- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
1000 പേരുടെ എങ്കിലും ജീവനെടുത്തേ ഇന്ത്യൻ വകഭേദം മടങ്ങൂവെന്ന മുന്നറിയിപ്പ് തള്ളി സ്വാതന്ത്ര്യ പ്രഖ്യാപനവുമായി ബോറിസ് ജോൺസൺ; അതിവ്യാപന മേഖലയിൽ പട്ടാളമിറങ്ങും; പബ്ബുകൾ തുറന്ന് മുൻപോട്ട്
ലണ്ടൻ: ലോക്ക്ഡൗൺ ഇളവുകളുടെ അടുത്തഘട്ടം പ്രാബല്യത്തിൽ വരേണ്ട ദിവസം അടുത്തുവരുന്നതോടെ, ഇന്ത്യൻ വകഭേദത്തിന്റെ അതിവ്യാപനം തടയുവാനുള്ള സത്വര നടപടികളുമായി ബോറിസ് ജോൺസൺ. ഈ ഇനത്തിന്റെ കനത്ത വ്യാപനമുള്ളയിടങ്ങളിൽ പട്ടാളത്തെ ഇറക്കുകയാണ് ബ്രിട്ടീഷ് സർക്കാർ. കെന്റ് ഇനത്തേക്കാൾ 50ശതമാനത്തിലധികം വ്യാപനശേഷിയുള്ളതാണ് ഇന്ത്യൻ ഇനം എന്ന് തറപ്പിച്ചു പറഞ്ഞ ശാസ്ത്രജ്ഞന്മാർ, വരുന്ന വേനൽക്കാലത്തോടെ പ്രതിദിനം 1000 കോവിഡ് മരണങ്ങളിലേക്കും, 10,000 -ഓളം ഹോസ്പിറ്റൽ അഡ്മിഷനുകളിലേക്കും ഇത് നയിക്കുമെന്ന മുന്നറിയിപ്പും നൽകുന്നു.
വ്യാപകമായ പരിശോധനകൾ നടത്തുന്നതിലും രോഗവ്യാപനം തടയുന്നതിനുള്ള നടപടികളിലും ഇനിമുതൽ പട്ടാളം പ്രധാന പങ്ക് വഹിക്കും. വാക്സിൻ പദ്ധതിക്ക് വീണ്ടും വേഗതകൂട്ടി രോഗവ്യാപനത്തെ തടയുവാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇന്ത്യൻ വകഭേദം അഴിഞ്ഞാടുന്ന ബോൾട്ടണിലും സമീപത്തുള്ള ബ്ലാക്ബേണിലും ഇതിന്റെ ചുമതല സൈന്യത്തിനായിരിക്കും. 50 വയസ്സിനു മുകളിലുള്ളവർക്കുള്ളവാക്സിൻ നല്കൽ ത്വരിതപ്പെടുത്തുക എന്നതാണ് പ്രധാന ഉദ്ദേശ്യം. നിലവിൽ 12 ആഴ്ച്ചകളാണ് വാക്സിന്റെ രണ്ടു ഡോസുകൾക്കും ഇടയിൽ എങ്കിലും, രോഗം ബാധിക്കുവാനും അത് ഗുരുതരമാകുവാനും ഇടയുള്ള വിഭാഗത്തിൽപ്പെട്ടവരുടെ കാര്യത്തിൽ ഇത് 8 ആഴ്ച്ചയായി കുറയ്ക്കും.
രോഗവ്യാപന ഭീഷണി നിലനിൽക്കുമ്പോഴും, മൂന്നാം ഘട്ട ഇളവുകൾ നേരത്തേ പ്രഖ്യാപിച്ചതുപോലെ വരുന്ന തിങ്കളാഴ്ച്ച മുതൽ തന്നെ നടപ്പിലാക്കുവാനുള്ള ഉറച്ച തീരുമാനത്തിലാണ് ബ്രിട്ടീഷ് സർക്കാർ. പബ്ബുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയവയിൽ ഇൻഡോർ സേവനങ്ങൾ ലഭ്യമാക്കുക, നിയന്ത്രണങ്ങളോടെയുള്ള വിദേശയാത്രകൾ അനുവദിക്കുക, പൊതുയിടങ്ങളിൽ സാമൂഹിക അകലം പാലിക്കൽ നിർത്തലാക്കുക തുടങ്ങിയ ഇളവുകൾ ഈ ഘട്ടത്തിൽ പ്രാബല്യത്തിൽ വരും.
ഇളവുകൾ അനുവദിക്കുമ്പോഴും, പൊതുജനങ്ങൾ വിവേചനബുദ്ധി ഉപയോഗിച്ച് പെരുമാറണമെന്ന് ബോറിസ് ജോൺസൺ അഭ്യർത്ഥിച്ചു. മറ്റൊരു ലോക്ക്ഡൗൺ കൂടി രാജ്യത്തിന് താങ്ങാനാവില്ലെന്നും, അതിലേക്ക് നയിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടയിൽ, മെയ് 5നും 12 നും ഇടയിൽ നടന്ന 97 കോവിഡ് മരണങ്ങളിൽ 5 എണ്ണത്തിൽ പ്രതി ഇന്ത്യൻ വകഭേദമാണെന്ന സ്ഥിരീകരിച്ച റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഇതോടെ, ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് നേരത്തേ തന്നെ വിലക്കു കൽപിക്കാഞ്ഞ ബോറിസ് ജോൺസനെതിരെ കടുത്ത വിമർശനവും ഉയർന്നു വരുന്നുണ്ട്.
വെറും ഒരാഴ്ച്ചകൊണ്ട് ഇന്ത്യൻ വകഭേദത്തിന്റെ വ്യാപനതോത് ഇരട്ടിയായി ഉയരുകയാണ് ഉണ്ടായത്. ഇത് കനത്ത തോതിൽ വ്യാപിക്കുന്ന ബോൾട്ടൺ, ബ്ലാക്ക്ബേൺ എന്നിവിടങ്ങളിൽ വാക്സിൻ പദ്ധതിക്ക് വേഗത വർദ്ധിപ്പിച്ചിട്ടുണ്ട്. പരമാവധി ആളുകൾക്ക് വാക്സിൻ നൽകുവാനായി കമ്മ്യുണിറ്റി പദ്ധതികളും രൂപീകരിച്ചിട്ടുണ്ട്. അതുപോലെ രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താനുള്ള നടപടികൾക്കും വേഗത വർദ്ധിപ്പിച്ചു.
മറുനാടന് ഡെസ്ക്