മസാചുസെറ്റ്സ്: ലോകകപ്പിനു ശേഷം കാൽപ്പന്തുവേദിയിൽ മറ്റൊരു ബ്രസീൽ ദുരന്തം കൂടി. കോപ്പ അമേരിക്ക ചരിത്രത്തിൽ 1987നുശേഷം ആദ്യമായി ഗ്രൂപ്പു ഘട്ടത്തിൽ പുറത്താകുന്നുവെന്ന നാണക്കേടുകൂടി ബ്രസീലിന്റെ ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെട്ടു.

മറഡോണ നേടിയ 'ദൈവത്തിന്റെ കൈ' കൊണ്ടുള്ള ഗോളിനെ ഓർമിപ്പിച്ചു പെറുവാണു മുൻ ചാമ്പ്യന്മാരെ അട്ടിമറിച്ചത്. എഴുപത്തിയഞ്ചാം മിനിറ്റിൽ കൈകൊണ്ട് തട്ടി റൗൾ റ്യുയിഡാസ് നേടിയ വിവാദ ഗോളിനാണു പെറുവിനോട് തോറ്റ മഞ്ഞപ്പട ക്വാർട്ടർകാണാതെ പുറത്തായത്.

കളിയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ബ്രസീലിനെ നിശബ്ദരാക്കി വിവാദ ഗോൾ റഫറി അനുവദിക്കുകയായിരുന്നു. ബ്രസീൽ താരങ്ങൾ ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചെങ്കിലും റഫറി തീരുമാനത്തിൽ ഉറച്ചുനിന്നു.

വിവാദജയത്തോടെ ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരായി പെറു ക്വാർട്ടറിലെത്തി. 1985നുശേഷം മൂന്ന് പതിറ്റാണ്ടു കഴിഞ്ഞാണ് പെറു ബ്രസീലിനെതിരെ കോപ്പയിൽ ഒരു ജയം നേടുന്നത്. സ്വന്തം മണ്ണിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ ജർമനിയോടേറ്റ ഏഴ് ഗോൾ തോൽവിക്കുശേഷം ബ്രസീൽ നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണിത്.

ബ്രസീലിനെതിരായ ജയത്തോടെ ഗ്രൂപ്പ് ബി ചാമ്പ്യന്മാരായ പെറുവിന്റെ ക്വാർട്ടർ എതിരാളികൾ എ ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാരായ കൊളംബിയയാണ്. ഹെയ്തിയെ തകർത്തുവിട്ട ഇക്വഡോർ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ അമേരിക്കയെ ക്വാർട്ടറിൽ നേരിടും.

ഹെയ്തിയെ തകർത്തു തരിപ്പണമാക്കി ഇക്വഡോർ

ബ്രസീൽ കരഞ്ഞപ്പോൾ ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ ഇക്വഡോറിനു മിന്നും ജയം. ഹെയ്തിയെ മടക്കമില്ലാത്ത നാല് ഗോളിനാണ് ഇക്വഡോർ തകർത്തത്. ഈ ജയത്തോടെ ബ്രസീൽ - പെറു മത്സരത്തിനു മുമ്പു തന്നെ ഇക്വഡോർ ക്വാർട്ടർ ഉറപ്പിച്ചു. ആദ്യ മത്സരത്തിൽ ബ്രസീലിനോടും രണ്ടാം മത്സരത്തിൽ പെറുവിനോടും ഇക്വഡോർ സമനില വഴങ്ങിയിരുന്നു. ഹെയ്തി രണ്ടാം മത്സരത്തിൽ ബ്രസീലിനോട് (7-1) ദയനീയമായി തോൽക്കുകയായിരുന്നു.

പതിനൊന്നാം മിനിറ്റിൽ എന്നർ വലെൻസിയയാണ് ഇക്വഡോറിന്റെ സ്‌കോറിങ്ങിന് തുടക്കമിട്ടത്. 20-ാം മിനിറ്റിൽ ജെയ്മി അയോവി ലീഡുയർത്തി. 57-ാം മിനിറ്റിൽ ക്രിസ്റ്റിയൻ നൊബോവൊയും 78-ാം മിനിറ്റിൽ അന്റോണിയോ വലെൻസിയയും വല ചലിപ്പിച്ചു.

നാളത്തെ മത്സരങ്ങൾ

ഗ്രൂപ്പ് സിയിൽ നാളെ മെക്‌സിക്കോയും ഇക്വഡോറും ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാവിലെ 5.30നാണു മത്സരം. ടൂർണമെന്റിൽ നിന്നു പുറത്തായ ഉറുഗ്വേയും ജമൈക്കയും തമ്മിലുള്ള മത്സരം 7.30നു നടക്കും.