ബ്രാംപ്ടൺ: വളരെയേറെ കാത്തിരിപ്പുകൾക്കും പ്രതീക്ഷകൾക്കും പ്രവർത്തനങ്ങൾക്കും ഒടുവിൽ സർക്കാർ ക്ഷേത്രനിർമ്മാണത്തിനുള്ള അനുമതി നൽകി ഉത്തരവായി.

ഏറെക്കാലമായി താത്കാലികമായി ഒരു കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ക്ഷേത്രത്തിന്റെ വളരെ നാളത്തെ പ്രയത്‌നത്തിനു അന്തിമമായി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനുള്ള ഉത്തരവു ലഭിക്കുകയായിരുന്നു. ഭൂമി പൂജ, ഉഴവ് എന്നിങ്ങനെയുള്ള കർമങ്ങൾ യഥാവിധി പൂർത്തീകരിച്ചിട്ടുള്ളതിനാൽ നിർമ്മാണം ഉടനെ ആരംഭിക്കുന്നതാണ്. കേരളത്തിലെ ഗുരുവായൂർ ക്ഷേത്രത്തിന്റെ അതെ തച്ചു കണക്കുകളിൽ പണിയുന്ന ക്ഷേത്ര നിർമ്മാണത്തിന്റെ വിശദ വിവരങ്ങൾ ഭാരവാഹികൾ വിവരിച്ചു.

ഒന്റാരിയോയിലെ ബ്രാംപ്ടണിൽ ഗുരുവായൂരപ്പൻ ക്ഷേത്രം പണിയുവാനുള്ള ബിൽഡിങ് പെർമിറ്റ് ഓഗസ്റ്റ് 12 നു കിട്ടി. കെട്ടിട നിർമ്മാണത്തിനു തുടക്കമായി കോൺട്രാക്ടേഴ്‌സിന്റെ ലിസ്റ്റ് തയാറാക്കി ടെന്ററുകൾ അയച്ചു കഴിഞ്ഞു. നാലഞ്ച് ആഴ്ചകൾക്കുള്ളിൽ ക്ഷേത്രം പണി തുടങ്ങാനുള്ള എല്ലാ ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു.

ഗുരുവായൂരിൽ മേൽശാന്തി ആയിരുന്ന ബ്രഹ്മശ്രീ കരിയന്നുർ ദിവാകരൻ നമ്പുതിരിയാണ് ക്ഷേത്രത്തിന്റെ തന്ത്രി. ക്ഷേത്ര വാസ്തു വിദഗ്ധൻ വെഴപ്പറമ്പ് നമ്പുതിരി കേരളത്തനിമയുള്ള വാസ്തുവിദ്യാ പ്രകാരം രൂപം നൽകുന്നു. ക്ഷേത്രത്തിന്റെ ഡ്രായിങ്‌സും പ്ലാനുകളും മറ്റും കണ്ടപ്പോൾ ബ്രാംപ്ടണിലെ ഒരു ലാൻഡ് മാർക്ക് ആയിരിക്കുമെന്നാണു സിറ്റി അധികാരികളും രാഷ്ട്രീയ നേതാക്കന്മാരും അഭിപ്രായപ്പെട്ടത്. ക്ഷേത്ര നിർമ്മാണത്തിന് ഏകദേശം രണ്ടര മുതൽ മൂന്നു മില്യൺ ഡോളർ വരെ ചെലവാണു പതീക്ഷിക്കുന്നത്. ഇതുവരെയുള്ള ധനശേഖരണത്തിന്റെ ഫലമായി 1.8 മില്യൺ ഡോളറാണു സംഭാവനകളും കടങ്ങളുമായി കിട്ടിയിരിക്കുന്നത്.

ഈ വർഷത്തെ തണുപ്പും മഞ്ഞും തുടങ്ങുന്നതിനു മുമ്പുതന്നെ നിർമ്മാണം തുടങ്ങാനും തടസങ്ങളൊന്നും കൂടാതെ മുന്നോട്ടു പോവാനും എല്ലാ ഭക്തജനങ്ങളുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ക്ഷേത്രത്തിന്റെ ബോർഡ് പ്രസിഡന്റ് ഡോ. കുട്ടി പറഞ്ഞു.


റിപ്പോർട്ട്: ജയ്ശങ്കർ പിള്ള