റിയോ ഡി ജനീറോ: അമേരിക്കയും ഗ്വാട്ടിമാലയും ഇസ്രയേലിൽ നിന്നുള്ള എംബസി മാറ്റിയതിന് പിന്നാലെ ടെൽ അവീവിലുള്ള എംബസി ജറുസലേമിലേക്ക് മാറ്റാൻ ബ്രസീൽ. അടുത്തിടെ അധികാരമേറ്റ ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയാാണ് തീരുമാനം അറിയിച്ചത്. ഫലസ്തീൻ നിലപാടു തള്ളി, ജറുസലമിൽ ഇസ്രയേലിന്റെ അവകാശം അംഗീകരിക്കുന്ന നീക്കം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചുവടുപിടിച്ചാണ്.

പ്രഖ്യാപനം അറിയിച്ചതിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ബൊൽസൊനാരോയെ പ്രശംസിച്ചു രംഗത്തെത്തി. ബൊൽസൊനാരോ ബ്രസീൽ പ്രസിഡന്റായിട്ട് ഒരാഴ്ച തികഞ്ഞിട്ടില്ല.'ബ്രസീലിന്റെ ട്രംപ്' എന്നറിയപ്പെടുന്ന ബൊൽസൊനാരോ തിരഞ്ഞെടുപ്പു കാലത്തു വാഗ്ദാനം ചെയ്തിരുന്നതാണ് എംബസി മാറ്റം.

ഇതേ അവസരത്തിലാണ് ബ്രസീൽ രാഷ്ട്രീയം കലക്കിമറിച്ച പെട്രോബാസ് എണ്ണക്കമ്പനി അഴിമതിക്കേസിൽ അന്വേഷണം നടത്തിയ ജഡ്ജി സെർജിയോ മൊറോയെ പ്രസിഡന്റ് പുതിയ നീതിന്യായ മന്ത്രിയായി നിയമിച്ചത്. അഴിമതിക്കേസിൽ മുൻ പ്രസിഡന്റ് ലുല ഡസിൽവയ്ക്കു 12 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചതു മൊറോയാണ്.