- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആയിരങ്ങളെ അനാവശ്യമായി കൊലയ്ക്കു കൊടുത്ത പ്രധാനമന്ത്രി; ചക്കിക്കൊത്ത ശങ്കരനായി കാമുകി; ഹെൽത്ത് സെക്രട്ടറിയെ പണ്ടേ പുറത്താക്കണം: ബോറിസ് ജോൺസണിനെതിരെ ആഞ്ഞടിച്ചു പുറത്താക്കപ്പെട്ട ഉപദേശകൻ
ലണ്ടൻ: ബോറിസ് ജോൺസണിനെതിരെ ആഞ്ഞടിച്ച് പുറത്താക്കപ്പെട്ട പ്രധാനമന്ത്രിയുടെ മുൻ മുഖ്യ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിൻസ്. കൊറോണാ വൈറസിന്റെ അതിവ്യാപനം കൈകാര്യം ചെയ്യുന്നതിൽ ബോറിസ് ജോൺസണിന് ഗുരുതരമായ വീഴച സംഭവിച്ചുവെന്നാണ് കമ്മിൻസിന്റെ ആരോപണം. ഇത് ആയിരക്കണക്കിനു പേരുടെ മരണത്തിനു കാരണമാക്കി. കോമൺസ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ, സയൻസ് ആൻഡ് ടെക്നോളജി കമ്മിറ്റിക്ക് മുമ്പാകെ നടത്തിയ തെളിവെടുപ്പു വേളയിലാണ് കമ്മിൻസ് ഈ ആരോപണങ്ങൾ ഉയർത്തിയത്.
പ്രധാനമന്ത്രിയുടെ ഓഫീസ് കൊറോണ വൈറസിനെ ഗൗരവമായി എടുത്തില്ല എന്നുമാത്രമല്ല ഭാവനാസൃഷ്ടി എന്ന രീതിയിൽ തള്ളിക്കളയുകയും ചെയ്തു എന്ന് അദ്ദേഹം പറഞ്ഞു. ഭയപ്പെടേണ്ട ആവശ്യമില്ല എന്ന് കാണിക്കാൻ ലൈവ് ടിവി പരിപാടിയിൽ വൈറസ് കുത്തിവയ്പ്പെടുക്കാൻ തയ്യാറാണെന്നു പ്രധാനമന്ത്രി പറഞ്ഞതായും കമ്മിങ്സ് വെളിപ്പെടുത്തി. എല്ലാവരോടും കള്ളം പറഞ്ഞതുൾപ്പെടെയുള്ള പല കാരണങ്ങൾക്ക് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിന് പുറത്താക്കണമെന്നും ഡൊമിനിക് കമ്മിങ്സ് ആവശ്യപ്പെട്ടു.
തെളിവെടുപ്പിലുടനീളം പ്രധാനമന്ത്രിയ്ക്കെതിരെയും ആരോഗ്യ സെക്രട്ടറിക്കെതിരെയും ശക്തമായ ആരോപണങ്ങളാണ് കമ്മിങ്സ് ഉന്നയിച്ചത്. ബോറിസിന്റെ കാമുകി കാരി സിമണ്ട്സിനെയും കമ്മിൻസ് വെറുതെ വിട്ടില്ല. പങ്കാളി കാരി സിമണ്ട്സിനൊപ്പം ഹോളിഡേ ആഘോഷിക്കാൻ പോയതിനാൽ മഹാമാരിക്കെതിരെ ഉചിതമായ നടപടികൾ എടുക്കാൻ ബോറിസ് ജോൺസൺ പരാജയപ്പെട്ടു എന്നാണ് കമ്മിങ്സ് ആരോപിച്ചത്. സിമണ്ട്സുമായുള്ള അധികാര വടംവലിയിൽ തോറ്റ് നവംബറിൽ പുറത്താകലിന് വിധേയനായതിലുള്ള രോഷം കമ്മിൻസ് സെലക്ട് കമ്മിറ്റിക്ക് മുന്നിൽ കാഴ്ചവെച്ചതാണ് ഈ ആരോപണമെന്നാണ് ടോറി എംപിമാരുടെ പ്രതികരണം.
കൊറോണാ വൈറസിനെ നേരിടാൻ അതിർത്തികൾ അടയ്ക്കുന്ന കാര്യങ്ങൾ ബോറിസ് ജോൺസന് താൽപര്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ബ്രിട്ടനിലെ കോവിഡ് വ്യാപനത്തിന് ഒരു പരിധി വരെ ശമനം ഉണ്ടായെങ്കിലും പല കോണുകളിൽനിന്നും പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. കോവിഡ് 80 വയസിന് മുകളിലുള്ളവരെ മാത്രമേ കൊന്നിട്ടുള്ളൂ എന്ന പ്രധാനമന്ത്രിയുടെ വിവാദപ്രസ്താവന ശക്തമായ പൊതുജന രോഷമാണ് ഉയർത്തിയത്.
തെരഞ്ഞെടുപ്പ് കാലത്ത് ബോറിസ് ജോൺസന്റെ ശക്തി കേന്ദ്രമായിരുന്നു ഡൊമിനിക് കമ്മിൻസ്. ഇടത് കോട്ടയിൽ വരെ വിജയിച്ച് കയറിയതിന് പിന്നിൽ കമ്മിൻസിന്റെ തന്ത്രങ്ങളായിരുന്നുവെന്നാണ് മാധ്യമങ്ങൾ വിലയിരുത്തിയത്. എന്നാൽ പ്രധാനമന്ത്രി കസേരയിൽ ഇരിപ്പുറപ്പിച്ചതിന് പിന്നാലെ ബോറിസിന്റെ പങ്കാളി കാരി സിമണ്ട്സുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കൊടുവിൽ കമ്മിൻസിനെ പ്രധാനമന്ത്രി പുറത്താക്കുകയും ചെയ്തു. ഈ പുറത്താക്കലിന് പകരംവീട്ടാൻ പ്രധാനമന്ത്രിയുടെ മുൻ മുഖ്യ ഉപദേശകന് ലഭിച്ച അവസരമായാണ് മാധ്യമങ്ങൾ ഇതിനെ വിലയിരുത്തുന്നത്.
മറുനാടന് ഡെസ്ക്