ന്യൂയോർക്ക്: മരിച്ചാൽ പിന്നെ നാം ഒന്നും അറിയില്ലെന്നതാണ് പൊതുവെയുള്ള ധാരണ. എന്നാൽ നാം മരിച്ചുവെന്നെങ്കിലും നമുക്ക് അറിയാൻ അഥവാ അത് ഡോക്ടർ പ്രഖ്യാപിക്കുന്നത് കേൾക്കാനും സാധിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ നമ്മുടെ ഹൃദയം നിലച്ച ശേഷം മാത്രമേ നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കൂ എന്നതിനാൽ നമ്മുടെ മരണം ഡോക്ടർ സ്ഥിരീകരിക്കുന്നതും അതിനെ തുടർന്ന് നമ്മുടെ പ്രിയപ്പെട്ടവരുടെ നിലവിളിയും കേട്ടറിഞ്ഞ് നമുക്ക് മരണത്തിന്റെ തണുപ്പിലേക്ക് പതുക്കെ നീങ്ങാൻ സാധിക്കുമെന്നാണ് ശാസ്ത്രം പുതുതായി കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും പുതിയൊരു ഗവേഷണമാണ് ഈ അത്ഭുതകരമായ സത്യം കണ്ടെത്തിയിരിക്കുന്നത്.

ഹൃദയം നിലച്ചിട്ടും തലച്ചോറ് കുറച്ച് നേരം കൂടി പ്രവർത്തിക്കുന്നുവെന്ന് തങ്ങൾക്ക് ഈ ഗവേഷണത്തിലൂടെ കണ്ടെത്താൻ സാധിച്ചിരിക്കുന്നുവെന്നാണ് ഗവേഷകർ സമർത്ഥിക്കുന്നത്.ഇത്തരത്തിൽ ഹൃദയം നിലച്ചതിന് ശേഷവും ഒരു രോഗിക്ക് തന്റെ ബോധം കുറച്ച് കൂടി നിലനിൽക്കുന്നതിനാൽ മരണപ്രഖ്യാപനത്തെ തുടർന്നുള്ള കാര്യങ്ങൾ കുറച്ച് നേരം കൂടി കേൾക്കാനും അറിയാനും സാധിക്കുന്നു. അതായത് മരിച്ചതിന് ശേഷം പൂർണബോധത്തോടെ അയാളുടെ തലച്ചോറ് ശവശരീത്തിൽ തന്നെ കുറച്ച് നേരം നിലനിൽക്കുന്നതാണ്.

ഹാർട്ട് അറ്റാക്കിനെ തുടർന്ന് തങ്ങൾക്ക് ചുറ്റും എന്താണ് നടന്നതെന്നത് തിരിച്ചറിയാൻ സാധിച്ചിരുന്നുവെന്ന് അതിൽ നിന്നും രക്ഷപ്പെട്ടവർ വെളിപ്പെടുത്തുന്നത് തങ്ങളുടെ കണ്ടെത്തലിന് പിൻബലമേകാനായി ഗവേഷകർ എടുത്ത് കാട്ടുന്നു. ന്യൂയോർക്കിലെ സ്റ്റോണി ബ്രൂക്ക് യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ ഡോ. സാം പാർണിയയുടെ നേതൃത്വത്തിലുള്ള ടീമാണ് ഇത് സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. യൂറോപ്പിലും യുഎസിലുമുണ്ടായ കാർഡിയാക് അറസ്റ്റ് മരണങ്ങൾക്ക് ഇരകളായ നിരവധി പേരുടെ മസ്തിഷ്‌കത്തിന്റെ പ്രവർത്തനത്തെ നിരീക്ഷിച്ചതിലൂടെയാ ഗവേഷകർ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.

ഇത്തരത്തിലുള്ള ആഫ്റ്റർ ഡെത്ത് എക്സ്പീരിയൻസിലൂടെ കടന്ന് പോയവരും ഹൃദയാഘാതത്തിൽ നിന്നും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് വന്നവരുമായ രോഗികൾ മറ്റുള്ളവരെ സഹായിക്കുന്നതിനും സഹാനുഭൂതി പ്രകടിപ്പിക്കുന്നതിനും കൂടുതൽ താൽപര്യമെടുക്കുന്നതായി ഡോ. സാം വെളിപ്പെടുത്തുന്നു. ഹൃദയാഘാതത്തിന് ശേഷം തലച്ചോറിന്റെ ചിന്താഭാഗം എന്നറിയപ്പെടുന്ന സെറിബ്രൽ കോർടെക്സ് മന്ദഗതിയിലാവുമെന്നും എന്നാൽ ബ്രെയിൻ കോശങ്ങൾ ഹൃദയം നിലച്ച് മണിക്കൂറുകളോളം സജീവമായി നിലനിൽക്കുമെന്നും ഡോ. സാം വിശദീകരിക്കുന്നു.