ്ട് ജീവനാംശവും നേടിയെടുത്തു.

2000 മാർച്ച് 22ന് ആണ് അന്ന പിറന്നത്. ബെക്കർ ആദ്യം പിതൃത്വം നിഷേധിച്ചെങ്കിലും ഡിഎൻഎ പരിശോധന ആ സത്യം വെളിപ്പെടുത്തി. കേരള ബന്ധമുള്ള ജർമൻ പോപ്പ് താരം സബ്രീന സെറ്റ്‌ലറുമായുള്ള പ്രണയം കാലമായിരുന്നു അത്. പിന്നീട് ആ ബന്ധവും തകർന്നു. 2009ൽ ഡച്ച് മോഡലായ ഷാർലലി ലിലി കെർസെൻബർഗിനെ ബെക്കർ വിവാഹം കഴിച്ചു.