- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണത്തെ ചിരിച്ചുകൊണ്ട് നേരിട്ട ഡെബോറ ജെയിംസിന്റെ ഓർമ്മ് നമുക്ക് എങ്ങനെ ഉപകാരപ്രദമാക്കാം? ബോവൽ കാൻസർ എങ്ങനെ നേരത്തേ തിരിച്ചറീയാം? ബി ബി സി പോഡ്കാസ്റ്ററുടെ ജീവിതത്തിൽ നിന്നും ഓർത്തുവയ്ക്കേണ്ടത്
ലണ്ടൻ: അഞ്ച് വർഷക്കാലത്തോളം ബോവൽ കൻസറിനോട് പൊരുതുമ്പോഴും തന്റെ വിധിയെ പഴിക്കാനോ, നഷ്ടസ്വപ്നങ്ങളെ ഓർത്ത് ദുഃഖിക്കാനോ ഡെയിം ഡെബോറ ജെയിംസ് തയ്യാറായിരുന്നില്ല. മറിച്ച് തന്റെ ജീവിതം തന്നിൽ നിന്നും പറിച്ചെടുത്തുകൊണ്ടുപോകാൻ എത്തിയ അർബുദമെന്ന വില്ലനെതിരെ എല്ലാ നിലയിലും പോരാടുകയായിരുന്നു അവർ. അഞ്ചു വർഷക്കാലത്തെ ചികിത്സാ സമയങ്ങളിലും മറ്റും, തന്റെ നേരനുഭവങ്ങളും, തന്റെ വികാരങ്ങളും വിചാരങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വച്ച് അവർ ബോവൽ കാൻസർ എന്ന മഹാമാരിയെ കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയായിരുന്നു.
അതുകൊണ്ടും നിർത്താതെ, കാൻസർ ഗവേഷണത്തിനും, ഈ മഹാമാരിയെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനുമായി രൂപീകരിച്ച ബോവൽ ബേബ് ഫണ്ട് ഇന്ന് ഏകദേശം ഏഴ് മില്യണിലധികം ശേഖരിച്ചു കഴിഞ്ഞിരിക്കുന്നു. മരണത്തിനെതിരെ പോരാടുമ്പോഴും സഹജീവികളുടെ വേദന എങ്ങനെ അല്പമെങ്കിലും കുറയ്ക്കാനാകും എന്ന് ചിന്തിച്ച ഈ ധീരവനിതയുടെ ഓർമ്മ നിലനിർത്താൻ നാം ഓരോരുത്തരും കാൻസറിനെതിരെയുള്ള പോരാട്ടം തുടരണം എന്നാണ് അവരുമായി അടുപ്പമുള്ളവർ പറയുന്നത്. കാൻസറിന്റെ ലക്ഷണങ്ങളും മറ്റും മനസ്സിലാക്കിയിരുന്നും, ആരംഭ ദശയിൽ തന്നെ ചികിത്സതേടിയും അതിനെ നേരിടണം.
അർബുദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഉടനീളംഡെബോറ ജെയിംസ് സൂചിപ്പിച്ചിരുന്ന ഒരു വസ്തുതയുണ്ട്, നേരത്തേ ബോവൽ കാൻസറിന്റെ ലക്ഷണങ്ങളെ കുറിച്ച് അറിഞ്ഞിരുന്നുവെങ്കിൽ ഒരുപക്ഷെ തന്റെ ജീവൻ രക്ഷപ്പെടുമായിരുന്നു എന്ന്. രോഗ പരിശോധനവരെ കാര്യങ്ങൾ നീട്ടിക്കൊണ്ടു പോകാതെ, അതിനു മുൻപ് നമുക്ക് സൂചന നൽകുന്ന ലക്ഷണങ്ങൾ മനസ്സിലാക്കിയിരുന്നാ ബോവൽ കാൻസറിനെതിരെ ഫലവത്തായ പ്രതിരോധം തീർക്കാനാകും എന്നതിൽ സംശയമില്ല.
