പ്രണയത്തിന് കണ്ണില്ലെന്നാണ് ചൊല്ല്. എന്നാൽ, പ്രായവും തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുക യാണ് ഇൻഡോനേഷ്യയിൽനിന്നുള്ള സെലാമത്ത് റിയാദിയും റൊഹായയും. 16 വയസ്സുള്ള സെലാമത്തിന് പ്രണയം തോന്നിയത് 71-കാരിയായ വിധവ റൊഹായയോട്. പ്രണയം പുറത്തറിഞ്ഞപ്പോൾ ഇരുവരുടെയും ബന്ധുക്കൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തി. ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ, ബന്ധുക്കൾ വഴങ്ങി. ഒടുവിൽ മതാചാരപ്രകാരം വിവാഹം!

തെക്കുപടിഞ്ഞാറൻ സുമാത്രയിലെ കരാങ്ങെൻഡായിൽനിന്നാണ് ഈ വിശേഷം. മുമ്പ് രണ്ടുവട്ടം വിവാഹിതയായിട്ടുള്ള റൊഹായയുടെ ഭർത്താക്കന്മാർ രണ്ടുപേരും മരിച്ചുപോയി. ഇതോടെ, തനിച്ച് താമസിക്കുകയായിരുന്ന ഇവരുമായി സെലാമത്ത് പ്രണയത്തിലാവു കയായിരുന്നു. ഇതിനെ ഇവരുടെ ബന്ധുക്കളും സമൂഹത്തിലെ മറ്റുള്ളവരും എതിർത്തതോടെ യാണ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി ഉയർത്തിയത്.

ഇവരുടെ ആചാരമനുസരിച്ച് വധു താമസിക്കുന്ന വീടിന്റെ ഉടമസ്ഥൻ അനുവദിച്ചാൽ മാത്രമേ വിവാഹം നടക്കൂ. റൊഹായയുടെ വീട്ടുടമസ്ഥൻ ഗോത്രത്തലവനായ കുസ്വോയോ ആയിരുന്നു. ആത്മഹത്യാ ഭീഷണി ഉയർത്തിയതോടെ കുസ്വോയോ വിവാഹത്തിന് അനുമതി നൽകി. ഇൻഡോനേഷ്യയിൽ പുരുഷന്മാരുടെ വിവാഹപ്രായം 19 വയസ്സാണെങ്കിലും, മതാചാര പ്രകാരമുള്ള വിവാഹങ്ങൾക്ക് ഇളവുണ്ട്. ഈ പഴുതുപയോഗിച്ചാണ് 16-കാരന്റെ വിവാഹം നടത്തിയത്.

സോഷ്യൽ മീഡിയയിലുടെ ഇവരുടെ വിവാഹ ഫോട്ടോയും വീഡിയോകളും വൈറലായിരിക്കുകയാണിപ്പോൾ. വിവാഹം യഥാർഥത്തിലുള്ളതാണോ എന്ന് സംശയിക്കുന്നവരുമേറെയാണ്. വിവാഹം യഥാർഥത്തിലുള്ളതാണെന്നും കുസ്വോയോയോട് സംസാരിച്ച് അത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇൻഡോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.