തിരുവനന്തപുരം: കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് മുൻ മന്ത്രി കെ ബാബുവിന്റെ വിശ്വസ്തനായി എക്‌സൈസ് ആസ്ഥാനത്ത സുപ്രധാന തസ്തികയിൽ തുടർന്ന ഉന്നതൻ തന്നെയാണ് പിണറായി സർക്കാരിന്റെ കാലത്ത് ബ്രൂവറിക്ക് അനുമതി നൽകാൻ ചരടുവലിച്ചതും എന്ന് സൂചന. അപേക്ഷ കിട്ടിയപ്പോൾ തന്നെ സ്വന്തം കാര്യം പോലെ നടപടികൾ വേഗത്തിലാക്കി എക്‌സൈസ് കമ്മീഷണറെ കൊണ്ടു ഒപ്പു വെയ്‌പ്പിച്ചതും ഈ വിദ്വാൻ തന്നെ. എക്‌സൈസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് ഫയലിന്റെ സ്പീഡും ഉന്നത ഉദ്യോഗസ്ഥന്റെ പ്രത്യേക ശ്രദ്ധയും കണ്ടപ്പോൾ തന്നെ സംശയം ഉദിച്ചതാണ്. എന്നാൽ പാർട്ടി താല്പര്യമാണന്ന് ഇതിന് കാരണമെന്ന് അടുത്ത ചില ഉദ്യോഗസ്ഥരോടു ഇയാൾ പറഞ്ഞിരുന്നുവെന്നാണ് വിവരം. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറായ സുരേഷ് ബാബുവാണ് ആരോപണ വിധേയൻ.

എക്‌സൈസ് ആസ്ഥാനത്തെ അബ്കാരി ഡെപ്യൂട്ടി കമ്മീഷണറാണ് സുരേഷ് ബാബു. നയപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത് സൂരേഷ് ബാബുവാണ്. സുരേഷ് ബാബുവിന്റെ ഇടപെടലാണ് ബ്യൂവറി ആരോപങ്ങൾക്ക് പിന്നിലെന്നാണ് ഉയരുന്ന ആക്ഷേപം. എൻക്വയറി അടക്കമുള്ള നടപടിക്രമങ്ങളിൽ ഈ ഉദ്യോഗസ്ഥന്റെ നേരിട്ടുള്ള പങ്കു എക്‌സൈസ് വിജിലൻസിന് സംശയം ജനിപ്പിച്ചതാണ്. എന്നാൽ കമ്മീഷണർ കഴിഞ്ഞാൽ കാര്യങ്ങൾ ചെയ്യാൻ ചുമതലപ്പെട്ട ഉന്നതനെതിരെ എങ്ങനെ റിപ്പോർട്ട്്് നൽകുമെന്നതിനാൽ അവരും കണ്ണടച്ചു.

ഋഷിരാജ് സിങ് എക്‌സൈസ് കമ്മീഷണർ ആയി ചുമതലയേറ്റയുടൻ ആദ്യം എടുത്ത തീരുമാനം യു ഡി എഫ് സർക്കാരിന്റെ കാലം മുതൽ ആസ്ഥാനം ഭരിക്കുന്ന ഈ ഉന്നതനെ പടിക്ക് പുറത്താക്കാനായിരുന്നു. സിംഹം തീരുമാനം എടുക്കും മുൻപ് കാര്യങ്ങൾ മണത്തറിഞ്ഞ ഈ ഉദ്യോഗസ്ഥൻ ആസ്ഥാനത്തെ നിർണായക പോസ്റ്റിൽ തുടരാൻ ശ്രമിച്ചുവെങ്കിലും ഋഷിരാജിനെ പിണക്കണ്ട എന്നു കരുതി ഉന്നതന് പിന്നിലുള്ള നേതാക്കളാരും മിണ്ടിയില്ല. അന്ന് കടുത്ത സമ്മർദ്ദം ഉണ്ടായെങ്കിലും ഋഷിരാജ് സിങ് വഴങ്ങിയില്ല.

അങ്ങനെ പുതിയ കമ്മീഷണറുടെ ഇഷ്ടക്കേടിൽസ്ഥലം മാറി ആയി പോയ ഇദ്ദേഹം അവിടെ ഇരുന്നും ഇവിടെത്തെ കാര്യങ്ങൾ നിയന്ത്രിച്ചു. ആസ്ഥാനത്തെ വിശ്വസ്തരിലൂടെ ബാറുകാരുടെ പ്രശ്നങ്ങളും ലൈസൻസ് ഉൾപ്പെടെയുള്ള പുതുക്കൽ വിഷയങ്ങളിലും ഇടപെട്ടു കൊണ്ടേയിരുന്നു. കൃത്യം നാലു മാസം കഴിയും മൻപ് പഴയ സ്ഥാനത്ത് തന്നെ ഈ വിദ്വാൻ തിരികെ എത്തി. അതിന് ചുക്കാൻ പിടിച്ചതാകട്ടെ ഒ രു സി പി എം ഉന്നതന്റെ മകനും. ചെറുപ്പത്തിൽ തിരുവനന്തപുരത്തെ തന്നെ ഒരു പ്രമുഖ ബാറിലെ ജീവനക്കാരനായിരുന്ന ഈ ഉന്നതന് പ്രമുഖ ബാറുകാരുമായും ബിസിനസുകാരുമായും പോലും നല്ല ബന്ധമാണ്. ഇദ്ദേഹത്തിന് മദ്യലോബിയുമായുള്ള ബന്ധം മനസിലാക്കി തന്നെയാണ് ഋഷിരാജ് സിങ് ഇദ്ദേഹത്തെ എക്സിയിസ് ആസ്ഥാനത്ത് നിന്നു മാറ്റിയത്. ഇടക്ക് ബാറുകാർ തമ്മിൽ തെറ്റി പിരിഞ്ഞപ്പോഴും മധ്യസ്ഥനായത് ഈ ഉദ്യോഗസ്ഥനാണ്.

