ടൊറന്റോ: സീറോ മലബാർ സഭയുടെ ടൊറന്റോ വെസ്റ്റ് റീജിയണിലെ പ്രധാന ഘടകമായ ബ്രാംപ്ടൺ സിറ്റിയിലെ വിശ്വാസി സമൂഹം തങ്ങളുടെ സിറ്റിയിൽ എല്ലാ ഞായറാഴ്ചകളിലും പരിശുദ്ധ കുർബാനയും അവരുടെ കുട്ടികൾക്ക് മതബോധന ക്ലാസുകളും തുടങ്ങുന്ന തുടങ്ങുന്നതിന്റെ പ്രധാന്യത്തെപ്പറ്റി വിശദീകരിക്കുകയും എഴുതി തയാറാക്കിയ അപേക്ഷയും ഷിക്കാഗോ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന് അനേക വിശ്വാസി സമൂഹത്തെ സാക്ഷിനിർത്തി സമർപ്പിച്ചു. കുടുംബങ്ങളുടെ ആവശ്യമായതിനാൽ ഇരുപതിൽപ്പരം കുടുംബങ്ങൾ കുട്ടികൾ സഹിതമായി വന്നാണ് പിതാവിനെ കണ്ട് അപേക്ഷ സമർപ്പിച്ചത്. ഇതിൽ കൂടുതൽ പേരും മിസ്സിസാഗായിലുള്ള സർവീസിനു പോകാൻ സാധിക്കാത്തവരാണെന്നത് പ്രത്യേകം എടുത്തുപറയേണ്ട വസ്തുതയാണ്. ബ്രാംപ്ടണിലെ നാലു ഫാമിലി യൂണീറ്റ് ലീഡേഴ്‌സ് അവരുടെ യൂണീറ്റ് അംഗങ്ങളുടെ ബുദ്ധിമുട്ടികൾ നേരിട്ടുകണ്ടു മനസിലാക്കിയതിനാലാണ് ബ്രാംപ്ടൺകാരുടെ പൊതുവായ ഈ ആവശ്യവുമായി അങ്ങാടിയത്ത് പിതാവിനെ ആശയിച്ചിരിക്കുന്നത്.

കുട്ടികളുടെ അപേക്ഷയായി പ്രത്യേകം ആശംസാ കാർഡിൽ ബ്രാംപ്ടണിലെ കുട്ടികൾക്ക് 2015 സെപ്റ്റംബർ മാസം മുതൽ മതബോധന ക്ലാസുകൾ ആരംഭിക്കണമെന്ന് അപേക്ഷിക്കുന്നതായി ആലേഖനം ചെയ്തും കുട്ടികൾ സമർപ്പിച്ചു. അതുപോലെ തന്നെ ടീനേജുകാരുടെ അപേക്ഷയായി തങ്ങളുടെ മാതാപിതാക്കൾക്ക് പൈതൃകമായി ലഭിച്ച വിശ്വാസമൂല്യങ്ങൾ തങ്ങളിലേക്കും പകരുവാനുള്ള അവസരം ഒരുക്കി തരണമെന്ന് മറ്റൊരു ആശംസാകാർഡിൽ ആലേഖനം ചെയ്ത് യൂത്ത് പ്രതിനിധി പിതാവിന് സമർപ്പിച്ചു.

സീറോ മലബാർ സഭയുടെ ടൊറന്റോ വെസ്റ്റ് റീജിയൻ ബ്രാംപ്ടൺ, മിസ്സിസാഗാ, എടോബികോക്ക്, മാൾടൺ, വുഡ്ബ്രിഡ്ജ്, മിൽടൺ, ബർലിംങ്ടൺ, ഓകുവിൽ എന്നീ എട്ട് സിറ്റികൾ കൂടിച്ചേരുന്നതാണ്.

ടൊറന്റോ വെസ്റ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊത്തം 650 കുടുംബങ്ങളിൽ  ഇരുനൂറോളം കുടുംബങ്ങൾ (മൂന്നിൽ ഒരുഭാഗം) ബ്രാംപ്ടൺകാരാണെങ്കിലും വെറും നാൽപ്പതോ അമ്പതോ കുടുംബങ്ങൾ മാത്രമാണ് മിസ്സിസാഗാ സർവീസിനു ദൂരം കാരണം ബ്രാംപ്ടണിൽ നിന്നും പങ്കെടുക്കുന്നത്. ആയതിനാൽ ഏകദേശം മുന്നൂറിൽപ്പരം കുട്ടികളുടെ മതബോധന അവകാശമാണ് നാം നിഷേധിക്കുന്നത് എന്ന വസ്തുത പിതാവിനെ ബോധിപ്പിക്കുവാൻ സാധിച്ചിട്ടുണ്ട്. പിതാവിന്റെ പൊടുന്നനെയുള്ള മറുപടി ബ്രാംപ്ടൺകാർക്ക് അനുകൂലമാണ് എന്നതിൽ എല്ലാവരും സന്തുഷ്ടരാണ്. ഇപ്പോൾ മുന്നൂറിൽപ്പരം (രജിസ്റ്റർ ചെയ്യാത്തവർ കൂടി ചേർന്നാൽ) കുടുംബങ്ങൾ അതായത് ആയിരത്തിൽപ്പരം സീറോ മലബാർ വിശ്വാസികൾ പാർക്കുന്ന ഈ സിറ്റിയിൽ വളരെയധികം പുതിയ വീടുകൾ വച്ച് പുതിയ പുതിയ കമ്യൂണിറ്റികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാൽ മറ്റ് സിറ്റികളെ അപേക്ഷിച്ച് ജനസംഖ്യാ വർധന നിരക്ക് വളരെ കൂടുതലാണ്. ആയതിനാൽ അടുത്ത ഭാവിയിൽ തന്നെ ഒരു പള്ളി ഇവിടെ ഉണ്ടാകേണ്ടതുമാണ്.