വൻകുടലും മലാശയവും ഉൾപ്പെട്ട ഭാഗമാണ് ബോവൽ എന്നറിയപ്പെടുന്നത്. ഈ ഭാഗത്ത് കാൻസർ വരിക എന്നത് ഇന്ന് ഏറെ വ്യാപകമായ ഒന്നാണ്. ഇതിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്ന് മലത്തിനൊപ്പം രക്തവും വിസർജ്ജിക്കപ്പെടുക എന്നതാണ്. പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ലാതെ തന്നെ ഇത് സംഭവിക്കും. മാത്രമല്ല ബോവലിന്റെ പ്രവർത്തനങ്ങളും സാധാരണരീതിയിൽ നിന്നും വ്യത്യസ്തമാകും. അതായത്, സാധാരണയിൽ കവിഞ്ഞ തവണകൾ മലവിസർജ്ജനത്തിനായി പോകുക, അല്ലെങ്കിൽ ഇടക്ക് അതിസാരം പോലെയും ഇടക്ക് മലബന്ധം പോലെയും സംഭവിക്കുക തുടങ്ങിയവയൊക്കെ ബോവലിന്റെ പ്രവർത്തനം സാധാരണയിൽ നിന്നും വ്യത്യസ്തമാകുന്നതുകൊണ്ട് ഉണ്ടാകുന്നതാണ്. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിങ്ങൾ ഒരു ജി പിയെ സമീപിക്കണം.
ബോവൽ എപ്പോഴും നിറഞ്ഞിരിക്കുന്നു എന്നൊരു തോന്നൽ ഉണ്ടാവുകയാണെങ്കിൽ അതും ബോവൽ കാൻസറിന്റെ ലക്ഷണമായി കരുതാം. കാരണം, ഇത് സൂചിപ്പിക്കുന്നത്, നിങ്ങളുടെ ആമാശയത്തിന്റെ താഴ്ഭാഗങ്ങളിൽ ഒരു ട്യുമർ രൂപം കൊള്ളുന്നു എന്നതാണ്. ചില സമയങ്ങളിൽ ബോവൽ കാൻസറിന് ബോവലിന്റെ പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ കഴിയും. അത്തരം സന്ദർഭങ്ങൾ ഭക്ഷണം കഴിച്ചതിനു ശേഷം വയറുവേദന അനുഭവപ്പെടുക, അസ്വസ്ഥകൾ അനുഭവപ്പെടുക, വയർ മുഴച്ചു വരിക തുടങ്ങിയവ അനുഭവവേധ്യമാകും.
ഇത്തരത്തിലുള്ള ലക്ഷണങ്ങൾ മൂന്നാഴ്‌ച്ചയോ അതിലധികമോ നീണ്ടു നിന്നാൽ ഉടൻ ഒരു ജി പിയെ സന്ദർശിക്കണം എന്നാണ് എൻ എച്ച് എസ് നൽകുന്ന ഉപദേശം . തുടർച്ചയായുള്ള അടിവയർ വേദനയാണ് ബോവൽ കാൻസറിനുള്ള മറ്റൊരു ലക്ഷണം. സാധാരണയായി ഭക്ഷണം കഴിച്ചതിനു ശേഷമായിരിക്കും ഇത് അനുഭവപ്പെടുക. കടുത്ത വേദന നിമിത്തം ദഹനക്കുറവും അനുഭവപ്പെടും. വയറുവേദനകൾ എല്ലാം തന്നെ ബോവൽ കാൻസർ കാരണമാകണമെന്നില്ല, എന്നാൽ അത് ദീർഘകാലത്തേക്ക് തുടരുകയാണെങ്കിൽ തീർച്ചയായും ഡോക്ടറെ കാണേണ്ടതുണ്ട്.
പെട്ടെന്ന് ശരീരഭാരം കുറയുന്നത് ബോവൽ കാൻസറിന്റെ മറ്റൊരു ലക്ഷണമാണ്. ശരീരത്തിലെ പ്രതിരോധ സംവിധാനം അർബുദം ബാധിച്ച കോശങ്ങളോട് പൊരുതുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. പ്രത്യേകിച്ച് പരിശ്രമങ്ങൾ ഒന്നും നടത്താതെ തന്നെ ആറ് മാസത്തിനുള്ളിൽ അഞ്ച് കിലോയോ അതിലധികമോ ഭാരം കുറഞ്ഞാൽ തീർച്ചയായും ഡോക്ടറെ സന്ദർശിക്കണം. അതുപോലെ കൂടെക്കൂടെ ക്ഷീണം അനുഭവപ്പെടുന്നതും ഒരു ലക്ഷണമായി കാണാവുന്നതാണ്.
മറുനാടന് ഡെസ്ക്