- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രഹ്മോസ് മിസൈലിന്റെ ഭാഗങ്ങൾ നിർമ്മിക്കുകയും കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്ന തന്ത്രപ്രധാന ഇടം; ചാക്കയിലെ അതിസുരക്ഷാ മേഖലയിൽ കടന്നു കയറിയ അജ്ഞാതൻ ആര്? സിസിടിവി പരിശോധിച്ച് സംശയ നിവാരണ ശ്രമം; കേരളത്തെ പാക് ചാരന്മാർ ലക്ഷ്യമിടുന്നുവോ?
തിരുവനന്തപുരം: ബ്രഹ്മോസ് എയറോസ്‌പേസ് സെന്ററിൽ പൊലീസ് പരിശോധന. അജ്ഞാതൻ കോംപൗണ്ടിൽ കടന്നെന്ന സംശയത്തേത്തുടർന്നാണ് ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പരിശോധിച്ചത്. നേരത്ത കൊച്ചി കപ്പൽശാലയിലും ചാരപ്രവർത്തനം നടന്നുവെന്ന് വ്യക്തമായിരുന്നു. വ്യാജ രേഖകളുമായി താമസിച്ച് ജോലി ചെയ്തായിരുന്നു ചാരപ്രവർത്തനം. ഇതിന് സമാനമായ ചാര പ്രവർത്തനം ചാക്കയ്ക്ക് അടുത്തുള്ള സ്ഥാപനത്തിലും നടന്നോ എന്നാണ് സംശയിക്കുന്നത്.
അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസിനു സമീപം അപരിചിതനെ കണ്ടുവെന്നാണ് ബ്രഹ്മോസ് അധികൃതർ പൊലീസിൽ അറിയിച്ചത്. ബ്രഹ്മോസ് മിസൈലിന്റെ ഭാഗങ്ങൾ നിർമ്മിക്കുകയും കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്ന തന്ത്രപ്രധാന ഇടമാണിത്. ജീവനക്കാരെ പരിശോധിച്ച ശേഷമാണു പുറത്തേക്കു വിടുന്നത്. പൊലീസ് പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്നാണ് സൂചന. എങ്കിലും ജാഗ്രത തുടരും. അതീവ സുരക്ഷാ മേഖലയാണ് ഇത്. കേന്ദ്ര ഏജൻസികളും ഇക്കാര്യം പരിശോധിക്കുന്നുണ്ട്.
ബ്രഹ്മോസിലെ രഹസ്യങ്ങൾ ചോർത്താൻ പാക്കിസ്ഥാൻ പല വഴികളും നോക്കാറുണ്ട്. 2018ൽ നാഗ്പൂരിലെ കേന്ദ്രത്തിൽ പല അറസ്റ്റും നടന്നു. നാഗ്പൂരിലെ ബ്രഹ്മോസ് മിസൈൽ യൂണിറ്റിൽ നിന്നാണ് അന്ന് ചാരനെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും മിലിട്ടറി ഇന്റലിജൻസും സംയുക്തമായി പിടികൂടിയത്. ബ്രഹ്മോസ് യൂണിറ്റിലെ സാങ്കേതിക രഹസ്യങ്ങൾ പാക്കിസ്ഥാന് ചോർത്തിനൽകാനിയിരുന്നു ഇദ്ദേഹത്തിന്റെ നീക്കം. ഇദ്ദേഹത്തെ കഴിഞ്ഞ കുറെനാളായി തീവ്രവാദ സ്‌ക്വാഡ് നിരീക്ഷിച്ചുവരികയായിരുന്നു. ബ്രഹ്മോസ് മിസൈൽ യൂണിറ്റിൽ ജോലി ചെയ്തായിരുന്നു ചാരപ്പണി.
അതുകൊണ്ട് തിരുവനന്തപുരത്തെ ബ്രഹ്മോസ് കേന്ദ്രത്തിൽ അടക്കം അതീവ ജാഗ്രതയാണ്. സിസിടിവി പരിശോധിച്ച് അജ്ഞാതനെ കണ്ടെത്താനാകും ശ്രമം. കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് അതീവ രഹസ്യമായി കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്തതിന് അഫ്ഗാൻ പൗരൻ പിടിയിലായിരുന്നു. അഫ്ഗാൻ പൗരൻ ഈദ്ഗുല്ലിനെ കേരള പൊലീസ്, എൻഐഎ, ഐബി ഉദ്യോഗസ്ഥർ സംയുക്തമായി ചോദ്യം ചെയ്തിരുന്നു. എന്നാൽ കാര്യമായ വിവരങ്ങൾ കിട്ടിയിട്ടില്ല.
ഇന്ത്യയിൽ കൂടുതൽ അഫ്ഗാൻ പൗരന്മാർ എത്തിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷിച്ചെങ്കിലും വ്യക്തത വന്നില്ല. കൊച്ചി കപ്പൽശാലയിൽ ഈദ്ഗുല്ലിന്റെ ഏതാനും ബന്ധുക്കളും ജോലി ചെയ്യുന്നുണ്ട്. ഈദ്ഗുല്ലിന്റെ അമ്മയുടെ വീട് അസമിലാണ്. അമ്മയുടെ മേൽവിലാസം ഉപയോഗിച്ചാണ് വ്യാജ തിരിച്ചറിയൽ കാർഡ് ഈദ്ഗുൽ നിർമ്മിച്ചത്. ഈദ്ഗുല്ലിന്റെ ബന്ധു തന്നെയാണ് ഇയാളെപ്പറ്റിയുടെ വിവരം കപ്പൽശാല അധികൃതരെ അറിയിച്ചത്. ഇരുവരും വഴക്കുകൂടിയപ്പോഴാണ് ബന്ധു ഈദ്ഗുല്ലിനെ ഒറ്റിക്കൊടുത്തത്. എന്നാൽ ഈദ്ഗുല്ലിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയെന്ന് അറിഞ്ഞയുടൻ ഇദ്ദേഹം കൊൽക്കത്തയിലേക്ക് മുങ്ങി.
ചികിത്സാവിസയിലാണ് പിതാവിന്റെ ബന്ധുക്കൾക്കൊപ്പം ഈദ്ഗുൽ ഇന്ത്യയിലെത്തിയത്. ഇയാൾ കപ്പലിനുള്ളിൽ കയറിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ വിധേയമാക്കിയിരുന്നു. കപ്പലിന്റെ തറയിൽ വിരിക്കാനുള്ള ഷീറ്റ് തയ്യാറാക്കിയിരുന്ന ജോലിയിൽ ഈ്ദ്ഗുൽ ഏർപ്പെട്ടിരുന്നു. രഹസ്യം ചോർത്തൽ സംശയിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്തെ ബ്രഹ്മോസിലും ചാര സംശയം എത്തുന്നത്. മുമ്പ് തുമ്പയിലെ ഐ എസ് ആർ ഒ കേന്ദ്രത്തിലെ രഹസ്യ ചോർച്ചാ വിവാദമാണ് പിന്നീട് ഐ എസ് ആർ ഒ കേസായി മാറിയത്.
മറുനാടന് മലയാളി ബ്യൂറോ