ജൂൺ എട്ടിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ യുകെയിലെ സർദാർജിമാരുടെ വോട്ട് നേടാൻ വേണ്ടി അവരെ കൈയിലെടുക്കാൻ ബ്രിസ്‌റ്റോളിലെ സിഖ് ഗുരുദ്വാരയിൽ പോയ ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസൻ ആലോചിക്കാതെ പ്രസ്താവനകൾ നടത്തി ഉള്ള സിഖ് വോട്ട് കൂടി കളഞ്ഞുവെന്ന് റിപ്പോർട്ട്. മികച്ച വാഗ്ദാനം നൽകി സിഖുകാരുടെ വോട്ട് നേടാമെന്ന് ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയിൽ വില കുറഞ്ഞ വിസ്‌കി കൊടുക്കുമെന്ന് ഗുരുദ്വാരയിൽ വച്ച് നടത്തിയ പ്രസംഗത്തിൽ ബോറിസ് വാഗ്ദാനം നൽകിയിരുന്നത്. എന്നാൽ ഇത്രയും പവിത്രമായ സ്ഥലത്തിരുന്ന് മദ്യത്തെ കുറിച്ച് സംസാരിക്കാൻ ബോറിസിന് എങ്ങനെ ധൈര്യം വന്നുവെന്നും ഇത്തരമൊരാൾക്ക് വോട്ടില്ലെന്നും സിഖ് സ്ത്രീകൾ നിലപാട് വ്യക്തമാക്കിയപ്പോഴാണ് തനിക്ക് പറ്റിയ അമളി ബോറിസിന് മനസിലായത്. എന്നാൽ കള്ളുകുടിക്കുന്ന സിഖുകാരെ തനിക്ക് അറിയാമെന്ന് പറഞ്ഞ് തിരിച്ചടിക്കാനും ബോറിസ് മടിച്ചില്ലെന്നും റിപ്പോർട്ടുണ്ട്.

യുകെയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള വിസ്‌കി വ്യാപാരത്തിൽ താരിഫ് ഒഴിവാക്കുമെന്ന് പറഞ്ഞായിരുന്നു ബോറിസ് പ്രസംഗം തുടങ്ങിയപ്പോൾ തന്നെ പലരും ഞെട്ടിയിരുന്നു. സിഖ് ഗുരുദ്വാരയിൽ വച്ച് ആൽക്കഹോളിനെ കുറിച്ച് സംസാരിക്കാൻ തനിക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് ഒരു സ്ത്രീ വോട്ടർ എഴുന്നേറ്റ് നിന്ന് ചോദിച്ചപ്പോൾ ഞെട്ടൽ ബോറിനായിരുന്നു. ആരെയും അപമാനിക്കാൻ വേണ്ടിയല്ല താനിത് പറഞ്ഞതെന്നും ഇന്ത്യയിൽ സ്‌കോച്ച് വിസ്‌കിക്ക് 150 ശതമാനം വരെ നികുതി നൽകേണ്ടതിനാൽ ഇന്ത്യയിലേക്ക് പോകുമ്പോൾ തങ്ങളും ചില സിഖുകാരും വരെ വിസ്‌കി കൈയിൽ കരുതാറുണ്ടെന്നും ബോറിസ് സ്വയം ന്യായീകരിക്കാൻ പാടുപെടുന്നതും കാണാമായിരുന്നു. ഈ ഒരു സാഹചര്യം പരിഗണിച്ചാണ് വിസ്‌കി വിലകുറച്ച് നൽകുമെന്ന് വാഗ്ദാനം ചെയ്തതെന്നും ബോറിസ് വിശദീകരണം നൽകുകയും ചെയ്തിരുന്നു.

ബോറിസിന്റെ പ്രസംഗത്തിൽ കടുത്ത അസംതൃപ്തി പരസ്യമായി രേഖപ്പെടുത്താൻ ധൈര്യം കാണിച്ചത് ബാൽബീർ കൗർ എന്ന സ്ത്രീയാണ്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള വ്യാപാരം വളർത്തുന്നതിനെ കുറിച്ചാണ് സംസാരിച്ചതെന്ന് ബോറിസ് പറഞ്ഞുവെങ്കിലും സിഖുകാരെ സംബന്ധിച്ചിടത്തോളം മദ്യം കഴിക്കുന്നത് മതവിരുദ്ധമാണെന്നും അതിനാൽ ഗുരുദ്വാരയ്ക്കകത്ത് വച്ച് മദ്യത്തെക്കുറിച്ച് സംസാരിച്ചത് തെറ്റ് തന്നെയാണെന്നുമാണ് കൗർ ആരോപിച്ചത്. അതിനാൽ ഇന്ത്യയിലേക്ക് കൂടുതൽ മദ്യം കയറ്റി അയക്കാൻ ആഗ്രഹിക്കുന്ന ഒരാൾ അധികാരത്തിലെത്തുന്നത് തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും കൗർ വ്യക്തമാക്കിയിരുന്നു.

