- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിദേശയാത്ര നിയന്ത്രണം എടുത്തു കളയുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി; കോവിഡ് വരാതിരിക്കാൻ രണ്ടുവർഷത്തേക്ക് യാത്ര അരുതെന്ന് വിദഗ്ദർ; നീണ്ട വിമാനയാത്രകൾക്കായി ഇനിയും എത്രനാൾ കാത്തിരിക്കണം?
ലണ്ടൻ: 2023 വരെ വിദേശയാത്രകൾ ഒഴിവാക്കണമെന്ന് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതിയിലെ അംഗമായ ഒരു മുതിർന്ന ശാസ്ത്രജ്ഞൻ മുന്നറിയിപ്പ് നൽകുമ്പോഴും, മെയ്-17 ന് അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ എടുത്തുകളയുന്നതോടെ വേനൽക്കാൽ അവധിയാത്രകൾക്ക് തയ്യാറെടുക്കുകയാണ് നിരവധി ബ്രിട്ടീഷുകാർ. ഇവർക്കൊപ്പം നാട്ടിലേക്ക് തിരിക്കാൻ ആഗ്രഹിക്കുന്ന, മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യാക്കാരും നിരവധിയാണ്. ഗ്രീസ്, സ്പെയിൻ, ടർക്കി ഈനിവിടങ്ങളിലേക്കുള്ള ഹോളിഡേ ബുക്കിംഗിന് തിരക്ക് വർദ്ധിച്ചതായി ബ്രിട്ടനിൽ മുൻനിര ട്രാവൽ ഏജൻസികളും പറയുന്നു.
യാത്രനിയന്ത്രണം നീക്കുന്നതുൾപ്പടെ, ലോക്ക്ഡൗൺ പിൻവലിക്കുന്നതിനുള്ള രൂപരേഖ ബോറിസ് ജോൺസൺ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം തന്നെ ബുക്കിംഗിന് വേഗത കൈവന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫ്ളൈറ്റ് ബുക്കിംഗിൽ 337 ശതമാനത്തിന്റെ വർദ്ധനവും ഹോളിഡേ ഡെസ്റ്റിനേഷൻ ബുക്കിംഗിൽ 630 ശതമാനത്തിന്റെ വർദ്ധനവും ഉണ്ടായതായി ഈസി ജെറ്റ് അറിയിച്ചു. ഇതിൽ ഏറ്റവും അധികം ബുക്കിങ് ഉള്ളത് ഓഗസ്റ്റ് മാസത്തിലേക്കാണ്. ജൂലായും സെപ്റ്റംബറുമാണ് തൊട്ടുപിന്നിലുള്ളത്.
പ്രഖ്യാപനത്തിനു ശേഷം മണിക്കൂറുകൾക്കുള്ളിൽ തന്നെ സമ്മർ ഹോളിഡെ ബുക്കിംഗിൽ 600 ശതമാനത്തിന്റെ വർദ്ധനവുണ്ടായതായി ജെറ്റ് 2 പറയുന്നു. സ്പെയിൻ, സ്പെയിനിലെ ചില ദ്വീപുകൾ, പോർച്ചുഗൽ, ഗ്രീസ്, സൈപ്രസ്, ടർക്കി എന്നിവിടങ്ങളിലേക്കാണ് കൂടുതൽ ബുക്കിംഗുകൾ ഉണ്ടായിട്ടുള്ളത്. തോമസ് കുക്കിലും ബുക്കിംഗിൽ 100 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.
