ജിദ്ദ: സൂപ്പർ ക്ലാസിക്കോയിൽ ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ അർജന്റീനയെ ഒരു ഗോളിന് തോൽപ്പിച്ച് ബ്രസീൽ. ഇൻജറി സമയത്ത് മിറാൻഡ നേടിയ ഉജ്വല ഗോളിൽ അർജന്റീനയെ ബ്രസീൽ വീഴ്‌ത്തിയത്.നെയ്മർ ബോക്‌സിലേക്കു മറിച്ചു നൽകിയ പന്താണ് ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന്റെ താരമായ മിറാൻഡ (90+3') വലയിലെത്തിച്ചത്. അനേകം മലയാളി ഫുട്‌ബോൾ പ്രേമികളാണ് ക്ലാസിക് പോരാട്ടം കാണാൻ ജിദ്ദയിലെ കിങ് അബ്ദുള്ള സ്റ്റേഡിയത്തിലുണ്ടായിരുന്നത്.

ബ്രസീലിനായിരുന്നു ആദ്യ പകുതിയിൽ മുൻതൂക്കം. മെസ്സിയില്ലാത്ത അർജന്റീന നിരയിലേറെയും പുതുമുഖങ്ങൾ. ബോക്‌സിലേക്ക് പലതവണ നെയ്മറും ഫിർമിനോയും ജീസസും പന്തുമായെത്തിയെങ്കിലും ഗോൾ വീണില്ല. നെയ്മറെ തടുക്കാൻ അർജന്റീന പ്രതിരോധം പാടുപെട്ടു. ഇതിനിടെ 18ാം മിനിറ്റിൽ നെയ്മറെ ഫൗൾ ചെയ്തതിന് അർജന്റീനയുടെ പരെദേസ് മഞ്ഞക്കാർഡും കണ്ടു. 28ാം മിനിറ്റിൽ ബോക്‌സിലേക്ക് കാസെമിറോ ഉയർത്തിവിട്ട പന്ത് കണക്ട് ചെയ്ത മിറാൻഡയുടെ ഷോട്ട് അർജന്റീന ഗോൾ കീപ്പർ സെർജിയോ റൊമേറോയെ കീഴ്‌പ്പെടുത്തിയെങ്കിലും ഗോൾ ലൈനിൽവച്ച് നിക്ലാസ് ഒട്ടമെൻഡി പന്തു ഹെഡ് ചെയ്തകറ്റി.

പിന്നാലെ, ബ്രസീൽ ബോക്‌സിനു പുറത്തു ലഭിച്ച ഫ്രീകിക്ക് മുതലാക്കാൻ അർജന്റീനയ്ക്കുമായില്ല. ഡിബാലയുടെ ഷോട്ട് പോസ്റ്റിനു മുകളിലൂടെ പുറത്തേക്കാണു പറന്നത്. രണ്ടാം പകുതിയിൽ മൗറോ ഇകാർഡിയുടെയും ഏയ്ഞ്ചൽ കൊറീയയുടെയും തുടർ മുന്നേറ്റങ്ങളിലൂടെ അർജന്റീന കളി പിടിച്ചു. 66ാ മിനിറ്റിൽ, മുൻപു തന്നെ വീഴ്‌ത്തിയ പരെദേസിനെ തിരിച്ചു ഫൗൾ ചെയ്ത നെയ്മറിനും മഞ്ഞക്കാർഡ് ലഭിച്ചു. ഇതിനിടെ ബ്രസീൽ താരം അർതറിന്റെ ഗോളെന്നുറച്ച വോളി ഷോട്ട് റൊമേറോ തട്ടിയകറ്റി . എന്നാൽ, കളി സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ സമയത്താണ് മിറാൻഡ ഗോളിൽ കാനറികൾ ജയം പിടിച്ചത്.