ണ്ടനിൽ നടക്കുന്ന വേൾഡ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഫൈനലിൽ ഐസക്ക് മാക് വാല എന്ന താരത്തിലൂടെ സ്വർണ മെഡൽ നേടാമെന്നായിരുന്നു ബോട്‌സ്വാന ശക്തമായി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നിർഭാഗ്യവശാൽ മത്സരത്തിന് തൊട്ട് മുമ്പ് താരം ഒന്ന് ഛർദിച്ചതോടെ സംഘാടകർ അദ്ദേഹത്തെ സ്‌റ്റേഡിയത്തിൽ പ്രവേശിക്കുന്നത് വിലക്കി മത്സരത്തിൽ നിന്ന് ഒഴിവാക്കുയും ബോട്‌സ്വാനയുടെ സ്വർണ പ്രതീക്ഷയെ തല്ലിക്കെടുത്തുകയുമായിരുന്നു. ലണ്ടനിലെ അനേകം മത്സരാർത്ഥികൾക്ക് വൈറസ് ബാധയുണ്ടെന്നാണ് റിപ്പോർട്ട്.

മത്സരത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പായിരുന്നു മാക് വാല ഛർദിച്ചത്. 400 മീറ്റർ മത്സരത്തിൽ സൗത്ത് ആഫ്രിക്കയുടെ വൈഡെ വാൻ നികെർക്കിന്റെ പ്രധാന എതിരാളിയായിത്തീരുമായിരുന്ന മാക് വാലയെ സ്റ്റേഡിയത്തിൽ കയറാൻ സമ്മതിക്കാത്തതിന്റെ ഫൂട്ടേജ് പുറത്ത് വന്നിരുന്നു. ഇതിന് മുമ്പ് തനിക്ക് 200 മീറ്റർ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നറിഞ്ഞ് കടുത്ത ദുഃഖമുണ്ടായെന്ന് മാക് വാല ഹൃദയവേദനയോടെ പ്രതികരിച്ചിരുന്നു. സുവർണ പ്രതീക്ഷയുണർത്തി ബോട്‌സ്വാനയുടെ ദേശീയ ഹീറോയായി ഉയർന്ന് വന്ന താരമാണ് മാക് വാല. മാക് വാലയ്ക്ക് പുറമെ ലണ്ടനിലെ ഇവന്റിൽ പങ്കെടുക്കാനെത്തിയ 30 മത്സരാർത്ഥികൾക്ക് ഈ വൈറസ് ബാധിച്ചിട്ടുണ്ട്.

സ്‌റ്റേഡിയത്തിന് പുറത്തെ കവാടത്തിൽ മാക് വാല സംഘാടകരുമായി സംസാരിക്കുന്നതിന്റെ ഫൂട്ടേജുകളാണ് പുറത്ത് വന്നിരിക്കുന്നത്. താൻ ഒരു വട്ടം ഛർദിച്ചുവെന്ന് മാത്രമേയുള്ളുവെന്നും തനിക്ക് ഓടാനുള്ള ശേഷിയുണ്ടെന്നും മാക് വാല ബിബിസിയോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യകരമായ അവസ്ഥ പരിഗണിച്ചാണ് പുരുഷന്മാരുടെ 400 മീറ്റർ ഫൈനലിൽ പങ്കെടുക്കുന്നതിൽ നിന്നും അദ്ദേഹത്തെ പിൻവലിച്ചിരിക്കുന്നതെന്നാണ് ഗ്ലോബൽ അത്‌ലറ്റിക്‌സ് ബോഡിയായ ഐഎഎഎഫ് വിശദീകരിച്ചിരിക്കുന്നത്. ഐഎഎഎഫ് മെഡിക്കൽ ഡെലിഗേറ്റിന്റെ നിർദേശമനുസരിച്ചാണീ നടപടി കൈക്കൊണ്ടിരിക്കുന്നതെന്നും സംഘാടകർ വ്യക്തമാക്കുന്നു.

എന്നാൽ ഛർദിച്ചതിന് ശേഷവും തനിക്ക് നന്നായി വാം അപ്പ് ചെയ്യാൻ സാധിച്ചിട്ടുണ്ടെന്നും അതിനാൽ ഓടാൻ കഴിയുമെന്ന് തന്നെയായിരുന്നു മാക് വാല ആവർത്തിച്ച് വ്യക്തമാക്കിയിരുന്നത്. സംഘാടകർ മെഡിക്കൽ ടെസ്റ്റ് ഫലങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നുവെന്ന് പറയുന്നതിൽ കഴമ്പില്ലെന്നും കാരണം അവർ തന്നെ യാതൊരു വിധത്തിലുമുള്ള ടെസ്റ്റിനും വിധേയനാക്കിയിട്ടില്ലെന്നും മാക് വാല പറയുന്നു. താൻ ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി കഠിനമായി തയ്യാറെടുത്തിട്ടുണ്ടെന്നും തന്നെഒഴിവാക്കിയതിൽ അത്യധികമായ വേദനയുണ്ടെന്നുമാണ് മാക് വാല പറയുന്നത്.

എന്നാൽ വൈറസ് പടരുന്നത് തടയാനായി പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ നിർദേശങ്ങൾക്ക് വിധേയമായാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നാണ് സ്പോർട്സ് ഗവേണിങ് ബോഡി വിശദീകരണം നൽകുന്നത്. ലണ്ടനിൽ മത്സരത്തിൽ പങ്കെടുക്കാനെത്തിയ നിരവധി ബോട്‌സ്വാനിയൻ താരങ്ങൾക്ക് പുറമെ ജർമൻ, കനേഡിയൻ, ഐറിഷ്, പ്യൂർട്ടോ റിക്കോ അത്‌ലറ്റുകൾക്കും വൈറസ് ബാധയുണ്ടായിട്ടുണ്ട്. ഇവരിൽ ചിലരെ മറ്റുള്ളവരിൽ നിന്നും തീർത്തും വേർപെടുത്തിയാണ് പാർപ്പിച്ചിരിക്കുന്നത്. മറ്റുള്ളവരെയാകട്ടെ ഇവന്റിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയിരിക്കുകയുമാണ്. 

വൈറസ് ബാധയേറ്റ ജർമൻ അത്‌ലറ്റുകളെ ലണ്ടനിലെ ഒരു ഹോട്ടലിൽ നിന്നും മാറ്റിയിരുന്നു. യുകെയിൽ ഉദരത്തിന് ബാധിക്കുന്ന സാധാരണ വൈറസാണ് നോറോവൈറസ്. ഇതാണ് അത്‌ലറ്റുകളെ ബാധിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ഛർദിയും വയറിളക്കവും ലക്ഷണങ്ങളായി ഉണ്ടാകാറുണ്ട്.വിന്റർ ബഗ് എന്നാണിത് അറിയപ്പെടുന്നതെങ്കിലും വർഷത്തിൽ ഏത് സമയത്തും പിടിപെടാം. വ്യക്തികളിൽ നിന്നും വ്യക്തികളിലേക്ക് പടരുന്ന വൈറസാണിത്. ധാരാളം വെള്ളം കുടിക്കാനും പാരസെറ്റമോൾ കഴിക്കാനും വിശ്രമിക്കാനുമാണ് ഡോക്ടർമാർ നിർദേശിക്കാറുള്ളത്.