സാരജെവോ: കോടതികളിലും മറ്റ് ലീഗൽ ഇൻസ്റ്റിറ്റിയൂഷനുകളിലും മുസ്ലിം വനിതകൾക്ക് ശിരോവസ്ത്രം ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതിനെതിരേ രണ്ടായിരത്തിലധികം ബോസ്‌നിയൻ വനിതകൾ പ്രതിഷേധ പ്രകടനം നടത്തി. തലസ്ഥാനമായ സാരജെവോയിലേക്ക് നടത്തിയ മാർച്ച് ഒരു മണിക്കൂറോളം നീണ്ടു നിന്നു. ജുഡീഷ്യൽ ഇൻസ്റ്റിറ്റിയൂഷനുകളിൽ ഏതെങ്കിലും തരത്തിലുള്ള മതത്തിന്റെ ചിഹ്നം ഉപയോഗിക്കുന്നത് ബോസ്‌നിയൻ ഹൈ ജുഡീഷ്യൽ കൗൺസിലാണ് നിരോധിച്ചത്.

ഹിജാബ് ധരിക്കുന്നത് തങ്ങളുടെ അവകാശമാണെന്ന് പറഞ്ഞുകൊണ്ടാണ് മുസ്ലിം വനിതകൾ പ്രകടനം നടത്തിയത്. മുസ്ലിം സ്ത്രീകളുടെ വ്യക്തിത്വത്തിനു നേരേയുള്ള ആക്രമണമാണ് ഈ നിരോധനമെന്നാണ് പ്രകടനം സംഘടിപ്പിച്ച സമീറ സൂനിക് വ്യക്തമാക്കിയത്. മുസ്ലിം വനിതകളെ തങ്ങളുടെ ജോലിയിൽ നിന്നു പിന്തിരിപ്പിക്കാനുള്ള ഒരു മാർഗമാണിതെന്നും അവർ ആരോപിച്ചു. ഹിജാബ് ധരിക്കുന്നത് തടഞ്ഞതിനെ മുസ്ലിം രാഷ്ട്രീയ നേതാക്കളും മതനേതാക്കളും അപലപിച്ചിട്ടുണ്ട്.

ബോസ്‌നിയയുടെ 3.8 മില്യൺ ജനസംഖ്യയിൽ 40 ശതമാനത്തോളം മുസ്ലിമുകളാണ്. ബാക്കിയുള്ളരിൽ ഭൂരിഭാഗവും ഓർത്തഡോക്‌സ് അല്ലെങ്കിൽ കാത്തോലിക്ക വിഭാഗത്തിൽ പെടുന്നവരാണ്.