മലപ്പുറം: തിരൂരിൽ ഇന്നലെ മൂന്നര വയസുകാരൻ മരിക്കാൻ കാരണം ക്രൂരമർദ്ദനമേറ്റതുകൊണ്ടെന്ന് പൊലീസ് കണ്ടെത്തി. കുട്ടിയുടെ ഹൃദയത്തിലും വൃക്കകളിലും അടക്കം ചതവും മുറിവുകളും കണ്ടെത്തി. തലച്ചോറിലും ചതവുണ്ടായിരുന്നു. ബോധപൂർവം മർദ്ദിച്ചതിന്റെ ലക്ഷണങ്ങളാണ് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയത്.

രണ്ടാനച്ഛൻ അർമാനാണു മർദിച്ചതെന്ന് അമ്മ മുംതാസ് ബീഗം മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിനു പിന്നാലെ മുങ്ങിയ രണ്ടാനച്ഛൻ അർമാനെ പാലക്കാടുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.സിറാജിന്റെ ഹൃദയത്തിലും തലച്ചോറിലും മറ്റ് ആന്തരിക അവയവങ്ങളിലും ചതവും മുറിവുകളും കണ്ടെത്തി. ഷെയ്ക്ക് സിറാജിന്റെ ഹൃദയത്തിലും ഇരു വൃക്കകളിലും ചതവിനൊപ്പം മുറിവുകളുമുണ്ട്. തലയിലും ദേഹത്തും ചവിട്ടും മർദനവുമേറ്റെന്നാണു നിഗമനം.കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.

തിരൂരിൽ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ കുടുംബത്തിലെ ഷെയ്ക്ക് സിറാജാണ് കൊല്ലപ്പെട്ടത്. രണ്ടാനച്ഛൻ അർമാൻ കുട്ടിയെ ജില്ലാ ആശുപത്രിയിലാക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു. മരിച്ച ഷെയ്ക്ക് സിറാജിനെ പ്രവേശിപിച്ച ആശുപത്രിയിലെ ഡോക്ടർമാർക്കു സംശയം തോന്നിയതോടെയാണ് അർമാൻ സ്ഥലത്തുനിന്നു മുങ്ങിയത്. ഇയാളെ പിന്നീട് പാലക്കാട് നിന്ന് പൊലീസ് പിടികൂടിയിരുന്നു.പ്രതിയെ തിരൂർ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്. മുംതാസ് ബീഗവും പൊലീസിന്റെ കസ്റ്റഡിയിലാണ്.
ഇവരെയും ഉടൻ അറസ്റ്റ് ചെയ്യും.

തിരൂർ ഇല്ലത്തപ്പാടത്തെ ക്വാർട്ടേഴ്സിലാണ് കുടുംബം താമസിക്കുന്നത്. മുംതാസ് ബീവിയുടെ ആദ്യഭർത്താവായ ഷെയ്ക്ക് റഫീക്കിന്റെ മകനാണ് മരിച്ച ഷെയ്ക്ക് സിറാജ്. ഒരു വർഷം മുമ്പ് റഫീക്കുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷം അർമാൻ എന്നയാളെ മുംതാസ് ബീവി വിവാഹം കഴിച്ചിരുന്നു. തിരൂരിൽ ഒരാഴ്ച മുമ്പാണ് കുടുംബം താമസിക്കാനെത്തിയത്. ഇന്നലെ ഇവർ വഴക്കുണ്ടായതായി സമീപത്ത് താമസിക്കുന്നവർ പറഞ്ഞു. പൊലീസ് ഇവർ താമസിച്ചിരുന്ന മുറിയിലും പരിശോധന നടത്തി.

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ മേൽനോട്ടത്തിൽ തിരൂർ ഡിവൈഎസ്‌പി വി.വി.ബെന്നിയും സംഘവുമാണു കേസ് അന്വേഷിക്കുന്നത്.