- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഔദ്യോഗികമായി 336 രോഗബാധിതർ എന്ന് പറയുമ്പോഴും യു കെയിൽ ആയിരങ്ങൾക്ക് വൈറസ് ബാധയുണ്ടെന്ന് റിപ്പോർട്ട്; ഓമിക്രോൺ അതിവേഗം പടരാന്തുടങ്ങിയതോടെ 51,000 കടന്നു പുതിയ രോഗികൾ; ക്രിസ്ത്മസ് കാലത്ത് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാനൊരുങ്ങി ബോറിസ് ജോൺസൺ
ലണ്ടൻ: ഒരു പക്ഷെ കഴിഞ്ഞ ശൈത്യകാലത്ത് ബ്രിട്ടൻ ദർശിച്ചതിലും വലിയൊരു ദുരന്തമായിരിക്കും ബ്രിട്ടനെ കാത്തിരിക്കുന്നത് എന്ന് മുതിർന്ന ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് ഓമിക്രോൺ വകഭേദം അതിവേഗം പടരാൻ തുടങ്ങിയതിനെ തുടർന്നാണിത്. ഇതോട് രോഗവ്യാപനതോതും കുത്തനെ ഉയരുകയാണ്. ഇന്നലെ ആരോഗവകുപ്പിന്റെ കണക്കുകൾ പ്രകാരം 51,459 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയെ അപേക്ഷിച്ച് 20 ശതമാനത്തിന്റെ വർദ്ധനവാണിത്. മാത്രമല്ല ഒരാഴ്ച്ചയിൽ ഇത് മൂന്നാം തവണയാണ് പുതിയ രോഗികളുടെ എണ്ണം 50,000 കടക്കുന്നത്.
മരണനിരക്കിലും കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 41 കോവിഡ് മരണങ്ങളാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 17 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. രോഗവ്യാപന നിരക്കും മരണനിരക്കും കുതിച്ചുയരുമ്പോഴും, ബൂസ്റ്റർ വാക്സിൻ പദ്ധതി പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ട് പോകുന്നില്ല എന്നത് ഏറേ ആശങ്ക ജനിപ്പിക്കുന്നുണ്ട്. പ്രതിദിനം 5 ലക്ഷം പേർക്ക് ബൂസ്റ്റർ ഡോസ് നൽകുക എന്നതായിരുന്നു ബോറിസ് ജോൺസൺ ലക്ഷ്യമായി പറഞ്ഞിരുന്നതെങ്കിൽ ഇന്നലെ 2,90,165 പേർക്ക് മാത്രമാണ് ബൂസ്റ്റർ ഡോസ് നൽകാനായത്.
ഇന്നലെയും ബ്രിട്ടനിൽ ഓമിക്രോണിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ഇതോടെ ബ്രിട്ടനിലെ മൊത്തം ഓമിക്രോൺ ബാധിതരുടെ എണ്ണം 336 ആയി ഉയർന്നു. വെറും മൂന്നു ദിവസം കൊണ്ടാണ് ഈ സംഖ്യയിൽ എത്തിയതെന്നോർക്കണം. ഇതിൽ 90 ശതമാനവും ഇംഗ്ലണ്ടിലും സ്കോട്ട്ലാൻഡിലുമാണ്. ഔദ്യോഗിക കണക്കിൽ ഓമിക്രോൺ ബാധിതരുടെ എണ്ണം 336 ആണെങ്കിലും, യഥാർത്ഥ കണക്കിൽ അത് 1000 ന് മുകളിലാകാം എന്നാണ് വിദഗ്ദർ പറയുന്നത്. എല്ലാ പോസെറ്റീവ് സാമ്പിളുകളും ജനിതക ശ്രേണീകരണം നടത്തുന്നില്ല എന്നതിനാൽ, എല്ലാ രോഗികളിലും ബാധിച്ചിരിക്കുന്ന വകഭേദത്തെ തിരിച്ചറിയാൻ കഴിയില്ല.
അതേസമയം ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ഓമിക്രോൺ സാമൂഹ്യവ്യാപനം ആരംഭിച്ചതായി ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് സ്ഥിരീകരിച്ചു. അടുത്തയാഴ്ച്ചയ്ക്കുള്ളിൽ, അല്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ ഈ വകഭേദമായിരിക്കും ബ്രിട്ടനിൽ കൂടുതലായി ഉണ്ടാവുക എന്ന് പ്രതീക്ഷിക്കുന്നതായി യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിലെ പകർച്ചവ്യാധി വിദഗ്ദനായ പ്രൊഫസർ പോൾ ഹണ്ടർ പറയുന്നു. ഈ കാലയളവ് കാണിക്കുന്നത് ക്രിസ്ത്മസ്സ് കാലത്ത് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നില്ലെങ്കിലും, പുതുവത്സരാഘോഷവേളയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടി വരും എന്നാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
എന്നാൽ, ഉത്സവകാലത്ത് കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും എന്ന വാർത്ത നിഷേധിക്കുവാൻ ഇന്നലെയും ബോറിസ് ജോൺസൺ തയ്യാറായില്ല. കഴിഞ്ഞവർഷത്തെ ക്രിസ്ത്മസിനേക്കാൾ മെച്ചപ്പെട്ടതായിരിക്കും ഈ വർഷത്തേതെന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞ് അതുമായി ബന്ധപ്പെട്ട് ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം ചെയ്തത്. കടകളിലും പൊതുഗതാഗത സംവിധാനങ്ങളീലും മാസ്ക് നിർബന്ധമാക്കിക്കൊണ്ടുള്ള നിയമം ഡിസംബർ മുഴുവൻ നിലനിൽക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂടുതൽ നിയന്ത്രണങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
വക്സിനെ ഒരു പരിധിവരെ പ്രതിരോധിക്കുവാനുള്ള കഴിവ്, വർദ്ധിച്ച വ്യാപനശേഷി, ആന്റിബോഡിയിൽ നിന്നും പിടികൊടുക്കാതെ രക്ഷപ്പെടാനുള്ള കഴിവ് എന്നീ മൂന്ന് സ്വഭാവ സവിശേഷതകൾ കാരണം ഓമിക്രോണിന് മറ്റ് വകഭേദങ്ങളേക്കാൾ പടരാൻ മൂന്നിരട്ടി വേഗത്തിൽ കഴിയും എന്നാണ് യഥാർത്ഥ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള പഠനം വെളിപ്പെടുത്തുന്നത്. അതായത് 2021 ജനുവരിയിൽ കണ്ടതിനു സമാനമായി ഒരു തരംഗം തന്നെ ഉയർത്തുവാൻ ഓമിക്രോണി് കഴിഞ്ഞേക്കും എന്നർത്ഥം.
മറുനാടന് ഡെസ്ക്