ടൊറന്റോ: ബ്രാംപ്ടൺ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ  കേരളപ്പിറവിദിനാഘോഷം സമാജം സെന്ററിൽ സംഘടിപ്പിച്ചു. ചടങ്ങിൽ പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ ബ്രഹ്മശ്രീ കരിയന്നുർ ദിവാകരൻ നമ്പൂതിരിയെ 'പ്രവാസി കാളിദാസ' ബഹുമതി നല്കി സമാജം ആദരിച്ചു.  ദിവാകരൻ നമ്പൂതിരിപ്പാടിന്റെ പുതിയ പുസ്തകമായ 'പ്രാഗൃംശം' ചടങ്ങിൽ പ്രകാശനം ചെയ്തു.  ചടങ്ങിൽ  പ്രവാസികളുടെ എഴുത്തച്ചൻ ജോൺ ഇളമതയാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്. ഡോ.കുട്ടി ആദ്യ കോപ്പി ഏറ്റുവാങ്ങി.  ഹരി വട്ടാപിള്ളിൽ പുസ്തക സാരാംശം സദസിനു പരിചയപ്പെടുത്തി. ചടങ്ങിൽ മലയാളീ  സമൂഹത്തിന്റെ മുഴുവൻ നേതാക്കളും ഒത്തൊരുമിച്ചു  ദിവാകരൻ നമ്പൂതിരിയെ പൊന്നാട അണിയിച്ചു  ആദരിച്ചു. 'പ്രവാസി കാളിദാസ' ബഹുമതി സമാജം പ്രസിഡന്റ് കുര്യൻ പ്രക്കാനം ബ്രഹ്മശ്രീ ദിവാകരൻ  നമ്പൂതിരിക്ക് സമ്മാനിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി കാത്തലിക് ഡിസ്ട്രിക് സ്‌കൂൾ ബോർഡിലേക്ക് നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ട തോമസ് കെ.തോമസ്, കന്നിയങ്കത്തിൽ തന്നെ വിജയിച്ച ഷോൺ സേവ്യർ എന്നിവർക്ക് സമാജത്തിന്റെ ആഭിമുഖ്യത്തിൽ വമ്പിച്ച സ്വീകരണവും അനുമോദനവും നൽകി. കാനഡയിലെ മലയാളികൾക്ക് ഒന്നാകെ അഭിമാനിക്കാവുന്നത് ഇവരുടെ വിജയം എന്ന് സമാജം  പ്രസിഡണ്ട് കുര്യൻ പ്രക്കാനം പറഞ്ഞു.  ഇരുവരെയും സമാജം ഭാരവാഹികൾ പൊന്നാടയണിയിച്ച് സ്വീകരിച്ചു.

സമാജം പ്രസിഡന്റ് കുര്യൻ പ്രക്കാനത്തിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ  കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ പ്രസിഡന്റ് ഫാ.മാക്‌സിൻ ജോൺ,  ഫൊക്കാന പ്രസിഡന്റ് ജോൺ പി.ജോൺ, ഗുരുവായൂർ അപ്പൻ ക്ഷേത്രത്തിന്റെ പ്രസിഡണ്ട് ഡോ പി കെ കുട്ടി, കനേഡിയൻ മലയാളീ അസോസിയേഷൻ പ്രസിഡണ്ട്  ബോബി സേവ്യർ, മിസ്സിസ്സാഗ കേരള അസോസിയേഷൻ പ്രസിഡന്റ്  പ്രസാദ് നായർ, ഫാ എബി മാത്യു, ഇളമത ജോൺ,  തോമസ് കെ തോമസ്,  ഷോൺ സേവ്യർ,   ഉണ്ണി ഒപ്പത്ത്, എന്നിവർ ആശംസകളർപ്പിച്ചു. സമാജം സെക്രട്ടറി  ഗോപകുമാർ നായർ സ്വാഗതവും ട്രഷറർ  തോമസ് വർഗീസ് നന്ദിയും രേഖപ്പെടുത്തി. വിവിധ കലാപരിപാടികളും കേരള പിറവി ആഘോഷങ്ങളുടെ ഭാഗമായി ക്രമീകരിച്ചിരുന്നു.

മത്തായി മാത്തുള്ള ജയപാലൻ കൂട്ടത്തിൽ ഉണ്ണികൃഷ്ണൻ,  ബിജു തയ്യിൽചിറ, രൂപാ നാരായണൻ, സീമ ശ്രീകുമാർ, വർഗീസ് പോൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.