ജിദ്ദ: സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇന്ന് ലാറ്റിനമേരിക്കൻ വമ്പന്മാർ നേർക്കുനേർ. ഏഷ്യ വേദിയാവുന്ന ലാറ്റിനമേരിക്കൻ ക്ലാസിക്കോയിൽ മുൻ ലോക ചാമ്പ്യന്മാരായ ബ്രസീലും അർജന്റീനയും ഏറ്റുമുട്ടും. സൗദി അറേബ്യയിലെ കിങ് അബ്ദുള്ള സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 11.30നാണ് മത്സരം.

നെയ്മറും കുട്ടീഞ്ഞോയും ജീസസും അടക്കമുള്ള പ്രമുഖരുമായാണ് ബ്രസീൽ ഇറങ്ങുന്നത്. തിയാഗോ സിൽവ, വില്യാൻ, പൗളീഞ്ഞോ, ഫെർണാണ്ടീഞ്ഞോ എന്നീ സ്ഥിരം സാന്നിധ്യങ്ങൾ ടിറ്റെയുടെ സ്‌ക്വാഡിലില്ല. എന്നാൽ മുഖംമിനുക്കി യുവതലമുറയുടെ കരുത്തുമായാണ് അർജന്റീനയെത്തുന്നത്. ലയണൽമെസി, അഗ്യൂറോ, ഹിഗ്വെയിൻ, ഡിമരിയ, തുടങ്ങിയ സീനിയർ താരങ്ങളെ ഒഴിവാക്കിയ കോച്ച് ലയണൽ സ്‌കളോണിയുടെ പ്രതീക്ഷ യുവരക്തത്തിലാണ്. യുവന്റസ് താരം ഡിബാല, നിക്കോളസ് ഒറ്‌മെൻഡി, ഗോൾകീപ്പർ സെർജിയോ റൊമീറോ തുടങ്ങിയവരാണ് ടീമിലെ പരിചയ സമ്പന്നർ. കൂടാതെ ഇന്റർ മിലാൻ താരം മൗറോ ഇക്കാർഡിയും ടീമിന് കരുത്താകും.

പുതുമുഖങ്ങളായ ലോട്ടറോ മാർട്ടിനസ്, ജിയോവനി സിമിയോണ, ലിയാൻഡ്രോ പരെഡസ്, എഡ്വേഡോ സാൽവിയോ, തുടങ്ങിയ താരങ്ങളെ പരിശീലകൻ ബ്രസീലിനെതിരേയും പരീക്ഷിച്ചേക്കും. ഗ്വാട്ടിമാലയേയും ഇറാഖിനേയും കീഴടക്കിയ അർജന്റീന യുവരക്തം പക്ഷെ കൊളംബിയയോട് സമനില വഴങ്ങി.

2019 കോപ്പ അമേരിക്കയ്ക്ക് മുമ്പുള്ള റിഹേഴ്‌സലാണ് ഇരുടീമുകൾക്കും ഇന്നത്തെ മത്സരം. അതുകൊണ്ട് തന്നെ നൂറ്റാണ്ടിന്റെ വൈര്യം ഗ്രൗണ്ടിലെത്തുമ്പോൾ ജിദ്ദയിൽ തീപാറുമെന്നുറപ്പാണ്. സൗദിയെ രണ്ട് ഗോളുകൾക്ക് തൂത്തെറിഞ്ഞ് ബ്രസീലും തയ്യാറെടുപ്പ് ഉശാറാക്കി. ഫിഫയുടെ കണക്കനുസരിച്ച് ഇത് 105-ാം തവണയാണ് ലാറ്റിനമേരിക്കൻ ശക്തികൾ നേർക്കുനേർ വരുന്നത്. 40 എണ്ണത്തിൽ ബ്രസീലും 38 മത്സരങ്ങളിൽ അർജന്റീനയും വിജയിച്ചു. ഇരുപത്തിയാറ് മത്സരങ്ങൾ സമനിലയിലായി.