കണ്ണൂർ: കീഴാറ്റൂർ വയലിലൂടെ ദേശീയപാതാ ബൈപാസ് നിർമ്മിക്കുന്നതിനെതിരെ കർഷകരക്ഷാ മാർച്ചുമായി നാളെ ബിജെപി. സമരത്തിന്. സിപിഎം. പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ നിന്നും സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനാണ് മാർച്ച് ഉത്ഘാടനം ചെയ്യാനെത്തുന്നത്.

കണ്ണൂരിൽ സിപിഎമ്മിനെതിരെ ഏത് വടി കിട്ടിയാലും ഉപയോഗിക്കുക എന്ന ബിജെപി.യുടെ രാഷ്ട്രീയ തന്ത്രമാണ് ഇതിനു പിറകിൽ. കഴിഞ്ഞ മാസം 25 ാം തീയ്യതി ബിജെപി. ഉൾപ്പെടെയുള്ള കക്ഷികൾ കീഴാറ്റൂർ വയൽ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യദാർഢ്യ മാർച്ച് നടത്തിയിരുന്നു.

ആ മാർച്ചിലെ മുഖ്യ പ്രാസംഗികൻ ബിജെപി. എംപി. കൂടിയായ സുരേഷ് ഗോപിയായിരുന്നു. അടുത്ത രണ്ട് ദിവസം കൊണ്ടു തന്നെ കീഴാറ്റൂർ വയൽ പ്രശ്നത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നും സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ ഉപരിതല ഗതാഗതമന്ത്രിക്കു മുന്നിൽ പ്രശ്നം അവതരിപ്പിക്കുമെന്നും പറഞ്ഞിരുന്നു.

എന്നാൽ അതിന് ശേഷവും ദേശീയ പാത അഥോറിറ്റി ബദൽ റോഡിനുള്ള ആലോചന പോലും നടത്തിയില്ലെന്നാണ് വസ്തുത. മാത്രമല്ല സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുക്കൽ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന നിലപാടിലുമാണ്. ദേശീയ പാതാ കീഴാറ്റൂരിന് പകരം മറ്റ് എവിടെയെങ്കിലും മാറ്റുമെന്ന കാര്യത്തിൽ ഒരിഞ്ചു പോലും അഥോറിറ്റി മുന്നോട്ട് പോയിട്ടുമില്ല.

കീഴാറ്റൂർ വയലിൽ സർവ്വേ നടത്തി കല്ലിട്ട് അടയാളപ്പെടുത്തി കഴിഞ്ഞു. ഏറ്റെടുക്കൽ നടപടിയും നഷ്ടപരിഹാരം തീരുമാനിക്കുകയുമാണ് അടുത്ത ഘട്ടം. തുടർന്ന് വിശദമായ സർവ്വേയും അന്തിമ വിഞ്ജാപനവും നടത്തുകയാണ് വേണ്ടത്. ഈ സാഹചര്യത്തിൽ മാറ്റങ്ങൾ വരണമെങ്കിൽ കേന്ദ്ര സർക്കാറിന്റെ നിർദ്ദേശം ഉണ്ടായിരിക്കണം. ബിജെപി. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസും നൽകിയ നിവേദനം ഇനിയും പരിഗണിക്കപ്പെട്ടില്ല.

കേന്ദ്ര സർക്കാർ കർഷകർക്കൊപ്പമാണെന്ന് ബിജെപി. നേതാക്കൾ ഇവിടെ ആവർത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ കീഴാറ്റൂർ പ്രശ്നത്തിൽ ഇതു വരേയും കേന്ദ്ര സർക്കാറിൽ നിന്നും അനുകൂല നിലപാട് ഉണ്ടായിട്ടില്ല. ദേശീയ പാത ഏറ്റെടുക്കൽ നിയമത്തിലെ 3 എ വിഞ്ജാപനം മാറ്റി ഇറക്കിയാൽ മാത്രമേ കീഴാറ്റൂർ പ്രശ്നത്തിൽ എന്തെങ്കിലും സാധ്യമാവൂ.

ബിജെപി. കീഴാറ്റൂരിലെ ഐക്യദാർഢ്യ മാർച്ചിൽ പങ്കെടുത്ത് പ്രഖ്യാപനം നടത്തിയിട്ട് ഇന്നേക്ക് 9 ദിവസം കഴിഞ്ഞു. നാളെ കീഴാറ്റൂർ കീഴടങ്ങില്ല എന്ന പേരിൽ ബിജെപി. ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ് കീഴാറ്റൂരിൽ നിന്നും കണ്ണൂരിലേക്ക് കർഷക രക്ഷാ മാർച്ച് നടത്തുന്നുണ്ട്. അതോടെ കീഴാറ്റൂർ പ്രശ്നത്തിൽ സിപിഎം. മുമായി ബിജെപി. നേരിട്ട് ഏറ്റുമുട്ടുകയാണ്. കേന്ദ്ര സർക്കാറിൽ നിന്നും ഉടൻ അനുകൂല തീരുമാനമില്ലെങ്കിൽ വെട്ടിലാവുന്നത് ബിജെപി.യുടെ കേരള ഘടകമായിരിക്കും.

കർഷക രക്ഷാ മാർച്ച് നടത്തി സമരം മുന്നോട്ടു പോകുന്നതിനിടെ നിലവിലുള്ള അലൈന്മെന്റ് മാറ്റ പ്രഖ്യാപനം വരുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. തങ്ങളുടെ സമര ഫലമാണ് ഈ നേട്ടമുണ്ടായതെന്ന് ബിജെപി. ക്ക് അഭിമാനിക്കാനുമാവും. എന്നാൽ കീഴാറ്റൂരിന്റെ സ്വഭാവമനുസരിച്ച് ബിജെപി.ക്ക് ഉദ്ദേശിച്ച രാഷ്ട്രീയ ഫലം കൈവരിക്കാനാവുമോ എന്ന് സംശയമാണ്. കാരണം സമരം ചെയ്യുന്നവരും സമരം ചെയ്യുന്ന വയൽക്കിളികളും എതിർക്കുന്നവരും ഇന്നും പാർട്ടിയെ തള്ളി പറഞ്ഞിട്ടില്ല.അവരാരും ചെങ്കൊടി താഴെ വച്ചിട്ടുമില്ല.