ബാറുകളിൽ പരിശോധനക്ക് സാമ്പിൾ ശേഖരിക്കുമ്പോൾ എടുക്കുന്ന മദ്യത്തിന്റെ വില നൽകണമെന്ന വിവാദ ഉത്തരവ് എക്‌സൈസ് വകുപ്പ്് ഇറക്കിയതിന് പിന്നിലും ഈ ഉദ്യോഗസ്ഥനായിരുന്നുവെന്നാണ് സഹപ്രവർത്തകർ പറയുന്നത്. വില നൽകി മദ്യ സാമ്പിൾ എടുക്കാൻ ഉദ്യോഗസ്ഥർ മെനക്കെടില്ല എന്നതു കൊണ്ട് തന്നെ ബാറുകളിലെ പരിശോധന കുറയ്ക്കുകയായിരുന്നു ലക്ഷ്യമെന്നും പറയപ്പെടുന്നു. ബാറിലെ ജോലിയിൽനിന്നും പൊലീസ് കുപ്പായത്തിലെത്തി വർഷങ്ങൾ കഴിഞ്ഞ ശേഷമാണ് കൊല്ലം ജില്ലക്കാരനായ ഇദ്ദേഹം എക്‌സൈസിൽ എത്തുന്നത്. എക്സയിൽ ഇൻസ്പെക്ടർ റാങ്കിലായിരുന്നു ആദ്യ നിയമനം. പിന്നീട് കേരളത്തിന്റെ പല ഭാഗങ്ങളിൽ ജോലി ചെയ്തിരുന്നപ്പോഴും ബാറുകാരുടെ ഇഷ്ട ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം.

ഒരു വർഷം മുൻപ് ഋഷിരാജ് സിങ് തന്റെ മകന്റെ വിവാഹത്തിനായി ഉത്തരേന്ത്യയിലേക്ക് പോയപ്പോൾ കമ്മീഷണറുടെ ചുമതല ആർക്കും നൽകിയിരുന്നില്ല. അതു കൊണ്ട്് തന്നെ എറണാകുളത്ത്് നിന്നും തിരികെ എത്തിയ ഈ ഉദ്യോഗസ്ഥന് താൽപര്യങ്ങൾ അനുസരിച്ച ്കാര്യങ്ങൾ ചെയ്യാൻ കഴിയാതെ വന്നു. ഇതേ തുടർന്ന് മന്ത്രി ഓഫീസിൽ സമ്മർദ്ദം ചെലുത്തി നേരത്തെ ആരോപണ വിധേയനായ ഉദ്യോഗസ്ഥന് കമ്മീഷണറുടെ ചാർജ്ജ്് നൽകിപ്പിച്ചു. ആർക്കും ചുമതലനൽകാതെ നാട്ടിൽ പോയ ഋഷിരാജ് സിംഗിനെ പോലും ഈ തീരുമാനം ഞെട്ടിച്ചു.ഒടുവിൽ മുഖ്യമന്ത്രിയെ സിംഹം അതൃപ്തി അറിയിച്ചുവെങ്കിലും പിന്നീട് ഇരു ചെവിയറിയാതെ സിംഹത്തെ തണുപ്പിച്ച്് പ്രശ്നം അവസാനിപ്പിച്ചു.

രണ്ടു വർഷം മുൻപ് ഈ ഉന്നതൻ ഒരു വെളുപ്പാൻ കാലത്ത് നടക്കാനിറങ്ങിയ കെ ബി ഗണേശ്‌കുമാർ എം എൽ എ യെ മദ്യപിച്ചു വാഹനം ഓടിച്ചു അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. അതിരാവിലെ നടക്കാനിറങ്ങിയ എം എൽ എ തലനാരിഴക്കാണ് അന്ന് രക്ഷപ്പെട്ടത്. ഒടുവിൽ മണ്ണന്തല പൊലീസ് ഈ ഉദ്യോഗസ്ഥനെ പിടികൂടിയെങ്കിലും ഉന്നത സമ്മർദ്ദത്താൽ കേസെടുക്കാതെ വിട്ടയച്ചിരുന്നു. അന്നത്തെ ചില പത്രങ്ങൾ ഇത് വാർത്തയാക്കിയിരുന്നു. എക്‌സൈസ് ഓഫീസർമാരുടെ സംഘടനയുടെ മുൻ പ്രസിഡന്റ് കൂടിയായ ഈ ഉദ്യോഗസ്ഥൻ വീണ്ടു സംഘടനയെ ചൊൽപ്പടിയിലാക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്.