ന്യൂഡൽഹി: ബ്രഹ്‌മോസിന് ആവശ്യക്കാർ ഏറെ. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ബ്രഹ്‌മോസ് പ്രതിരോധ വിപണിയിലേക്ക്. ഫിലിപ്പീൻസാണ് ഇത് ആദ്യം വാങ്ങുക. പ്രതിരോധ കച്ചവടത്തിൽ ഇന്ത്യയ്ക്ക് പുതിയ പ്രതീക്ഷയാണ് ലോകത്തെ ഏറ്റവും മികച്ച ക്രൂയിസ് മിസൈലായ ബ്രഹ്‌മോസ്. അറബ് രാജ്യങ്ങളും ബ്രഹ്‌മോസിനായി രംഗത്തുണ്ട്. ചൈനയെ നേരിടാനാണ് ഫിലിപ്പൈൻസ് ബ്രഹ്‌മോസിനെ സ്വന്തമാക്കുന്നത്. ഫിലിപ്പീൻസിന്റെ തീരപ്രതിരോധ റെജിമെന്റാണു മിസൈൽ വിന്യസിക്കുക.

ഫിലിപ്പീൻസ് തീരുമാനം ആഗോള ആയുധവിപണിയിൽ ഇന്ത്യയ്ക്കു വൻ നേട്ടമാകും. 3 ബാറ്ററി ബ്രഹ്‌മോസ് മിസൈലുകളാണു ഫിലിപ്പീൻസിന് വേണ്ടത്. ഒരു ബാറ്ററിയിൽ 4 മുതൽ 6 വരെ മിസൈലുകളാണുള്ളത്. 37.49 കോടി ഡോളറിന്റെ (ഏകദേശം 2774 കോടി രൂപ) ഇടപാടാണ്. ചൈനയാണു ഫിലിപ്പീൻസിനു പ്രധാന സുരക്ഷാഭീഷണി. ഈ സാഹചര്യത്തിലാണ് ഇന്ത്യയുമായുള്ള സഹകരണം. വിയറ്റ്‌നാം, ചിലെ എന്നീ രാജ്യങ്ങളും ബ്രഹ്‌മോസ് വാങ്ങാൻ രംഗത്തുണ്ട്.

42 രാജ്യങ്ങൾക്ക് ഇന്ത്യ ആയുധങ്ങൾ കയറ്റുമതി ചെയ്ത് 8500 കോടി രൂപയോളം കഴിഞ്ഞവർഷം നേടിയെങ്കിലും അവയെല്ലാം റൈഫിൾ, ടോർപിഡോ വെടിക്കോപ്പ്, ഷെല്ലുകൾ തുടങ്ങിയ ലഘു ആയുധങ്ങളും വൻ ആയുധങ്ങളുടെ സ്‌പെയർ പാർട്‌സും പാരഷൂട്ട് തുടങ്ങിയ സാമഗ്രികളുമാണ്. ഹിന്ദുസ്ഥാൻ ഏറോനോട്ടിക്‌സ് വികസിപ്പിച്ച ധ്രുവ് ഹെലികോപ്റ്ററും കയറ്റുമതി ചെയ്തിരുന്നു. ആദ്യമായാണ് മൈസില്ഡ കച്ചവടം. ഖത്തർ, യുഎഇ, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് മേഖലകളിൽ ബ്രഹ്‌മോസിന് താൽപ്പര്യക്കാരുണ്ട്.

ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലാണ് ബ്രഹ്‌മോസ്. കര-നാവിക-വ്യോമ സേനകൾക്കു വേണ്ടിയുള്ള ബ്രഹ്‌മോസിന്റെ പ്രത്യേക പതിപ്പുകൾ തയാറാക്കിയിട്ടുണ്ട്. സുഖോയ് 30 വിമാനങ്ങൾക്കു മാത്രമാണു ബ്രഹ്‌മോസ് മിസൈൽ വഹിക്കാൻ ശേഷിയുള്ളത്. വ്യക്തമായി കാണാൻ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളിൽ പോലും ആക്രമണം നടത്താൻ കഴിയുമെന്നതാണു ബ്രഹ്‌മോസ്-സുഖോയ് സംയോജനത്തിന്റെ പ്രത്യേകത.

ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങളിൽ സൗദി അറേബ്യ കഴിഞ്ഞാൽ രണ്ടാമതാണ് ഇന്ത്യ. 2015-19 കാലഘട്ടത്തിൽ ആഗോളതലത്തിൽ നടന്ന ആയുധ ഇറക്കുമതിയിയുടെ 9.2 ശതമാനവും ഇന്ത്യയിലേക്കായിരുന്നു. ആയുധങ്ങൾ വാങ്ങുന്നതിലൂടെ സംഭവിക്കുന്ന ബാധ്യത ആയുധ കയറ്റുമതിയിലൂടെ കുറക്കാനാണ് ഇന്ത്യൻ ശ്രമം. 2018-19 കാലയളവിൽ ഇന്ത്യൻ ആയുധ കയറ്റുമതി ആദ്യമായി ഒരു ബില്യൺ ഡോളർ കവിഞ്ഞിരുന്നു. വലിയ ആയുധങ്ങൾ കൂടി കയറ്റുമതി പട്ടികയിലേക്കെത്തുന്നതോടെ ഇതിൽ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ.

പ്രാദേശികമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ആകാശ് മിസൈൽ സംവിധാനത്തോട് ഒമ്പത് രാജ്യങ്ങളാണ് താത്പര്യം അറിയിച്ചിട്ടുള്ളത്. ശത്രുക്കളുടെ പോർവിമാനങ്ങളും, ഹെലിക്കോപ്റ്ററുകളും, ഡ്രോണും, സൂപ്പർസോണിക് ക്രൂയിസ് മിസൈലും തകർക്കാൻ ശേഷിയുണ്ട് ആകാശിന്. കെനിയ, ഫിലിപ്പീൻസ്, ഇന്തൊനീഷ്യ, യുഎഇ, ബഹ്റെയ്ൻ, സൗദി അറേബ്യ, ഈജിപ്ത്, വിയറ്റ്നാം, അൾജീരിയ തുടങ്ങിയ രാജ്യങ്ങളാണ് ആകാശിൽ താൽപര്യം അറിയിച്ചിട്ടുള്ളത്.

96 ശതമാനവും തദ്ദേശീയമായി നിർമ്മിച്ച ആകാശ് വിൽക്കുന്നതിന് ഇന്ത്യക്ക് മറ്റാരുടേയും അനുമതിയുടെ ആവശ്യമില്ല. എന്നാൽ, റഷ്യൻ സഹകരണത്തിൽ നിർമ്മിച്ച ബ്രഹ്‌മോസ് വിൽക്കുന്നതിന് റഷ്യയുടെ കൂടി അനുമതി ആവശ്യമുണ്ട്. ഇപ്പോൾ തന്നെ 400 കിലോമീറ്റർ പരിധിയുള്ള ബ്രഹ്‌മോസിന്റെ പരിധി 800 കിലോമീറ്റർ ഉയർത്താനും ഇന്ത്യയും റഷ്യയും തീരുമാനിച്ചിട്ടുണ്ട്. അതേസമയം കയറ്റുമതിക്ക് 290 കിലോമീറ്റർ പരിധിയുള്ള ബ്രഹ്‌മോസ് മിസൈലിനാണ് അനുമതി ലഭിച്ചിട്ടുള്ളത്.