വാഷിങ്ടൺ: കൊച്ചുകുട്ടികൾ കുസൃതി കാട്ടുന്നതും ബഹളം വെയ്ക്കുന്നതും കണ്ടിരിക്കാൻ രസമാണ്. എന്നാൽ അവർ അത് നിർത്താതെ മണിക്കൂറുകളോളം തുടർന്നാലോ. അതും കുസൃതി അൽപ്പം കൂടിയ കുട്ടിയുടെ വികൃതിത്തരമായാലോ. കണ്ടിരിക്കുന്നവർക്കെല്ലാം ഭ്രാന്തു പിടിക്കുമെന്ന് തീർച്ച. അത്തരത്തിൽ ഒരു കുട്ടിയുടെ വികൃതിയാണ് ജർമനിയിൽ നിന്നും അമേരിക്കയിലേക്ക് പറന്ന ലുഫ്താൻസ വിമാനത്തിലെ യാത്രക്കാരെയെല്ലാം നിരാശരാക്കിയത്.

യാത്ര ചെയ്ത എട്ടു മണിക്കൂറും അവൻ അലറിക്കൊണ്ടേ ഇരുന്നു. സീറ്റുകളിൽ നിന്നും സീറ്റുകളിലേക്ക് ചാടി കയറിയും യാത്രക്കാർക്ക് അവൻ ശല്യമാവുകയും ചെയ്തതോടെയാണ് സഹയാത്രികർ തങ്ങളുടെ അസ്വസ്ഥത പ്രകടിപ്പിച്ചത്. കുട്ടിയുടെ വികൃതികൾ എല്ലാം തന്നെ സഹയാത്രികനായ ഒരാൾ തന്റെ കാമറയിൽ പകർത്തി യൂട്യൂബിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

കുട്ടിയുടെ അമ്മ അവനെ സമാധാനിപ്പിക്കാൻ ശ്രമം നടത്തിക്കൊണ്ടിരുന്നെങ്കിലും കഴിഞ്ഞില്ല. ഒടുവിൽ അവർ ഫ്ളൈറ്റ് അറ്റെൻഡൻഡിനോട് വൈഫൈ ഓണാക്കാനും ഐപാഡ് ഓണാക്കുന്നതോടെ അവൻ സമാധാനത്തോടെ ഇരിക്കുമെന്നും എല്ലാം പറയുന്നുണ്ട്. എന്നാൽ കുട്ടി ഇതൊന്നും ഗൗനിക്കാതെ യാത്രക്കാരുടെ ഇടയിലൂടെ ചാടി ചാടി നടക്കുക ആയിരുന്നു. കുട്ടിക്ക് ചെറിയ ബുദ്ധി വൈകല്യമുള്ളതായും പറയപ്പെടുന്നു.

എന്നാൽ മൂന്ന് വയസ്സുകാരന്റെ കുസൃതിയിൽ നല്ല ഒരു യാത്ര നഷ്ടമായതിന്റെ നിരാശയിലായിരുന്നു യാത്രക്കാരെല്ലാം. കുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള പെരുമാറ്റ വൈകല്യമുള്ളതാവാം എന്നാണ് കരുതുന്നത്. എന്നാൽ കുട്ടിയുടെ അമ്മ ഇതു സംബന്ധിച്ച കാര്യങ്ങൾ ഒന്നും വ്യക്തമാക്കിയില്ല. കുട്ടി ഇത്രയും വികൃതിത്തരങ്ങളെല്ലാം കാട്ടി കൂട്ടിയിട്ടും മിണ്ടാതിരുന്ന അമ്മയുടെ നടപടിയിലും യാത്രക്കാർ പ്രതഷേധിച്ചു.

കുട്ടി വിമാനത്തിലെ സീറ്റിന് മുകളിൽ കയറി ഇരിക്കുകയും സീലിങിൽ തലമുട്ടുകയും ചെയ്തപ്പോൾ അമ്മ സമാധാനിപ്പിച്ച് സീറ്റിൽ ഇരുത്താൻ നോക്കിയെങ്കിലും അവൻ തന്റെ വികൃതി തുടരുകയായിരുന്നു. സഹയാത്രികർ കുട്ടിയുടെ ബഹളം കൂടിയപ്പോൾ ചെവി പൊത്തിപ്പിടിച്ചും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. വിമാനം ന്യൂയോർക്കിൽ ലാൻഡ് ചെയ്തതോടെ ആശ്വാസത്തിലായ യാത്രക്കാർ തങ്ങളുടെ സന്തോഷവും മറച്ചു വെച്ചില്ല.

യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് വരുന്നത്. കുട്ടിയേയും അമ്മയേയും വിമാനത്തിൽ നിന്നും പുറത്താക്കേണ്ടതായിരുന്നെന്നു വരെ ചിലർ കമന്റ് ചെയ്തു.