കണ്ണൂർ: ബന്ധുനിയമന വിവാദത്തിൽ പ്രതിക്കൂട്ടിലായ കണ്ണൂരിലെ സിപിഐ(എം) നേതാക്കളായ പി കെ ശ്രീമതിക്കും മന്ത്രി ഇ പി ജയരാജനുമെതിരെ പാർട്ടി ഗ്രാമങ്ങളിൽ പോലും പ്രതിഷേധം രൂക്ഷമാകുന്നു. നിയമനത്തിന് എതിരായി കീഴാറ്റൂരിലെ ബ്രാഞ്ച് സെക്രട്ടറിയുടെ ഫേസ്‌ബുക്ക് പോസ്റ്റു വന്നതോടെ ഇരുവിഭാഗമായി തിരിഞ്ഞു സൈബർ യുദ്ധവും രൂക്ഷമായിക്കഴിഞ്ഞു.

സിപിഐ(എം) തളിപ്പറമ്പ് കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറിയാണു വിമർശനവുമായി രംഗത്തെത്തിയത്. ബ്രാഞ്ച് സെക്രട്ടറി കെ പി പ്രകാശനാണു ഫേസ്‌ബുക്കിൽ സിപിഐ(എം) നേതാക്കളെ പേരെടുത്ത് രൂക്ഷമായ വിമർശനം നടത്തുന്നത്. അതേസമയം, ഈ വിഷയവുമായി ബന്ധപ്പെട്ട് പാർട്ടി ചുമതലയുള്ള വ്യക്തി തന്നെ പരസ്യ പ്രതികരണം നടത്തുന്നത് ശരിയല്ലെന്ന് പറഞ്ഞുകൊണ്ട് ഒരു വിഭാഗം അണികളും രംഗത്ത് എത്തിയിട്ടുണ്ട്.

ഒരു കാലത്ത് ഇപിയുടെ തട്ടകം ആയിരുന്നു കൂവോടും കീഴാറ്റൂരും. അവിടെയുള്ള ഒരു പാർട്ടി നേതാവ് തന്നെ ഇത്തരത്തിൽ പ്രതികരണം നടത്തിയത് പാർട്ടി നേതൃത്വത്തിൽ ചർച്ചയായിട്ടുണ്ടെന്നാണു വിവരം. നേരത്തെ കുറ്റിക്കോൽ ബൈപ്പാസ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പിനെതിരെ കീഴാറ്റൂർ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

ഇ പിക്കും ശ്രീമതിക്കുമെതിരായ വിമർശനത്തിന്റെ ഭാഷ കടുത്തതോടെ എതിർചേരി വിമർശനവുമായി രംഗത്തെത്തി. നേതൃസ്ഥാനത്തിരുന്നു തന്നെ ഇത്തരത്തിൽ വിമർശനങ്ങൾ ഉന്നയിക്കരുതെന്നും പറയാനുള്ളതു പാർട്ടി വേദികളിൽ ചൂണ്ടിക്കാണിക്കണമെന്നുമായിരുന്നു എതിർപക്ഷം പറയുന്നത്.

എന്നാൽ, സാധാരണക്കാരനു പാർട്ടിക്കു വേണ്ടി തല്ലുകൊള്ളാൻ മാത്രമാണു വിധിയെന്നും തെറ്റായ നടപടി എടുക്കുന്നവർ കേന്ദ്രകമ്മിറ്റി അംഗങ്ങളുമെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണു പ്രകാശൻ ചെയ്യുന്നത്. 'വെടിയുണ്ട പേറി നടക്കുന്ന കാര്യം പറഞ്ഞ് ഞങ്ങളെയൊക്കെ കുറെ മയക്കിയതാ ചാകണം ഇതുപോലത്തെ നേതാക്കളെ'ന്നും പ്രതികരിച്ചിട്ടുണ്ട്.

'പ്രകാശേട്ടൻ ബ്രാഞ്ച് സെക്രട്ടറി അല്ലെ പാർട്ടി വർഗ്ഗബഹുജനസംഘടനയുടെ ചാർജ് വഹിക്കുന്നില്ലേ.. സോഷ്യൽ മീഡിയയിൽ ആണോ മേൽകമ്മിറ്റിയിലെ അംഗങ്ങളെ പറ്റി ആരോപണം ഉണ്ടെങ്കിൽ ഉന്നയിക്കേണ്ടത്. അതോ മേൽഘടകത്തെ അറിയിക്കുക ആണോ വേണ്ടത്.. അത്‌കൊണ്ട് കാര്യമില്ല എന്നാണെങ്കിൽ പാർട്ടി അംഗത്തിന് അഭിപ്രായ ഭിന്നത മേൽകമ്മിറ്റിയിലോ മുകളിൽ പറഞ്ഞ പ്രകാരമുള്ള കേന്ദ്ര കമ്മിറ്റിവരെ ഉള്ള ഏതു കമ്മിറ്റികളിലും സമർപ്പിക്കാവുന്നതല്ലേ.. പറ്റില്ലേ?' എന്നും ചോദ്യമുയരുന്നുണ്ട്.

നിയമന വിവാദത്തിൽ കടുത്ത നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ രംഗത്തെത്തിയിരുന്നു. വരുന്ന പാർട്ടി സെക്രട്ടറിയറ്റിൽ ഇതുസംബന്ധിച്ച ചർച്ച നടക്കുമ്പോൾ കടുത്ത വിമർശനം തന്നെയാകും ഇ പി ജയരാജനും പി കെ ശ്രീമതിക്കും എതിരെ ഉയരുക എന്നാണു വിവരം.