മദ്യം കഴിക്കുന്ന നിരവധി സിഖുകാരെ തനിക്കറിയാണെന്ന ബോറിസിന്റെ പ്രഖ്യാപനത്തിൽ സദസ്സിലിരുന്ന മിക്കവർക്കും കടുത്ത അസംതൃപ്തി പ്രകടമായിരുന്നു. ബോറിസിന്റെ പ്രസംഗം മൊത്തത്തിൽ സിഖുകാരെ അപമാനിക്കുന്ന വിധത്തിലുള്ളതായിരുന്നുവെന്നാണ് കൗർ പ്രതികരിച്ചിരിക്കുന്നത്. പ്രസംഗത്തിന് ശേഷം ബോറിസ് ഗുരുദ്വാരയുടെ താഴത്തെ നിലയിലേക്ക് പോവുകയും അവിടെ വിളമ്പിയിരുന്ന ഇന്ത്യൻ ഭക്ഷണം കഴിക്കാനൊരു ശ്രമം നടത്തുകയും ചെയ്തിരുന്നു. ഇവിടെ കൂടിയിരുന്ന പ്രാദേശിക മാധ്യമപ്രവർത്തകരോടും ഗുരുദ്വാരയ്ക്കകത്തെ വിശ്വാസികളോടും ബോറിസ് പ്രസംഗത്തിന് ശേഷം സംസാരിച്ചിരുന്നു.

ബ്രിസ്റ്റോൾ ഈസ്റ്റിലെ ടോറി സ്ഥാനാർത്ഥി തിയോഡോറ ക്ലാർക്കിന് വേണ്ടി വോട്ട് പിടിക്കാനായിരുന്നു ബോറിസ് ഇവിടെ എത്തിയിരുന്നത്. ഇന്ത്യയുമായി ഫ്രീ ട്രേഡ് ഡീൽ ഉണ്ടാക്കുമെന്ന് തന്റെ പ്രസംഗത്തിൽ സൂചിപ്പിക്കുക മാത്രമേ ബോറിസ് ചെയ്തിട്ടുള്ളുവെന്നാണ് അദ്ദേഹത്തിന്റെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യ വർഷം തോറും ബില്യൺ കണക്കിന് മദ്യം ഉപയോഗിക്കുന്നുണ്ടെങ്കിലും അവിടെ 120 ശതമാനത്തോളം സ്‌കോച്ച് വിസ്‌കിയും ഇറക്കുമതി ചെയ്യപ്പെടുന്നുവെന്നും ഇതിന് കനത്ത നികുതി ചുമത്തപ്പെടുന്നുണ്ടെന്നും അതിന് അറുതി വരുത്തുമെന്നാണ് ബോറിസ് സൂചിപ്പിച്ചതെന്നും വക്താവ് പറയുന്നു. ഇതിനെതിരെ ഒരു സ്ത്രീ അവരുടെ വ്യക്തിപരമായ സാഹചര്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ചുവെന്നല്ലാതെ മറ്റെല്ലാവരും ബോറിസിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുകയായിരുന്നുവെന്നും വക്താവ് വിശദീകരിക്കുന്നു.

ബോറിസിന്റെ പ്രസംഗത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ദി സിഖ് ഫെഡറേഷൻ രംഗത്തെത്തിയിട്ടുണ്ട്. ഗുരുദ്വാരയിൽ വച്ച് ആൽക്കഹോളിനെക്കുറിച്ചുള്ള വ്യാപാരക്കരാറിനെ കുറിച്ച് ചർച്ച ചെയ്യാൻ ഒരൊറ്റ രാഷ്ട്രീയക്കാരനും അവകാശമില്ലെന്നും ഫെഡറേഷൻ അഭിപ്രായപ്പെട്ടു. ബോറിസ് ടോറി പാർട്ടിയെ ബ്രിട്ടനിലും രാജ്യത്തെ വിദേശത്തും പ്രതിനിധീകരിക്കാൻ യോഗ്യതയില്ലാത്തയാളാണെന്ന് ഈ സംഭവത്തിലൂടെ തെളിഞ്ഞുവെന്നാണ് ലിബറൽ ഡെമോക്രാറ്റ് ഫോറിൻ അഫയേർസ് വക്താവായ ടോം ബ്രാകെ പ്രതികരിച്ചിരിക്കുന്നത്.