കോഴിക്കോട്: നഗരത്തിലെത്തിയ ബ്രസീൽ ഫുട്ബാൾ താരം റൊണാൾഡിന്യോ അപകടത്തിൽ നിന്ന് ആൽഭുതകരമായി രക്ഷപ്പെട്ടു. നടക്കാവ് ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റൊണാൾഡിന്യോയുടെ വാഹനം മുന്നോട്ട് പോകുമ്പോൾ തൊട്ടുമുമ്പിൽ ട്രാഫിക് സിഗ്നൽ വീഴുകയായിരുന്നു.

സ്‌കൂളിന് മുന്നിലെ ട്രാഫിക് സിഗ്‌നൽ റൊണാൾഡിന്യോ കയറിയ കാറിനും മുന്നിലുള്ള പൊലീസ് ജീപ്പിനും ഇടയിലേക്ക് വീഴുകയായിരുന്നു. താരത്തെ കാണാനെത്തിയ ആരാധകരുടെ തിക്കിലും തിരക്കിലുമാണ് ട്രാഫിക് സിഗ്‌നൽ മറിഞ്ഞുവീണത്. അപകടത്തിൽ ആർക്കും പരിക്കില്ല.ഏറെക്കാലത്തിനുശേഷം പുനരാരംഭിക്കുന്ന സേട്ട് നാഗ്ജി ഫുട്ബാൾ ടൂർണമെന്റിന്റെ ട്രോഫി കൈമാറ്റത്തിനായി ഇന്നലെയാണ് റൊണാൾഡിന്യോ കോഴിക്കോട്ട് എത്തിയത്.

വൈകീട്ട് നടന്ന പരിപാടിയിൽ നാഗ്ജി കുടുംബത്തിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി ടൂർണമെന്റിന്റെ സംഘാടകരായ കെ.ഡി.എഫ്.എ, മൊണ്ട്യാൽ ഭാരവാഹികൾക്കാണ് റൊണാൾഡിന്യോ കൈമാറിയത്. ഇന്നലെ രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം അവിടെ നിന്ന് ചാർട്ടേർഡ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തുകയായിരുന്നു. ജില്ലാ ഫുട്ബാൾ അസോസിയേഷന്റെയും മോണ്ടിയാൽ സ്‌പോർട്‌സിന്റെയും ആഭിമുഖ്യത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് കാർമാർഗം കോഴിക്കോട്ടെത്തി.

വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ഉജ്വലസ്വീകരണമാണ് നഗരം നൽകിയത്. സേട്ട് നാഗ്ജി ട്രോഫി ചടങ്ങിൽ നാഗ്ജിയുടെ കുടുംബാംഗങ്ങൾ അദ്ദേഹത്തിന് കൈമാറി. റൊണാൾഡിന്യോ കെഡിഎഫ്എ ഭാരവാഹികൾക്കും അവർ മുഖ്യസംഘാടകരായ മോണ്ടിയാൽ സ്പോർട്സ് ലിമിറ്റഡിനും ട്രോഫി കൈമാറി. കടപ്പുറത്ത് തടിച്ചുകൂടിയ ആരാധകരെ അഭിവാദ്യം ചെയ്യാനും റൊണാൾഡിന്യോ മറന്നില്ല.

ഇന്ന് രാവിലെ 11 മണിയോടെ കരിപ്പൂരിലെത്തി കൊച്ചി വഴി അദ്ദേഹം ദുബായിലേക്ക് മടങ്ങും. ഇതിനിടെയാണ് സിഗ്നൽ ലൈറ്റ് വീണ് ആശങ്കയുണ്ടായത്.