- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെസിബിക്കാരെ കിട്ടാത്തത് വിലങ്ങു തടിയായി; കുളത്തിൽ വീണ കുട്ടി കുറുമ്പനെ കരയ്ക്ക് എത്തിക്കാൻ ഒടുവിൽ തൂമ്പയെടുത്ത് ഇറങ്ങി നാട്ടുകാരും വനപാലകരും; അഞ്ചു മണിക്കൂർ പരിശ്രമത്തിൽ ചാലുകീറി രക്ഷപ്പെടുത്തൽ; പെസഹ ദിനത്തിൽ തിരുനെല്ലിയിൽ നടന്നത് സമാനതകളില്ലാത്ത ദൗത്യം; ബ്രഹ്മഗിരിയിൽ കുട്ടിയാനയെ രക്ഷിച്ച കഥ
വയനാട്. തിരുനെല്ലി ബ്രഹ്മ ഗിരി എ എസ്റ്റേറ്റിലെ പെസഹ ദിനത്തിലെ പ്രഭാതം , ഒരു കുട്ടിയാനയുടെ ചിന്നം വിളി കേട്ടാണ് എസ്റ്റേറ്റ് തൊഴിലാളികൾ ഉണർന്നത്. കൂട്ടമായമായി ആന ഇറങ്ങിയതാവാം എന്നാണ് തൊഴിലാളികൾ ആദ്യം കരുതിയത്. എന്നാൽ നിലയ്ക്കാത്ത ചിന്നം വിളി എന്തോ അപകടം തന്നെയാണന്ന് തൊഴിലാളികൾ തിരിച്ചറിഞ്ഞു.
കാപ്പി ത്തോട്ടത്തിനുള്ളിലേക്ക് തന്നെ ചിലർ പോയി. അവരാണ് കാപ്പി ചെടിക്ക് വെള്ളം നനയ്ക്കാൻ എടുത്ത കുളത്തിൽ ഒരു കുട്ടിയാന പെട്ടതായി കണ്ടത്. ഉദ്ദേശം 6 വയസ് പ്രായം തോന്നിക്കുന്ന കുട്ടി കുറുമ്പൻ പരിഭ്രമത്താൽ ചിന്നം വിളി നിർത്തുന്നില്ല. ഉടൻ തന്നെ എസ്റ്റേറ്റ് തൊഴിലാളികൾ തിരുനെല്ലി ഫോറസ്റ്റ് ഓഫീസിലേക്ക് വിവരം അറിയിച്ചു.
ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ജയപ്രസാദ് എം വിയുടെ നേതൃത്വത്തിൽ ഉടൻ തന്നെ വനപാലക സംഘം ബ്രഹ്മഗിരി എസ്റ്റേറ്റിൽ എത്തി. രാത്രിയിൽ പട്രോളിങ് സംഘം എസ്റ്റേറ്റിന് അടുത്ത് കൂടെ ആനകൾ കൂട്ടമായി പോകുന്നത് കണ്ടിരുന്നു. അതിൽ നിന്നും കൂട്ടം തെറ്റിയ കുട്ടിയാവാം കുളത്തിൽ അകപ്പെട്ടതെന്ന് വനപാലകർ പറഞ്ഞു.
കുട്ടി കുറുമ്പ നെ കുളത്തിൽ ചാലുകീറി രക്ഷിക്കാമെന്ന് വനപാലകരും നാട്ടുകാരും ചേർന്ന് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പ്രദേശത്തെ ജെ സി ബി ഉടമകളെ ബന്ധപ്പെട്ടു. അപ്പോഴാണ് അറിയുന്നത് പെസഹ വ്യാഴം , വിഷു അവധികൾ പ്രമാണിച്ച് ജെ സി ബി ഡ്രൈവർമാരെല്ലാം നാട്ടിൽ പോയെന്ന്.
ആന കുട്ടിയെ നാല് അടിയിൽ കൂടുതൽ വെള്ളമുള്ള കുളത്തിൽ നിന്നും രക്ഷിക്കുക എന്നത് വെല്ലുവിളി തന്നെയായി. ജെ.സി.ബി. കിട്ടില്ലന്ന് ഉറപ്പായതോടെ വനപാലകരും എസ്റ്റേറ്റ് തൊഴിലാളികളും തൂമ്പയും എടുത്ത് കുളത്തിന്റെ കരയിൽ എത്തി ചാലു കീറി തുടങ്ങി. പശിമയുള്ള മണ്ണ് ജോലിക്ക് മാത്രമല്ല കുട്ടി ആനയെ കരയ്ക്ക് കയറ്റുന്നതിനും തടസമായി.
ഒടുവിൽ 5 മണിക്കൂർ നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് കുട്ടി കുറുമ്പനെ കരയ്ക്ക് കയറ്റാനായത്. കരയിൽ കയറിയ കുട്ടിയാനയെ വനപാലക സംഘം പിൻതുടർന്ന് ഉൾ കാട്ടിലേയ്ക്ക് കയറ്റി വിട്ടു. അങ്ങനെ ആ കുറുമ്പൻ കാട്ടിലേക്ക് യാത്രയായി.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്