ന്യൂഡൽഹി: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഋഷഭ് പന്തിനെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിലും കൂടുതൽ അവസരങ്ങൾ ലഭിക്കണമെന്ന് ഓസ്‌ട്രേലിയ മുൻ ക്രിക്കറ്റ് താരം ബ്രാഡ് ഹോഗ്. ഋഷഭ് പന്തിന്റെ കഴിവും ബാറ്റിങ്ങും പരിഗണിച്ച് താരത്തെ ട്വന്റി20, ഏകദിന ടീമുകളിലേക്കും പരിഗണിക്കണം. ടെസ്റ്റ് പരമ്പരയിൽ രണ്ട് നിർണായക ബാറ്റിങ് പ്രകടനങ്ങളിലുടെ ഋഷഭ് പന്ത് കഴിവു തെളിയിച്ചതായും ബ്രാഡ് ഹോഗ് അഭിപ്രായപ്പെട്ടു.

ഓസ്‌ട്രേലിയൻ മണ്ണിൽ ഇന്ത്യയ്ക്കായി കളിക്കുന്നതിലും മെച്ചപ്പെട്ടതു വേറൊന്നുമില്ല. ഞാനായിരുന്നെങ്കിൽ ശ്രേയസ് അയ്യർക്കു പകരം ഋഷഭ് പന്തിനെ കളിക്കാൻ ഇറക്കും. ഓൾറൗണ്ടർമാരെ നിലനിർത്തും. അയ്യർക്കോ, സഞ്ജു സാംസണോ പകരം പന്തിനെ ഇറക്കാം. പന്തിന്റെ കയ്യിൽ ഒട്ടേറെ വ്യത്യസ്തമായ ഷോട്ടുകളുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിനെതിരെ പന്തെറിയുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ഏതൊരു ബാറ്റ്‌സ്മാനെക്കാളും വ്യത്യസ്തനാണ് പന്ത്. അദ്ദേഹത്തെ ടീമിൽ നിലനിർത്തുക- ഓസീസ് മുൻ താരം ആവശ്യപ്പെട്ടു.

ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് വിരാട് കോലിയെ മാറ്റേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കോലിയെ മാറ്റിയാൽ അത് ഇന്ത്യൻ ടീമിനെ ബാധിക്കും. അത് കോലിയുടെ ബാറ്റിങ്ങിനെയും ബാധിച്ചേക്കാം. ക്യാപ്റ്റനായിരിക്കുമ്പോൾ കോലി മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നു. കോലിയെ മാറ്റിയാൽ ഇന്ത്യൻ ടീമിന്റെ ബാറ്റിങ് സംസ്‌കാരത്തെത്തന്നെ അതു ബാധിക്കുമെന്നാണു തോന്നുന്നത്.

അജിൻക്യ രഹാനെ മികച്ച ക്യാപ്റ്റൻ തന്നെ. ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന മൂന്നു ടെസ്റ്റുകളിൽ അദ്ദേഹത്തിന്റെ പ്രകടനം അത്തരത്തിലുള്ളതായിരുന്നു. അദ്ദേഹം സൗമ്യനാണ്, ശാന്തസ്വഭാവക്കാരനാണ്. നല്ലൊരു നേതാവുമാണ്. എങ്കിലും ഞാൻ രഹാനെയെ വൈസ് ക്യാപ്റ്റനായി തന്നെ വിടും. കാരണം വിരാട് കോലി മുന്നിൽനിന്ന് നയിക്കണമെന്നു ഞാൻ കരുതുന്നു- ഹോഗ് വ്യക്തമാക്കി.