അതേസമയം സർക്കാരിന്റെ ശാസ്ത്രോപദേശക സമിതി അംഗവും യു കെ യുടെ ചീഫ് പാൻഡമിക് മോഡലറുമായ പ്രൊഫസർ ഗ്രഹാം മെഡ്ലി പറയുന്നത് 2023 വരെ വിദേശയാത്രയ്ക്ക് താൻ ഒരുങ്ങുന്നില്ല എന്നാണ്. താൻ ഈ വർഷം വിദേശയാത്രയ്ക്ക് ഒരുങ്ങുന്നില്ലെന്നും അടുത്ത വർഷവും വിദേശയാത്ര ഉണ്ടാകില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. കൂടുതൽ കരുതലുകൾ വേണ്ട സമയമാണിത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നമ്മുടെ രാജ്യത്ത് വാക്സിൻ പദ്ധതി നല്ല രീതിയിൽ പോകുമ്പോൾ മറ്റു പല രാജ്യങ്ങളിലും സ്ഥിതിഗതികൾ അങ്ങനെയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ലോകത്താകെ അനിശ്ചിതാവസ്ഥ നിലനിൽക്കുകയാണെന്നും, ബ്രിട്ടനിലേതുപോലെയല്ല പലയിടങ്ങളിലെ സാഹചര്യങ്ങളെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതേസമയം, ജോട്ടാ ഏവിയേഷൻചെയർമാനും കീപ് ബ്രിട്ടൻ ഫ്രീ മൂവ്മെന്റ് സ്ഥപകനുമായ സൈമൺ ഡോളൻ സർക്കാർ നടപടിയെ വിമർശിച്ച് രംഗത്തെത്തി. കഴിഞ്ഞ ഒരു വർഷമായ വ്യോമയാന മേഖല നിരവധി നിയന്ത്രണങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയഅദ്ദേഹം, നിയന്ത്രണങ്ങൾ നീക്കംചെയ്യാൻ മെയ് 17 വരെ കാത്തുനിൽക്കാൻ കഴിയില്ലെന്നും പറഞ്ഞു.
ഇതിനു മുൻപും പല കാര്യങ്ങളിലും മലക്കം മറിഞ്ഞ സർക്കാർ, മെയ് 17 ന് തന്നെ യാത്രാ നിയന്ത്രണങ്ങൾ നീക്കും എന്ന് വിശ്വസിക്കാനാകില്ലെന്നും അതുകൊണ്ടു തന്നെ നേരത്തേ ബുക്ക് ചെയ്യാൻ കൂടുതൽ ആളുകൾ എത്തുന്നില്ലെന്നും അദ്ദെഹം പറഞ്ഞു. വ്യോമയാന മേഖലയ്ക്ക് തകർച്ചയിൽ നിന്നും കരകയറുന്നതിൽ മറ്റൊരു വിഘാതമാണ് വാക്സിൻ പാസ്സ്പോർട്ട് എന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ ലഭിക്കാൻ കഴിയാത്തവർക്കോ, അല്ലെങ്കിൽ തികച്ചും വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് വാക്സിൻ വേണ്ടെന്ന് തീരുമാനിച്ചവർക്കോ യാത്രചെയ്യുവാൻ ഇതുമൂലം ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ട്രാവൽ മേഖല തുറക്കാനുള്ള ബോറിസ് ജോൺസന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് തോമസ് കുക്ക് ചീഫ് എക്സിക്യുട്ടീവ് അലൻ ഫ്രഞ്ച്. ഇത് ഒരു നല്ല വാർത്തയാണെന്നും നിരവധിപേർ ഒഴിവുകാല യാത്രകൾ ബുക്ക് ചെയ്യുവാനായി എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ പ്രഖ്യാപനത്തിനു ശേഷം, വ്യോമയാനമേഖലയിലെ സുരക്ഷ കൂടുതൽ ശക്തമാക്കാനുള്ള നടപടികൾക്കായിഗതാഗത വകുപ്പുമായും ഗ്ലോബൽ ട്രാവൽ ടാസ്‌ക്ഫോഴ്സുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് വെർജിൻ അറ്റ്ലാന്റിക് സി ഇ ഒ ഷായ് വീസ് പറഞ്ഞു.
പണം ചെലവഴിക്കുന്നതിനുള്ള കഴിവ് ഏറെയുള്ളതിനാൽ മിക്ക രാജ്യങ്ങളും ബ്രിട്ടീഷ് ടൂറിസ്റ്റുകൾ എത്തുന്നതിൽ സന്തോഷിക്കുന്നവരാണ്. അതുപോലെ ഡിജിറ്റൽ ട്രാവൽ ആപ്പും വാക്സിൻ പാസ്സ്പോർട്ടുമെല്ലാം യാത്ര കൂടുതൽ സുരക്ഷിതമാക്കും. എന്നിരുന്നാലും ധാരാളം പേർ വിദേശയാത്രകൾ ഒഴിവാക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പണ്ടില്ലാത്തതുപോലെ അഭ്യന്തര ടൂറിസത്തിന് ബ്രിട്ടനിൽ ജനപ്രീതിയേറുന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.
മറുനാടന് ഡെസ്ക്