200 മില്ലിലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾക്ക് ബഹ്റൈൻ നിരോധനം ഏർപ്പെടുത്തി. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനിയാണ് ഇക്കാര്യം അറിയിച്ചത്. 200 മില്ലി ലിറ്ററിൽ കുറഞ്ഞ വെള്ളക്കുപ്പികളുടെ ഉൽപാദനവും ഇറക്കുമതിയും വിതരണവും ബഹ്റൈനിൽ നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഔദ്യോഗിക ഗസറ്റിലാണ് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം ഉത്തരവ് പ്രസിദ്ധീകരിച്ചത്. ഗസറ്റിൽ വിജ്ഞാപനം ചെയ്ത തീയതി മുതൽ ആറ് മാസത്തിനു ശേഷമേ നിയമം പ്രാബല്യത്തിൽ വരുകയുള്ളൂ. കയറ്റുമതി ആവശ്യത്തിനായി ഉൽപ്പാദനത്തെ നിരോധനത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.പ്ലാസ്റ്റിക് ബോട്ടിലിന്റെ ഉപയോഗം പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.