സീറോ മലബാർ സഭയ്ക്ക് ബ്രാംപ്ടണിൽ അഞ്ച് ഫാമിലി യൂണീറ്റുകളാണ് ഉള്ളത്. മൂന്നെണ്ണം വെസ്റ്റിലും, രണ്ടെണ്ണം ഈസ്റ്റിലും. ബ്രാംപ്ടൺ വെസ്റ്റിൽ പെട്ടെന്ന് കാണാൻപറ്റിയ കുറച്ചുപേരെ, അതായത് കുടുംബങ്ങളെ സമീപിച്ചപ്പോൾ എല്ലാവരും തന്നെ ഞങ്ങൾക്കിവിടെ സർവീസ് വേണം എന്നു പറഞ്ഞു പേപ്പറിൽ ഒപ്പിട്ടു തന്നു. കുറച്ചു സമയമെടുത്താൽ നൂറിൽ മുകളിൽ കുടുംബങ്ങളുടെ ഉറപ്പു ശേഖരിക്കാൻ ഇവർക്കു സാധിക്കും. പിതാവിനു കൊടുത്ത അപേക്ഷയോടൊപ്പം ഈ അറുപത് കുടുംബങ്ങളുടെ അപേക്ഷയും ഉള്ളടക്കം ചെയ്തിട്ടുണ്ട്. ആയതിനാൽ പിതാവിന് പെട്ടെന്ന് തന്നെ ഒരു തീരുമാനം കൈക്കൊള്ളാൻ ഇത് അവസരമൊരുക്കും എന്നാണ് ബ്രാംപ്ടൺകാർ പ്രതീക്ഷിക്കുന്നത്.

റിട്ടയേർഡ് ജീവിതം കഴിച്ചുകൂട്ടുന്ന ഞങ്ങളെപ്പോലുള്ളവർക്ക് എല്ലാ ഞായറാഴ്ചകളിലും മലയാളം കുർബാന കാണണമെന്നാഗ്രഹമുണ്ടെങ്കിലും ദൂരം കാരണം അതു സാധിക്കുന്നില്ല. ബ്രാംപ്ടണിൽ ഒരു കുർബാന ആരംഭിച്ചാൽ ഞങ്ങളെപ്പോലുള്ളവർക്കും അതുപോലെതന്നെ കൊച്ചുകുട്ടികൾ ഉള്ളവർക്കും അത് വലിയൊരു അനുഗ്രഹമായിരിക്കും. പ്രത്യേകിച്ച് ഏഴുമാസത്തിലധികവും കൊടും തണുപ്പുള്ള കാനഡയിൽ ദൂരം ഒരു പ്രശ്‌നം തന്നെയാണ് എന്നാണ് കോശി കാഞ്ഞൂപ്പറമ്പിലിന്റെ അഭിപ്രായം.

കാത്തലിക് സ്‌കൂൾ ബോർഡിന്റെ സൗകര്യം ഉള്ളതിനാലും, കുർബാന തുടങ്ങുവാനാവശ്യമായ എല്ലാ സംവിധാനങ്ങളും നാട്ടിൽ നിന്ന് എത്തിച്ചതിനാലും വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെതന്നെ പെട്ടെന്ന് സർവീസ് ആരംഭിക്കുവാൻ സാധിക്കും. ഇനിയും ആകെ വേണ്ടത് സഭാ നേതൃത്വത്തിന്റെ അനുവാദം മാത്രമാണ്. അങ്ങനെ വന്നാൽ ബ്രാംപ്ടൺ റീജിയൻകാർക്ക് അതൊരു വലിയ അനുഗ്രഹവും ഇവിടുത്തെ അടുത്ത തലമുറയെ വാർത്തെടുക്കുന്നതിനുള്ള ഒരു നാഴികക്കല്ലായിരിക്കുമെന്ന കാര്യത്തിൽ രണ്ടുപക്ഷമില്ല. ബ്രാംപ്ടൺ സീറോ മലബാർ കമ്യൂണിറ്റിക്കുവേണ്ടി ബ്രാംപ്ടണിലെ താഴെപ്പറയുന്ന നാലു കൗൺസിലേഴ്‌സ് ഒപ്പിട്ടാണ് പിതാവിന് അപേക്ഷ സമർപ്പിച്ചത്. കൂടാതെ സെന്റ് ജോസഫ് ഫാമിലി യൂണീറ്റിനെ പ്രതിനിധീകരിച്ച് സ്പിരിച്വൽ കോർഡിനേറ്റർ റീത്താമ്മ സെബാസ്റ്റ്യനും ഒപ്പുവച്ചിട്ടുണ്ട്.

പാരീഷ് കൗൺസിലേഴ്‌സ്: രാജു ചീരംവേലിൽ (ഫാത്തിമാ മാതാ ഫാമിലി യൂണിറ്റ്)

നിക്ക് (ജോജോ) പൊറുങ്ങനാൽ (സെന്റ് ആന്റണി ഫാമിലി യൂണീറ്റ്)

ജിമ്മി വർഗീസ് (സെന്റ് ക്ലെയർ ഫാമിലി യൂണീറ്റ്)

ആന്റണി തോമസ് (സെന്റ് ജോർജ് ഫാമിലി യൂണീറ്റ്).